Sorry, you need to enable JavaScript to visit this website.

വാക്കുകളിൽ ചാട്ടുളി വെക്കുന്ന വി.ഡി. സതീശൻ

മീൻ പിടിത്ത ഉപകരണങ്ങളിലൊന്നാണ് ചാട്ടുളി. കൂർത്ത അറ്റമുള്ള ആയുധം മത്സ്യങ്ങളുടെ ശരീരത്തിൽ തറച്ചു കയറിയാൽ പിന്നെ മീനിന് രക്ഷയുണ്ടാവില്ല. പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെ രാഷ്ട്രീയ വിമർശങ്ങൾക്ക് ചാട്ടുളിയുടെ മൂർച്ചയാണ്. ഏറ്റവും പുതിയ ഉദാഹരണം വണ്ടിപെരിയാർ പെൺകുട്ടിയുടെ മരണവുമായി ബന്ധപ്പെട്ട് ഉയർന്നു വന്ന   അടിയന്തരപ്രമേയത്തിന്റെ നോട്ടീസ് ഘട്ടം. വണ്ടി പെരിയാറിലെ ഹതഭാഗ്യയായ കുട്ടിയെ സതീശൻ ഇന്ത്യയെ ഇളക്കി മറിച്ച ഉന്നാവോ സംഭവത്തിലേക്ക് ചേർത്തു വെച്ചു. ഇന്ത്യയിൽ നടന്ന ഏറ്റവും ഹീനമായ കേസായ ഉന്നാവോയിൽ പീഡിപ്പിക്കപ്പെട്ട പെൺകുട്ടിയെ തീക്കൊളുത്തിയാണ് കൊന്നത്. പിതാവിന് തടവറയിൽ കിടന്ന് മരിക്കാനായിരുന്നു വിധി. പ്രതികളെ ശിക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് നിയമ പോരാട്ടം നടത്തിയ രണ്ട് ബന്ധുക്കളെ ദുരൂഹ സാഹചര്യത്തിൽ ഇല്ലാതാക്കി. അങ്ങിനെ ആ കേസ് തന്നെ ഇല്ലാതായി. അതു പോലെയാണ് പ്രതിയെ വെറുതെ വിട്ടതിനു തൊട്ടു പിന്നാലെ വണ്ടിപ്പെരിയാർ പെൺകുട്ടിയുടെ അച്ഛൻ ആക്രമിക്കപ്പെട്ടത്. ആക്രമിച്ച പ്രതി ഓടിക്കയറിയത് സി.പി.എമ്മിന്റെ പാർട്ടി ഓഫീസിലേക്കും. ഇതിനെതിരെ യൂത്ത് കോൺഗ്രസ് നടത്തിയ പ്രതിഷേധത്തെ ബിയർ കുപ്പികളും വാരിക്കുന്തവുമായാണ് സി.പി.എം നേരിട്ടത്. ഇത്രയും സതീശൻ പറഞ്ഞു നിർത്തിയപ്പോൾ ഉന്നാവോ വിലെയും വണ്ടിപെരിയാറിലെയും നിഷ്‌ക്കളങ്കരായ പെൺകുഞ്ഞുങ്ങളുടെ നേർത്തു, നേർത്ത നിലവിളി അന്തരീക്ഷത്തിലെവിടെയോ മുഴങ്ങുന്നത് പോലെ. 
വിധി വന്ന് ഒന്നര മാസമായിട്ടും വണ്ടിപെരിയാർ കേസിൽ ഒരു നടപടിയും എടുത്തില്ലെന്ന് പ്രതിപക്ഷ നേതാവിന്റ കുറ്റപത്രം. ഇതേ തെളിവുകളുമായല്ലേ അപ്പീലിന് പോകുന്നത്? നേരത്തെ വിദേശ വനിത കൊല്ലപ്പെട്ട കേസിൽ പുനരന്വേഷണം നടത്തി തെളിവുകൾ ശേഖരിച്ചപ്പോഴാണ് പ്രതികൾ ശിക്ഷിക്കപ്പെട്ടത്. അപ്പീൽ പോകുന്നത് മാത്രമല്ല നടപടി. എന്ത് നിയമോപദേശമാണ് സ്വീകരിച്ചതെന്ന് സതീശന്റെ ചാട്ടുളി. ഇതേ തെളിവും വിധിയും വെച്ച് ആ കുടുംബത്തിന് എന്ത് നീതി ലഭിക്കുമെന്നാണ് പറയുന്നത്. ഈ കേസിലെ ഒന്നാം പ്രതി സർക്കാരാണ്, അതെ നിങ്ങളാണ്.. സതീശൻ ഭരണ നിരക്ക് നേരെ വിരൽ ചൂണ്ടി. തുടർന്ന് സർക്കാരിന്റെ അലംഭാവത്തിലും നിസ്സംഗതയിലും പ്രതിഷേധിച്ച് വാക്കൗട്ട്. പ്രതിയുടെ ഏതെങ്കിലും തരത്തിലുള്ള രാഷ്ട്രീയ അഭിപ്രായമോ പ്രതിയുടെ അച്ഛന്റെ രാഷ്ട്രീയ നിലപാടോ ഒന്നും ഗവൺമെന്റിനെ സ്വാധീനിക്കുന്നതല്ലെന്ന് മുഖ്യമന്ത്രി ആണയിട്ടു.   ഗവൺമെന്റിന്റെ മുന്നിൽ ഹതഭാഗ്യയായ ആ കുട്ടിയുടെയും കുടുംബത്തിന്റെയും പ്രശ്‌നം മാത്രമാണുള്ളത്. ഏതെല്ലാം തരത്തിലുള്ള കർക്കശ നടപടി സ്വീകരിക്കേണ്ടതുണ്ടോ അതിന്റെ അങ്ങേയറ്റം വരെ പോകും -ഈ വാക്കുകൾ പറയുമ്പോൾ മുഖ്യമന്ത്രി പിണറായി വിജയൻ ഒരു പെൺകുട്ടിയുടെ പിതാവായി. 
സംവരണ തത്വത്തോട് ആശയപരാമായി യോജിപ്പില്ലാത്ത പാർട്ടിയാണ് സി.പി.എം. അതുകൊണ്ട് തന്നെ അവർ എവിടെയൊക്കെ സംവരണ വിഷയത്തിൽ തൊട്ടാലും അതൊക്കെ ഇരകൾക്ക് കെണിയാകുമോ എന്ന സംശയം ഉയർന്നു വരും. അങ്ങിനെയൊരു സംശയം ഭിന്നശേഷി സംവരണ വിഷയത്തിൽ കേരളത്തിൽ കത്തി നിൽക്കുന്നുണ്ട്. ഇക്കാര്യം സഭയിലുന്നയിക്കാൻ ബാധ്യതപ്പെട്ട വ്യക്തിയായ പ്രതിപക്ഷ ഉപ നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി തന്നെ വിഷയം സബ്മിഷനായി സഭയിലെത്തിച്ചു. മറ്റു മതവിഭാഗങ്ങളുടെ സംവരണത്തെ ബാധിക്കില്ലെന്ന് മന്ത്രി ഡോ. ആർ. ബിന്ദു മറുപടിയിൽ ഉറപ്പിച്ചു പറയുന്നു. മുസ്‌ലിം വിഭാഗത്തിനോ മറ്റേതെങ്കിലും മതവിഭാഗത്തിനോ നിലവിലുള്ള സംവരണത്തിൽ ഒരു കുറവും വരാത്ത രീതിയിലായിരിക്കും ഭിന്നശേഷി സംവരണം നടപ്പാക്കുകയെന്ന് പറഞ്ഞ മന്ത്രിയുടെ നാക്ക് പൊന്നാകട്ടെ എന്നാശിക്കാം. 
അധിക ജോലി ചെയ്താണ് സഭ നിയമ നിർമാണ നടപടി പൂർത്തീകരിച്ചത്. 
എല്ലാവരും നിയമസഭയിലാണെങ്കിലും ശ്രദ്ധ നിർമ്മല സീതാരാമന്റെ ഇടക്കാല ബജറ്റിലായിരുന്നു. അഞ്ചിനാണ് കേരള ബജറ്റ്. 
 

Latest News