ആലപ്പുഴ- ബി.ജെ.പി നേതാവ് രൺജിത്ത് ശ്രീനിവാസൻ വധക്കേസിലെ 15 പ്രതികൾക്കും വധശിക്ഷ വിധിച്ച ജഡ്ജ് വി.ജി ശ്രീദേവിയെ അധിക്ഷേപിച്ചെന്ന പരാതിയില്‍ കലാപാഹ്വാനത്തിന് കേസെടുത്ത് കേരള പോലീസ്. ആറ് പേരെ പ്രതിയാക്കിയാണ് ആലപ്പുഴ സൗത്ത് പോലീസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്. ബീവി കെ.യു, അസ്ലം വളവുപച്ച, നസീർ മോൻ ഖലീൽ, ആസാദ് അമീർ, റാഫി തിരുവനന്തപുരം, ഷഫീഖ് എന്നിവര്‍ക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. രൺജിത്ത് ശ്രീനിവാസൻ വധക്കേസ് അപൂര്‍വങ്ങളില്‍ അപൂര്‍വമായ കേസാണെന്ന് നിരീക്ഷിച്ചാണ് 15 പ്രതികൾക്കും കോടതി വധശിക്ഷ വിധിച്ചത്.
അമ്മയുടെയും ഭാര്യയുടെയും മകളുടെയും കൺമുന്നിൽവച്ച് രൺജീത് ശ്രീനിവാസിനെ അതിദാരുണമായി കൊലപ്പെടുത്തിയ പ്രതികൾ ദയ അർഹിക്കുന്നില്ലെന്നും മാവേലിക്കര അഡീഷണൽ സെഷൻസ് കോടതി ചൂണ്ടിക്കാട്ടിയിരുന്നു. ഇതേ തുടര്‍ന്ന് സമൂഹ മാധ്യമങ്ങളിലുൾപ്പെടെ ജഡ്ജിക്കെതിരെ ഭീഷണികളുയർന്നിരുന്നു. പിന്നാലെ ജഡ്ജിക്ക് പോലീസ് സുരക്ഷ ശക്തമാക്കിയിരുന്നു. നിലവിൽ ജഡ്ജിക്ക് എസ്.ഐ അടക്കം 5 പോലീസുകാരുടെ കാവലാണുള്ളത്.