Sorry, you need to enable JavaScript to visit this website.

കേന്ദ്രബജറ്റ്: വായ്പയിൽ കേരളത്തിന് പ്രതീക്ഷ

കൊച്ചി- കേന്ദ്രസർക്കാരിന്റെ ഇടക്കാല ബജറ്റിനോട് കേരളത്തിലെ രാഷ്ട്രീയ,സാമ്പത്തിക മേഖലകളിൽ സമ്മിശ്ര പ്രതികരണം. സംസ്ഥാന സർക്കാരുകൾക്ക് വായ്പ അനുവദിക്കുമെന്ന ബജറ്റ് നിർദേശം കേരളത്തിന് ഗുണകരമാകുമെന്ന് പൊതുവെ വിലയിരുത്തപ്പെടുന്നു.അതേസമയം, ജനങ്ങളുടെ പ്രശ്‌നങ്ങളെ കാണാത്ത ബജറ്റാണിതെന്ന് വിമർശനവുമായി
ആരോഗ്യമേഖലക്ക് വിഹിതം കൂട്ടാത്തത് നിരാശയുണ്ടാക്കുന്നതാണെന്ന്  ആസ്റ്റർ ഡിഎം ഹെൽത്ത് കെയർ ചെയർമാൻ ഡോക്ടർ ആസാദ് മൂപ്പൻ പ്രതികരിച്ചു. ആരോഗ്യമേഖലയിൽ ജി.ഡി.പി വിഹിതം അഞ്ചു ശതമാനമായി ഉയരുമെന്ന് പ്രതീക്ഷിച്ചിരുന്നു. അതുണ്ടായില്ല. വർധിച്ചുവരുന്ന ആവശ്യം നിറവേറ്റുന്നതിന് രാജ്യത്തെ എല്ലാ ജില്ലകളിലും കൂടുതൽ ആശുപത്രികൾ ആരംഭിക്കേണ്ടതിന്റെ ആവശ്യകത സർക്കാർ തിരിച്ചറിഞ്ഞതിൽ സന്തോഷമുണ്ട്. ഇത് പരിഹരിക്കുന്നതിന് പൊതുസ്വകാര്യ പങ്കാളിത്തത്തിൽ (പി.പി.പി) സർക്കാർ ശ്രദ്ധ കേന്ദ്രീകരിക്കുകയാണ് വേണ്ടത്. എല്ലാ മാതൃശിശു ആരോഗ്യ സംരക്ഷണവും ഒരു പദ്ധതിക്ക് കീഴിൽ കൊണ്ടുവരുമ്പോൾ പിപിപി മോഡൽ അത്യന്താപേക്ഷിതമായി വരുമെന്നും ആസാദ് മൂപ്പൻ പറഞ്ഞു. 
ഇന്ദ്രധനുഷ് മിഷന് കീഴിലുള്ള കുട്ടികൾക്കും ഗർഭാശയ അർബുദത്തിന് പെൺകുട്ടികൾക്കും പ്രതിരോധ കുത്തിവെയ്പ്പ് നൽകുന്നതിനുള്ള ശക്തമായ പ്രേരണ രാജ്യത്ത് പ്രതിരോധ പരിചരണ നടപടികൾ ശക്തിപ്പെടുത്തുന്നതിന് വളരെയധികം സഹായിക്കും. സാംക്രമികവും സാംക്രമികമല്ലാത്തതുമായ രോഗങ്ങളുടെ വ്യാപ്തി കുറക്കാനും ഇത് സഹായിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
