ചോ: കോവിഡ് കാലത്ത് റീ എൻട്രിയിൽ പോയ എനിക്ക് തിരിച്ചു വരാൻ കഴിഞ്ഞിരുന്നില്ല. സൗദിയിൽനിന്ന് പോരുംനേരം ഞാൻ ഉപയോഗിച്ചിരുന്ന കാർ റോഡു വക്കിൽ പാർക്ക് ചെയ്തിട്ടാണ് പോന്നത്. റീ എൻട്രി നിയമം പരിഷ്‌കരിച്ച സാഹചര്യത്തിൽ പുതിയ വിസയിൽ സൗദിയിലെത്തി എന്റെ പഴയ കാർ കൈമാറ്റം നടത്താൻ സാധിക്കുമോ?
ഉ: പുതിയ നിയമ പ്രകാരം നിങ്ങൾക്ക് ഇപ്പോൾ സൗദിയിലെത്തുന്നതിന് ഒരു തടസവുമില്ല. ഏതു വിസയിലും നിങ്ങൾക്കു സൗദിയിൽ വരാം. രാജ്യത്തു പ്രവേശിച്ചശേഷം കാർ നിങ്ങൾക്കു കൈമാറ്റം ചെയ്യുകയുമാവാം. കാറിന്റെ ഉടമസ്ഥാവകാശത്തിന്റെ (ഇസ്തിമാറ) കാലാവധി കഴിഞ്ഞിട്ടുണ്ടെങ്കിൽ അതു പുതുക്കേണ്ടിവരും. അതിനു ശേഷം വാഹനം മറ്റൊരാൾക്കു വിൽക്കുകയോ, കൈമാറുകയോ ചെയ്യാം.
2014 മാർച്ച് വരെ ഉപയോഗശൂന്യമായ കാറുകളുടെ ഉടമസ്ഥാവകാശം പിഴയും മറ്റു നടപടിക്രമങ്ങളുമില്ലാതെ റദ്ദാക്കുന്നതിന് സർക്കാർ ആംനസ്റ്റി പ്രഖ്യാപിച്ചിട്ടുണ്ട്. നിങ്ങളുടെ കാർ ഉപയോഗശൂന്യമായ അവസ്ഥയിലാണെങ്കിൽ ഈ ആനുകൂല്യം ലഭ്യമാക്കാവുന്നതാണ്.
നിയമം ലഘിച്ച റീ എൻട്രിക്കാരന്റെ പുനഃപ്രവേശനം
ചോ: ഞാൻ 2021 സെപ്റ്റംബറിൽ റീ എൻട്രിയിൽ നാട്ടിലേക്കു പോയതാണ്. കോവിഡ് മഹാമാരി മൂലം തിരിച്ചു വരാൻ കഴിഞ്ഞില്ല. റീ എൻട്രിയുമായി ബന്ധപ്പെട്ട നിയമം പരിഷ്‌കരിച്ച സാഹചര്യത്തിൽ എനിക്ക് പുതിയ വിസയിൽ സൗദിയിൽ എത്താൻ കഴിയുമോ?
ഉ: റീ എൻട്രിയിൽ പോയി തിരിച്ചു വരാതിരുന്നവർക്ക് മൂന്നു വർഷത്തേക്ക് സൗദിയിലേക്ക് പ്രവേശനം നിരോധിക്കപ്പെട്ടിരുന്നത് നീക്കിയ സാഹചര്യത്തിൽ നിങ്ങൾക്കു പുതിയ വിസയിൽ വരാം. നിലവിൽ ഏതു വിസയിലും ഇത്തരക്കാർക്ക് ഒരു തടസമുവില്ലാതെ സൗദിയിൽ എത്താം. നേരത്തെ ഇതു സാധിക്കുമായിരുന്നില്ല.