കോട്ടയം- പാലാ നഗരസഭയിലെ മൊബൈൽ എയർപോഡ് മോഷണം പുതിയ തലത്തിൽ. പാലാ നഗരസഭാംഗവും സി.പി.എം കൗൺസിലറുമായ ബിനു പുളിക്കക്കണ്ടത്തിനെതിരെ രേഖാമൂലം പോലീസിൽ പരാതി. എയർപോഡ് നഷ്ടപ്പെട്ട കൗൺസിലർ കേരള കോൺഗ്രസ് എം കൗൺസിലർ ജോസ് ചീരാംകുഴിയാണ് പരാതി നൽകിയത്. എയർപോഡ് നഷ്ടമായ സംഭവത്തിൽ ബിനുവിന്റെ പേര് സഹിതമാണ് പരാതി. നേരത്തെയുളള പരാതിയ്‌ക്കൊപ്പം തെളിവുകൾ കൂടി ഹാജരാക്കി. ഇപ്പോൾ പേരും തെളിവുകളും സഹിതമാണ് പരാതി നൽകിയിരിക്കുന്നത്. ഇതിൽ രാഷ്ട്രീയമോ പാർട്ടിയോ ഇല്ലെന്നും വ്യക്തിപരമായ കേസാണെന്നും ജോസ് ചീരാംകുഴി വ്യക്തമാക്കി. എയർപോഡ് ബിനുവിന്റെ വീട്ടിലും ബിനു സഞ്ചരിച്ച വഴികളിലും ലൊക്കേഷൻ കണ്ടെത്തിയത് പരാതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. അവസാനമായി ഇംഗ്ലണ്ടിലാണ് ലൊക്കേഷൻ ലഭിച്ചതെന്നും ജോസ് പറഞ്ഞു.
പാലാ നഗരസഭാ ചെയർമാൻ സ്ഥാനത്തേക്ക് മൂന്നിന് തെരഞ്ഞെടുപ്പ നടക്കാനിരിക്കെയാണ് പോലീസിൽ പരാതി നൽകിയത്. കേരള കോൺഗ്രസ് എമ്മിനാണ് ധാരണ പ്രകാരം ഇനി ചെയർമാൻ പദം. ഇടതുമുന്നണിയിലെ കൗൺസിലർമാർ തമ്മിലുളള കേസ് നഗരസഭാ തെരഞ്ഞെടുപ്പിനെ ബാധിക്കുമോ എന്നാണ് കാണേണ്ടിയിരിക്കുന്നത്.
പാലാ നഗരസഭയിൽ കഴിഞ്ഞ ഒക്ടോബർ നാലിന് കൗൺസിൽ കൂടിയ വേളയിൽ 35000 രൂപ വിലവരുന്ന എന്റെ ആപ്പിൾ എയർ പോഡ് പ്രോ താൻ ഒരു അത്യാവശ്യത്തിന് കൗൺസിൽ ഹാളിന് പുറത്തേയ്ക്ക് പോയി തിരിച്ച് വന്നപ്പോൾ അവിടെ കണ്ടില്ല. മറ്റ് കൗൺസിലർമാരോട് അന്വേഷിച്ച കൂട്ടത്തിൽ ഹാളിൽ എന്റെ അടുത്തിരിക്കുന്ന ബിനു പുളിക്കണ്ടത്തോടും എയർ പോഡ് കണ്ടിരുന്നോ എന്ന് ചോദിച്ചു. എന്നാൽ കണ്ടില്ല എന്ന മറുപടിയാണ് എല്ലാവരും തന്നത്. അവിടെയെല്ലാം പരിശോധിച്ചെങ്കിലും സാധനം കിട്ടിയില്ല. പീന്നിട് പാലാ പോലീസ് സ്‌റ്റേഷനിൽ പരാതി നൽകി. ഇത് തന്റെ ഫോണുമായി പെയർ ആയതു കൊണ്ട് ആര് ഇത് മറ്റ് കമ്പനിയുടെ ഫോണുമായി ഉപയോഗിച്ചാൽ പോലും ഉപയോഗിക്കുന്ന ആളുടെ ലൊക്കേഷൻ സഹിതം ഫോണിൽ കിട്ടും.