പൊള്ളയായ അവകാശവാദങ്ങളും അസത്യ പ്രസ്താവനകളുമായി ഇടക്കാല ബജറ്റ് വെറും വാചകക്കസർത്ത് മാത്രമായി മാറിയതായി സി.പി.എം രാജ്യസഭാ കക്ഷി നേതാവ് എളമരം കരീം എം.പി പറഞ്ഞു. രാജ്യം നേരിടുന്ന വെല്ലുവിളികളെ അതിജീവിക്കാൻ കൃത്യമായ ഒരു പദ്ധതിയും ബജറ്റിലില്ല. സാധാരണജനങ്ങളെ ദുരിതത്തിൽ നിന്നും ദുരിതത്തിലേക്ക് തള്ളിവിട്ട ഒരു പതിറ്റാണ്ടാണ് കടന്നുപോയത്.നങ്ങളുടെ കയ്യിൽ പണമെത്തിക്കാനോ തൊഴിൽ നൽകാനോ ഉതകുന്ന ഒരു പദ്ധതിയും കഴിഞ്ഞ പത്തുവർഷത്തിൽ പ്രഖ്യാപിച്ചിട്ടില്ല. നേരെ മറിച്ച് മഹാത്മാഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ ഉൾപ്പെടെ ഫണ്ട് വർഷം തോറും വെട്ടിക്കുറക്കുക മാത്രമാണ് ബി.ജെ.പി ചെയ്തുകൊണ്ടിരുന്നത്. സ്വകാര്യ മേഖലക്ക് തന്നെയാണ് ഈ ഇടക്കാല ബജറ്റിലും പ്രാധാന്യം നൽകിയിരിക്കുന്നത്.ബജറ്റ് പ്രസംഗത്തിൽ ഒരിടത്തും തൊഴിലാളി എന്ന വാക്കോ പാവപ്പെട്ട തൊഴിലാളികളെ സഹായിക്കാൻ ഉതകുന്ന പ്രഖ്യാപനങ്ങളോ ഇല്ല. കഴിഞ്ഞ പത്തു വർഷങ്ങളിലായി കോർപറേറ്റ് നികുതിയിൽ വൻ തോതിലുള്ള കുറവാണ് വരുത്തിക്കൊണ്ടിരിക്കുന്നത്. അത് ഈ ബജറ്റിലും തുടർന്നിട്ടുണ്ട് -അദ്ദേഹം പറഞ്ഞു.
സംസ്ഥാനങ്ങൾക്ക് മികച്ച പരിഗണന നൽകുന്ന ബജറ്റാണ് ഇതെന്നും പ്രയോജനപ്പെടുത്താൻ കേരളത്തിനാവണമെന്നും കേന്ദ്രമന്ത്രി വി.മുരളീധരൻ പറഞ്ഞു.അടിസ്ഥാനസൗകര്യ വികസനത്തിന് പലിശരഹിത വായ്പ തുടരുമെന്ന കേന്ദ്രബജറ്റിലെ പ്രഖ്യാപനം കേരളത്തിനടക്കം വലിയ പ്രയോജനം ചെയ്യും.പാർപ്പിടം, വൈദ്യുതി തുടങ്ങി ജനങ്ങളുടെ അടിസ്ഥാന ആവശ്യങ്ങൾക്ക് ബജറ്റ് മുൻഗണന നൽകിയെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. 
കേരളത്തിന്റെ റെയിൽവെ വികസനത്തിന് വകയിരുത്തിയ 2744 കോടി ഫലപ്രദമായി വിനിയോഗിക്കാൻ സംസ്ഥാനം കേന്ദ്രസർക്കാരിനോട് സഹകരിക്കണമെന്ന് മുരളീധരൻ ആവശ്യപ്പെട്ടു.വിനോദസഞ്ചാരമേഖലക്ക് നൽകുന്ന ഊന്നലും കേരളത്തിന് വേണ്ട രീതിയിൽ പ്രയോജനപ്പെടുത്താനാവണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. 
