കണ്ണൂർ- കോടികൾ വില മതിക്കുന്ന ഏക്കർ കണക്കിന് ഭൂമി വ്യാജ രേഖ ചമച്ചും ആൾമാറാട്ടം നടത്തിയും തട്ടിയെടുത്ത കേസുകളിൽ അന്വേഷണം പൂർത്തിയാക്കി പോലീസ് കുറ്റപത്രം സമർപ്പിച്ചു. കുറുമാത്തൂരിലെ തുമ്പശേരി എസ്റ്റേറ്റിലെ സ്ഥലത്തിന്റെ കൈവശപ്പെടുത്തലുമായി ബന്ധപ്പെട്ട രണ്ട് കേസുകളിലാണ് വർഷങ്ങൾ നീണ്ട അന്വേഷണത്തിനൊടുവിൽ തളിപ്പറമ്പ് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്. തളിപ്പറമ്പിലെ മുൻ സബ് റജിസ്ട്രാറും ആധാരമെഴുത്തുകാരനു മുൾപ്പെടെ കേസിൽ പ്രതികളാണ്.
കൊല്ലം പത്തനാപുരം കരവെള്ളൂരിലെ സബ് തുമ്പശേരി ഹൗസിൽ ടി.എം. തോമസും ഇയാളുടെ സഹോദരി റോസ്‌മേരിയും നൽകിയ പരാതികളിൽ 2018 ലാണ് കേസുകൾ റജിസ്റ്റർ ചെയ്തിരുന്നത്. തോമസ് കൈവശംവെച്ചു വെന്ന കുറുമാത്തൂരിലെ റി.സ. 110/7 9.8 ഏക്കർ സ്ഥലവും റോസ്‌മേരിയുടെ ഉടമസ്ഥതയിലുണ്ടായിരുന്ന 7.25 ഏക്കർ സ്ഥലത്തിൽനിന്ന് രണ്ടേക്കറും ഗൂഢാലോചന നടത്തി കൈക്കലാക്കിയെന്നാണ് കേസ്. 2016 ലായിരുന്നു ഗൂഢാലോചനയുടെ തുടക്കം.
കൊച്ചി പാലാരിവട്ടത്ത് താമസക്കാരനായ കാസർക്കോട് കാലിക്കടവ് സ്വദേശി കാരയിൽ മുത്തലിബ് (57), മാട്ടൂൽ നോർത്തിലെ കൊയക്കരകത്ത് പുതിയപുരയിൽ അബ്ദുൽ സത്താർ (54), മാടായിക്കാവിനടുത്തെ ആര്യംവള്ളി രാജേന്ദ്രൻ (58), ഒഴക്രോം തൃക്കോൽ ക്ഷേത്രത്തിനടുത്ത കളത്തിൽ ദീപ (36), തളിപ്പറമ്പ് സയ്യിദ് നഗറിൽ താമസിക്കുന്ന പന്നിയൂർ പള്ളിവയൽ സ്വദേശി കൊഴുക്കൽ ഇസ്മയിൽ (36), തളിപ്പറമ്പിൽ ആധാരമെഴുത്തുകാരനായ മാവിച്ചേരിയിലെ അടുത്തില ഹൗസിൽ പുരുഷോത്തമൻ (59), കണ്ണൂർ പുഴാതി സ്വദേശിയും തളിപ്പറമ്പിൽ മുൻ റജിസ്ട്രാറുമായ പി.വി. വിനോദ്കുമാർ (54), മാട്ടൂൽ നോർത്തിലെ ചിറ്റിൽ ശശി (60), അരോളിയിലെ പി.വി. രവീന്ദ്രൻ (മാട്ടൂൽ നോർത്ത് ചാലിൽ സ്രാമ്പിക്കടുത്ത പള്ളിപ്പറമ്പത്ത് റൈഹാനത്ത് (45), സെയ്ദ്‌നഗറിലെ കൊഴുക്കൽ ഹൗസിൽ തൻവീറ (39), മാട്ടൂൽ സിദിക്കാബാദിലെ പള്ളിപ്പറമ്പത്ത് ഷാക്കിറ (41), മാട്ടൂൽ നോർത്തിലെ കൊയക്കരകത്ത് പുതിയപുരയിൽ ഫാത്തിമ ഹിബ (25), മാട്ടൂൽ ബദർ പള്ളിക്കടുത്ത വി.സി. താജുദ്ദീൻ (49) എന്നിവരാണ് കേസിലെ പ്രതികൾ.
മരണപ്പെട്ട ഫിലിപ്പോസിന്റെ ഉടമസ്ഥതയിലുള്ള തുമ്പശേരി എസ്റ്റേറ്റ് ടി.എം. തോമസാണ് ഒസ്യത്ത് പ്രകാരം നോക്കിനടത്തുന്നത്. വ്യാജരേഖയുണ്ടാക്കിയാണ് ഇതിൽപെട്ട 9.8 ഏക്കർ സ്ഥലം പ്രതികൾ കൈവശപ്പെടുത്തിയത്.
തളിപ്പറമ്പിലെ ഒരുസ്വകാര്യാശുപത്രിയിലെ നഴ്‌സിനെ റോമേരിയെന്ന വ്യാജേന റജിസ്ട്രാറുടെ മുന്നിൽ എത്തിച്ച് ചുണ്ടൊപ്പ് ഉൾപ്പെടെ വെച്ചാണ് റോസ്‌മേരിയുടെ സ്വത്ത് തട്ടിയെടുത്തത്. കുറുമാത്തൂരിലെ പ്രമാദമായ മിച്ച ഭൂമി കേസ് അനന്തമായി നീളുന്ന പശ്ചാത്തലത്തിൽ ഈ സ്വത്ത് കൈമാറ്റത്തെ സാധൂകരിക്കാൻ റോസ്‌മേരിയെന്ന വ്യാജേന ഹൈക്കോടതിയെ സമീപിച്ച് അനുകൂല വിധിയും പ്രതികൾ സമ്പാദിച്ചിരുന്നു. തളിപ്പറമ്പ് ഇരിട്ടി സ്റ്റേറ്റ് ഹൈവേയുടെ സമീപത്തായി ചൊർക്കള മുതൽ കുറുമാത്തൂർ വരെ നീണ്ടു കിടക്കുന്ന സ്ഥലത്തിന് കോടിക്കണക്കിന് രൂപ വില വരും. കേസിൽ പ്രതിയായ സബ് റജിസ്ട്രാർ വിനോദ് കുമാർ പിന്നീട് കൈക്കൂലി കേസിൽ വിജിലൻസിന്റെ പിടിയിലാവുകയും ചെയ്തിരുന്നു. തളിപ്പറമ്പ് സി.ഐയായിരുന്ന പി.കെ. സുധാകരനാണ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്. പിന്നീട് നാല് സി.ഐമാർ അഞ്ചു വർഷത്തിലേറെ കാലം അന്വേഷണം നടത്തിയാണ് കേസിൽ കുറ്റപത്രം സമർപ്പിച്ചത്.