Sorry, you need to enable JavaScript to visit this website.

ഡോക്ടറേറ്റ് വാങ്ങാൻ അമ്മയില്ല; പ്രസവ ശസ്ത്രക്രിയയ്ക്കിടെ മരിച്ച ഗവേഷകയുടെ പി.എച്ച്.ഡി യു.കെ.ജി വിദ്യാർത്ഥിയായ മകൾ ഏറ്റുവാങ്ങും

കോഴിക്കോട് - പ്രസവ ശസ്ത്രക്രിയയ്ക്കിടെ മരിച്ച ഗവേഷണ വിദ്യാർത്ഥിനിക്ക് മരണാനന്തര ബഹുമതിയായി പി.എച്ച്.ഡി നൽകാൻ കാലിക്കറ്റ് സർവകലാശാല സിൻഡിക്കേറ്റ് യോഗത്തിൽ തീരുമാനം. ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജിൽ ജന്തുശാസ്ത്ര വിഭാഗം ഗവേഷക വിദ്യാർത്ഥിനിയായിരുന്ന മരിച്ച പ്രിയ രാജനാണ് സർവ്വകലാശാല ഡോക്ടറേറ്റ് നൽകുക.
  പ്രിയയുടെ മകളും യു.കെ.ജി വിദ്യാർത്ഥിനിയുമായ ആൻറിയ കാലിക്കറ്റ് സർവകലാശാലയിലെത്തി അമ്മയുടെ ഡോക്ടറേറ്റ് ബിരുദം ഏറ്റുവാങ്ങുമെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദു ഫേസ്ബുക്കിലൂടെ അറിയിച്ചു. മകൾ ബിരുദം ഏറ്റുവാങ്ങുന്ന നിമിഷം എത്ര വൈകാരികമായിരിക്കുമെന്ന് ഇപ്പോഴേ അറിയാനാവുന്നുവെന്നും മന്ത്രി കുറിച്ചു. പ്രിയയുടെ പ്രയത്‌നത്തിനും തിളക്കമാർന്ന നേട്ടത്തിനും അവളുടെ അഭാവത്തിലും നമുക്ക് അഭിവാദനങ്ങൾ നേരാം. ഉചിതമായ തീരുമാനമെടുത്ത കാലിക്കറ്റ് സർവ്വകലാശാലാ സിൻഡിക്കേറ്റിനെ അഭിനന്ദിക്കുന്നതായും മന്ത്രി കുറിച്ചു.
 ജന്തുശാസ്ത്ര വിഭാഗം ഗവേഷക വിദ്യാർത്ഥിനിയായിരുന്ന പ്രിയ, ഡോ. ബാലു ടി കുഴിവേലിയുടെ കീഴിൽ 2011 ആഗസ്ത് 22 മുതൽ 2017 ആഗസ്ത് 21വരെയായിരുന്നു ഗവേഷണം നടത്തിയത്. 2018 ഏപ്രിൽ 28ന് പ്രബന്ധം സർവ്വകലാശാലയിൽ സമർപ്പിക്കുകയുണ്ടായി. അതേവർഷം ജൂലൈ 21ന് ചേർന്ന സിൻഡിക്കേറ്റ് യോഗം പ്രബന്ധം അംഗീകരിക്കുകയുമുണ്ടായി. എന്നാൽ, ഡോക്ടറേറ്റ് ഏറ്റുവാങ്ങും മുമ്പേ, പ്രസവ ശസ്ത്രക്രിയക്കിടെ ആഗസ്തിൽ പ്രിയ മരിക്കുകയായിരുന്നു. ഗവേഷകയുടെ അഭാവത്തിലും പ്രബന്ധത്തിന് ഡോക്ടറേറ്റ് നൽകാൻ ഡോ. ബാലു ടി കുഴിവേലി നൽകിയ അപേക്ഷ സിൻഡിക്കറ്റ് അംഗീകരിക്കുകയായിരുന്നു. വാചാ പരീക്ഷയും മുഖാമുഖവും ഒഴിവാക്കി ഡോക്ടറേറ്റ് നൽകാനുള്ള അപേക്ഷയിലാണ് വി.സിയുടെ നിർദ്ദേശാനുസരണം സിൻഡിക്കേറ്റ് തീരുമാനമെടുത്തത്. 
 തൃശൂർ ജില്ലയിലെ ചെമ്പൂക്കാവ് ആലക്കപ്പള്ളി എ.ടി രാജൻ-മേഴ്‌സി ദമ്പതികളുടെ മകളാണ് പ്രിയ. ഗവേഷകയായ അമ്മയുടെ ഏറെനാളത്തെ സ്വപ്‌നമാണ് മകൾ ആൻറിയ ഏറ്റുവാങ്ങാൻ പോകുന്നതെന്നും ഇത് എക്കാലത്തേക്കും പ്രിയതരമായ ഓർമയായിരിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
 

Latest News