Sorry, you need to enable JavaScript to visit this website.

VIDEO സൗദിയിലെ തബൂക്കില്‍ യൂറോപ്പിന് സമാനമായ കാലാവസ്ഥ; ഹൈറേഞ്ചുകളില്‍ മഞ്ഞുവീഴ്ച

തബൂക്ക് - വടക്കു, പടിഞ്ഞാറന്‍ സൗദിയിലെ തബൂക്ക് പ്രവിശ്യയിലെ ഹൈറേഞ്ചുകളില്‍ മഞ്ഞുവീഴ്ച. ഇതോടൊപ്പം പ്രദേശത്ത് താപനില പൂജ്യം ഡിഗ്രിയായി കുറഞ്ഞു. യൂറോപ്പിലെതിന് സമാനമായ കാലാവസ്ഥ ആസ്വദിക്കാന്‍ സൗദി പൗരന്മാര്‍ ഹൈറേഞ്ചുകളില്‍ എത്തി. തബൂക്കിലെ അല്‍ഖാന്‍, അല്‍ദഹര്‍, ജബല്‍ അല്ലോസ് എന്നിവിടങ്ങളിലും ഖുറയ്യാത്തിലും തുറൈഫിലും നേരിയ തോതില്‍ മഞ്ഞുവീഴ്ചക്ക് സാധ്യതയുള്ളതായി ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചിരുന്നു. മദീന, ഹായില്‍, തബൂക്ക്, അല്‍ജൗഫ്, ഉത്തര അതിര്‍ത്തി പ്രവിശ്യ, കിഴക്കന്‍ പ്രവിശ്യ എന്നിവിടങ്ങളിലും മക്ക, അല്‍ബാഹ, അസീര്‍, ജിസാന്‍ എന്നീ പ്രവിശ്യകളിലെ ചില ഭാഗങ്ങളിലും പൊടിക്കാറ്റിന്റെ അകമ്പടിയോടെ മഴക്കും സാധ്യതയുള്ളതായി ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചിരുന്നു.
അതേസമയം, സൗദിയിലെ ഭൂരിഭാഗം പ്രദേശങ്ങളിലും ഗള്‍ഫ് രാജ്യങ്ങളിലും ഈ വാരാന്ത്യത്തോടെ അഞ്ചു ദിവസം മുതല്‍ ഒരാഴ്ച വരെ അതിശൈത്യത്തിന് സാധ്യതയുള്ളതായി കാലാവസ്ഥാ വിദഗ്ധന്‍ അബ്ദുല്‍ അസീസ് അല്‍ഹുസൈനി പറഞ്ഞു. ചില പ്രവിശ്യകളില്‍ കുറഞ്ഞ താപനില മൈനസ് ഒരു ഡിഗ്രി മുതല്‍ 4 ഡിഗ്രി വരെയും കൂടിയ താപനില 10 ഡിഗ്രി മുതല്‍ 17 ഡിഗ്രി വരെയുമായിരിക്കും. മധ്യസൗദിയിലും, പടിഞ്ഞാറന്‍ സൗദിയിലെയും തെക്കുപടിഞ്ഞാറന്‍ സൗദിയിലെയും ഹൈറേഞ്ചുകളിലും കുറഞ്ഞ താപനില 2 ഡിഗ്രി മുതല്‍ 8 ഡിഗ്രി വരെയും കൂടിയ താപനില 12 ഡിഗ്രി മുതല്‍ 18 ഡിഗ്രി വരെയുമാകും. കിഴക്കന്‍ സൗദിയിലും കിഴക്കു പടിഞ്ഞാറന്‍ സൗദിയിലും കുറഞ്ഞ താപനില 4 ഡിഗ്രി മുതല്‍ 12 ഡിഗ്രി വരെയും കൂടിയ താപനില 14 ഡിഗ്രി മുതല്‍ 22 ഡിഗ്രി വരെയുമാകും. ചെങ്കടലിന്റെ മധ്യ, ഉത്തര തീരദേശങ്ങളില്‍ കുറഞ്ഞ താപനില 10 ഡിഗ്രി മുതല്‍ 20 ഡിഗ്രി വരെയും കൂടിയ താപനില 21 ഡിഗ്രി മുതല്‍ 30 ഡിഗ്രി വരെയുമാകും.
ചില ദിവസങ്ങളില്‍ ഭൂരിഭാഗം പ്രവിശ്യകളിലും ഇടത്തരം ശക്തിയിലുള്ള കാറ്റിന് സാധ്യതയുണ്ട്. ചെങ്കടലിന്റെ തെക്കന്‍ തീരപ്രദേശങ്ങളില്‍ കാറ്റിന് ശക്തി കുറവാകും. തണുത്തതും വരണ്ടതുമായ അന്തരീക്ഷം മനുഷ്യര്‍ക്കും മൃഗങ്ങള്‍ക്കും സസ്യങ്ങള്‍ക്കും ക്ഷീണമുണ്ടാക്കും. ഈ കാലാവസ്ഥ രാജ്യത്ത് മഴക്കുള്ള സാധ്യത വര്‍ധിപ്പിക്കുമെന്നും അബ്ദുല്‍ അസീസ് അല്‍ഹുസൈനി പറഞ്ഞു.

 

 

Latest News