കേരളത്തെ പൂർണ്ണമായും തഴഞ്ഞതാണ് ഈ ബജറ്റെന്നും കേരളത്തിന്റെ ദീർഘകാലമായുള്ള ആവശ്യങ്ങളൊന്നും പരിഗണിച്ചില്ലെന്നും എ.എം ആരിഫ് എം.പി പറഞ്ഞു. രാജ്യം 2.5 ലക്ഷം കോടിയുടെ വിദേശ വായ്പയിൽ അകപ്പെട്ടിരിക്കുകയാണ്. ബി.ജെ.പി വീണ്ടും അധികാരത്തിൽ വന്നാൽ ജനങ്ങളുടെ മേൽ അധികം നികുതി അടിച്ചേൽപ്പിക്കാൻ സാധ്യതയുള്ള ഒരു മുൻകൂർ ബജറ്റാണിതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ബജറ്റിൽ പ്രഖ്യാപിക്കപ്പെട്ട അക്വാപാർക്ക്, റെയിൽവേ ഇടനാഴികൾ, പുതിയ മെഡിക്കൽ കോളേജുകൾ ഒന്നും തന്നെ കേരളത്തിൽ പരിഗണിക്കാൻ സാധ്യതയില്ല, പാചകവാതക, പെട്രോൾ, ഡീസൽ വിലവർദ്ധനവ് കാരണം നടുവൊടിഞ്ഞ സാധാരണ ജനങ്ങളുടെ അവസ്ഥ മനസ്സിലാക്കാൻ കേന്ദ്രസർക്കാർ തയ്യാറായില്ലെന്നും മത്സ്യത്തൊഴിലാളികൾ ആശങ്കയോടെ കാണുന്ന ബ്ലു എക്കണോമി തീരദേശ മേഖലയിലെ സംഘടനകളുടെയും ജനപ്രതിനിധികളുടെയും അഭിപ്രായം തേടാതെ നടപ്പിലാക്കാൻ നോക്കിയാൽ ശക്തമായ പ്രതിഷേധം ഉണ്ടാകുമെന്നും എം.പി പ്രസ്താവനയിൽ പറഞ്ഞു.
ജനപ്രിയമാകാൻ ശ്രമിക്കാതെ സാമ്പത്തിക വളർച്ചക്കും വികസനത്തിനും ഊന്നൽ നൽകുന്നു എന്നതാണ് ധനമന്ത്രി നിർമലാ സീതാരാമൻ അവതരിപ്പിച്ച ഇടക്കാല ബജറ്റിന്റെ മുഖമുദ്രയെന്ന് പ്രമുഖ സാമ്പത്തിക സേവന കമ്പനിയായ ജിയോജിത് ഫിനാൻഷ്യൻ സർവ്വീസസ് ചീഫ് ഇൻവെസ്റ്റ്‌മെന്റ് സ്ട്രാറ്റജിസ്റ്റ് ഡോ.വി.കെ.വിജയകുമാർ നിരീക്ഷിച്ചു.സ്ഥിരതയോടു കൂടിയ സാമ്പത്തിക വളർച്ചക്കാണ് സർക്കാർ മുൻഗണന നൽകിയിരിക്കുന്നത്.ധനക്കമ്മി ലക്ഷ്യം 5.1 ശതമാനത്തിൽ നിർത്തിയത് സർക്കാർ ധനകാര്യ അച്ചടക്കത്തിന് നൽകുന്ന ഊന്നലാണ് പ്രതിഫലിപ്പിക്കുന്നത്. 
അടുത്ത അഞ്ച് വർഷങ്ങളിൽ ഗ്രാമീണ മേഖലയിൽ രണ്ടു കോടി വീടുകൾ നിർമിക്കുമെന്നത് നിർമാണ വ്യവസായത്തിന് ഏറെ ഗുണകരമാണ്. കെട്ടിട നിർമാണം തൊഴിലവസരങ്ങളുണ്ടാക്കുമെന്നതിനാൽ ഇത് വൻതോതിൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കാൻ കെൽപുള്ള നിർദേശമാണ്.തെരഞ്ഞെടുപ്പിന് ശേഷം വരുന്ന സർക്കാരിന്റെ പൂർണ ബജറ്റിൽ നികുതി ഘടനയിൽ മാറ്റങ്ങൾ പ്രതീക്ഷിക്കാവുന്നതാണ്-അദ്ദേഹം പറഞ്ഞു. 

Latest News