കാസർകോട്- മുസ്ലിം ലീഗിലെ അബ്ബാസ് ബീഗത്തെ കാസർകോട് നഗരസഭയുടെ പുതിയ ചെയർമാനായി തിരഞ്ഞെടുത്തു. അഡ്വ. വി എം മുനീർ രാജിവെച്ചതിനെ തുടർന്ന് ആണ് പുതിയ നഗരസഭ ചെയർമാനെ കണ്ടെത്താനുള്ള തിരഞ്ഞെടുപ്പ് നടത്തിയത്. തെരഞ്ഞെടുപ്പ് നടപടികൾ തുടങ്ങുന്നതിനിടെ 35ാം വാർഡ് കൗൺസിലറായ മുസ്ലിം ലീഗിലെ സിയാന ഹനീഫിനെ ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവർക്ക് എല്ലാവരുടെയും അനുമതിയോടെ റിട്ടേണിങ് ഓഫീസർ ജില്ലാ വ്യവസായകേന്ദ്രം ജനറൽ മാനജർ ആദിൽ മുഹമ്മദ് വോട്ട് ചെയ്യാൻ അനുവദിച്ചു.
അബ്ബാസ് ബീഗത്തെ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനായ ഖാലിദ് പച്ചക്കാട് നഗരസഭാ ചെയർമാൻ സ്ഥാനത്തേക്ക് നിർദേശിച്ചു. മമ്മു ചാല പിന്താങ്ങി. ബിജെപി നേതാവായ പി രമേശിനെ വരപ്രസാദ് നിർദേശിക്കുകയും ഉമാ കടപ്പുറം പിന്താങ്ങുകയും ചെയ്തു. അബ്ബാസ് ബീഗത്തിന് 20 വോട്ടും ബിജെപിയിലെ രമേശിന് 14 വോട്ടും ലഭിച്ചു. സി.പി.എമ്മിന്റെ ഒരു അംഗത്തിന്റെയും ലീഗിന്റെ വിമത കൗൺസിലർമാരായ രണ്ടുപേരുടെയും വോട്ട് അസാധുവായി. മുസ്ലിം ലീഗ് സംസ്ഥാന ട്രഷറർ സി ടി അഹമ്മദലി, ജില്ലാ പ്രസിഡണ്ട് കല്ലട മാഹിൻ ഹാജി തുടങ്ങി നിരവധി നേതാക്കൾനഗരസഭ ഹാളിൽ എത്തിയിരുന്നു. ചെയർമാനായി തിരഞ്ഞെടുക്കപ്പെട്ട അബ്ബാസ് ബീഗത്തെ ലീഗ് പ്രവർത്തകർ തോളിലേറ്റി ആഹ്ലാദം പ്രകടിപ്പിച്ചു.