ഇടുക്കി - വണ്ടിപ്പെരിയാറിൽ ആറ് വയസുകാരിയെ പീഡിപ്പിച്ച് കെട്ടിത്തൂക്കി കൊന്ന കേസിൽ ഒടുവിൽ അന്വേഷണ ഉദ്യോഗസ്ഥനായ എസ്എച്ച്ഒയ്ക്ക് സസ്‌പെൻഷൻ. സർക്കാരിന് ഏറെ നാണക്കേടായി മാറിയ സംഭവത്തിൽ നടപടി വരുന്നത് ഒന്നരമാസത്തിന് ശേഷമാണ്.
കേസിലെ അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന എറണാകുളം വണ്ടിപ്പെരിയാർ മുൻ എസ്എച്ച്ഒ ടി.ഡി സുനിൽ കുമാറിനെയാണ് കട്ടപ്പന പോക്‌സോ കോടതി വിധിയുടെ അടിസ്ഥാനത്തിൽ സസ്‌പെൻഡ് ചെയ്തത്. ക്രമസമാധാന ചുമതലയുള്ള എഡിജിപിയാണ് സുനിൽകുമാറിനെ സസ്‌പെൻഡ് ചെയ്തത്. ടി.ഡി. സുനിൽകുമാറിനെതിരെ വകുപ്പ് തല അന്വേഷണത്തിനും ഉത്തരവിട്ടുണ്ട്. എറണാകുളം റൂറൽ അഡീഷനൽ പോലീസ് സൂപ്രണ്ടായിരിക്കും വകുപ്പ് തല അന്വേഷണം നടത്തുക. അന്വേഷണം നടത്തി രണ്ടുമാസത്തിനകം റിപ്പോർട്ട് നൽകണമെന്നാണ് നിർദേശം.
കേസിൽ പ്രതിയായ ഡിവൈഎഫ്‌ഐ പ്രവർത്തകൻ അർജുനെ വെറുതെ വിട്ടും അന്വേഷണത്തിലുണ്ടായ വീഴ്ചകൾ ചൂണ്ടികാട്ടിയും ഡിസംബർ 14ന് കോടതി വിധി വന്നിരുന്നു. വീഴ്ചകൾ എണ്ണിപ്പറഞ്ഞ് വിധി വന്നിട്ടും ഉദ്യോഗസ്ഥനെ ന്യായീകരിക്കുകയും വീഴ്ചയില്ലെന്ന് ആവർത്തിക്കുകയുമാണ് പ്രോസിക്യൂഷനടക്കം ചെയ്തത്. വിഷയത്തിൽ നിലവിൽ പ്രതിഷേധം തുടരുന്നതിനിടെയാണ് നടപടി.
അന്വേഷണ ഉദ്യോഗസ്ഥനെതിരെ നടപടി വേണമെന്ന് പെൺകുട്ടിയുടെ ബന്ധുക്കളും ആവശ്യപ്പെട്ടിരുന്നു. പോലീസ് പ്രതിക്കൊപ്പം നിന്നുവെന്നും തെറ്റിദ്ധരിപ്പിച്ചുവെന്നും പെൺകുട്ടിയുടെ അച്ഛൻ ആരോപിച്ചിരുന്നു. പട്ടിക ജാതി പട്ടിക വർഗ്ഗ പീഡന നിരോധന നിയമം ചുമത്തുന്നതിൽ വീഴ്ച വരുത്തി. കേസിൽ പ്രതിയായ അർജുൻ ചർ ച്ചിൽ പോകുന്നയാളാണെന്ന് പോലീസിനെ അറിയിച്ചെങ്കിലും പരിഗണിച്ചില്ല. വലിയ വിവാദമായിട്ടും ഡിവൈഎസ്പി അന്വേഷിക്കേണ്ട കേസ് എസ്എച്ച്ഒയെ ഏൽപ്പിച്ചതിൽ ഗുരുതര വീഴ്ചയുണ്ടെന്നും അച്ഛൻ നേരത്തെ തന്നെ ആരോപണം ഉന്നയിച്ചിരുന്നു. ഇപ്പോൾ വാഴക്കുളം എസ് എച് ഒയാണ് സുനിൽകുമാർ.