അങ്ങനെ പരിശോധിച്ചപ്പോൾ ബിനുവിന്റെ മുരിക്കുമ്പുഴ പാറപ്പള്ളി റോഡിലുള്ള വീടിനകത്ത് വച്ച് തന്നെ വിവിധ ദിവസങ്ങളിലായി 8 ദിവസം ഈ എയർപോഡ് ഉപയോഗിച്ചതിന്റെ മെസേജ് ലഭിച്ചു. ബിനു വർഷങ്ങളായി ഉപയോഗിച്ച് വരുന്ന ഫോൺ നമ്പറുകളാണ് ഇതിനായി ഉപയോഗിച്ചത്. അങ്ങനെയാണ് ബിനുവാണ് തന്റെ എയർപോഡ് മോഷ്ടിച്ചുതെന്ന് തനിക്ക് മനസ്സിലായത്. ഉത്തമ ബോധ്യമുണ്ടായിട്ടും ആരോടും പേര് സൂചിപ്പിക്കാതെ താൻ കൂടുതൽ തെളിവുകൾക്കായി കാത്തിരുന്നു. അങ്ങനെ ഈ എയർപോഡ് 3 മാസമായി ഉപയോഗിച്ചപ്പോഴെല്ലാം അദ്ദേഹം സഞ്ചരിച്ച വഴികൾ സ്ഥലങ്ങൾ എല്ലാം ലൊക്കേഷൻ സഹിതം ലഭിച്ചുകൊണ്ടിരുന്നു.
അങ്ങനെ അദ്ദേഹം മൂന്നു മാസത്തിനിടയിൽ ഈ എയർപോഡ് ഉപയോഗിച്ചപ്പോഴുള്ള 75 ഓളം തെളിവുകൾ കൈവശം ഉണ്ട്. ചെയർപേഴ്‌സൺ ജോസിൻ ബിനോ അധികാരത്തിലിരുന്ന സമയത്ത് നടന്ന സംഭവം ആയതിനാൽ മുന്നണി ധാരണ പ്രകാരം അവരുടെ കാലാവധി കഴിഞ്ഞ കൗൺസിലിൽ ആരെയും മുൻകൂട്ടി അറിയിക്കാതെ കൗൺസിൽ തുടങ്ങിയതിനു ശേഷം മാത്രം ചെയർ പേഴ്‌സണ് ഈ വിഷയം സംബന്ധിച്ച് കത്ത് നൽകിയത്.
തനിക്ക് ബിനു പുളിയക്കണ്ടമാണ് എയർപോഡ് എടുത്തതെന്ന് ഉറപ്പ് ഉണ്ടായിരുന്നിട്ടും ഞാൻ ആരുടെയും പേര് അന്ന് വെളിപ്പെടുത്താതെ ഇത് എടുത്ത ബിനു ആരും അറിയാതെ എനിക്ക് എയർപോഡ് തിരിച്ച് തന്നാൽ മതിയെന്ന് മാത്രമാണ് ഞാൻ ചെയർപേഴ്‌സന് നൽകിയ കത്തിലൂടെ ഉദ്ദേശിച്ചത്. പിന്നീട് വന്ന കൗൺസിലിൽ യോഗത്തിൽ പ്രതിപക്ഷ കൗൺസിലർമാർ അവരല്ലെന്ന് ഒറ്റകെട്ടായി രേഖാമൂലം കത്ത് നൽകി എന്നെ പ്രകോപിപ്പിച്ചപ്പോഴും തങ്ങളുടെ കൗൺസിലർമാരും സംശയത്തിന്റെ നിഴലിലായിട്ടും പലസമ്മർദ്ദങ്ങൾ വന്നിട്ടും ആരുടെയും പേര് വെളിപ്പെടുത്തിയില്ല. എടുത്ത ബിനു തിരിച്ച് തരുമെന്നു തന്നെയായിരുന്നു. കാരണം ഇത് ഒരു മോഷണ കേസായതിനാൽ അദ്ദേഹത്തിന്റെ കുടുംബത്തിനും പേരു ദോഷം ഉണ്ടാകരുതെന്ന് വിചാരിച്ചാണ് പേര് വെളിപ്പെടുത്താതെ ഇരുന്നതെന്നും പരാതിയിൽ പറയുന്നു.