കോഴിക്കോട്- ആവിക്കല്‍തോട് ശുചിമുറി മാലിന്യ സംസ്‌കരണ പ്ലാന്റ് വിഷയത്തില്‍ വിവാദ പരാമര്‍ശവുമായി കോഴിക്കോട് കോര്‍പറേഷന്‍ ഡെപ്യൂട്ടി മേയര്‍ സി.പി മുസാഫിര്‍ അഹമ്മദ്. പ്ലാന്റിനെതിരായ സമരത്തിന് പിന്നില്‍ മുസ്‌ലിം മത തീവ്രവാദികളുമുണ്ടായിരുന്നെന്നായിരുന്നു കൗണ്‍സില്‍ യോഗത്തിലെ പരാമര്‍ശം. പ്ലാന്റ് നിര്‍മാണവുമായി കോര്‍പറേഷന്‍ മുന്നോട്ടു പോകുമെന്നും സി.പി മുസാഫിര്‍ അഹമ്മദ് വ്യക്തമാക്കി.
ആവിക്കല്‍തോട് കോതി ശുചി മുറി മാലിന്യ സംസ്‌കരണ പ്ലാന്റുമായി മുന്നോട്ടു പോകുമെന്ന നിലപാട് കോര്‍പറേഷന്‍ കൗണ്‍സിലിലാണ് ഡപ്യൂട്ടി മേയര്‍ ആവര്‍ത്തിച്ചത്. ജനകീയ പ്രതിഷേധത്തിന് പിന്നാലെ പ്രദേശവാസികളുടെ ആശങ്ക ഇല്ലാതാക്കിയിട്ടേ പദ്ധതിയില്‍ തുടര്‍ നടപടിയുണ്ടാകൂവെന്ന നിലപാടാണ് കോര്‍പറേഷന്‍ ഇപ്പോള്‍ കടുപ്പിച്ചത്. ആവിക്കലെയും കോതിയിലെയും പ്രതിഷേധത്തില്‍ മുസ്‌ലിം മത തീവ്രവാദികള്‍ ഉണ്ടായിരുന്നെന്നും കോണ്‍ഗ്രസും ലീഗും ഈ സമരം ആളിക്കത്തിക്കാന്‍ ശ്രമിച്ചെന്നും സിപി മുസാഫിര്‍ അഹമ്മദ് കൗണ്‍സില്‍ യോഗത്തില്‍ പറഞ്ഞു.
ഡപ്യൂട്ടി മേയറുടെ പരാമര്‍ശത്തിനെതിരെ സ്ഥലം കൗണ്‍സിലറടക്കം യോഗത്തില്‍ പ്രതിഷേധമുയര്‍ത്തി. പ്ലാന്റിനെതിരായ സമരം ശക്തമായ സമയത്തും തീവ്രവാദികള്‍ ഈ സമരത്തിലുണ്ടെന്ന് സിപിഎം നേതാക്കള്‍ പറഞ്ഞിരുന്നു. അന്നത് വലിയ പ്രതിഷേധത്തിനാണ് വഴിവച്ചത്. പ്രദേശത്ത് ശുചിമുറി പ്ലാന്റ് നിര്‍മാണത്തിനായുള്ള ടെണ്ടര്‍ നടപടികള്‍ പ്രാരംഭ ഘട്ടത്തിലാണ്