കല്‍പറ്റ-ചികിത്സയ്ക്കിടെ വീട്ടിമ്മ കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ മരിച്ചു. പനമരം നീര്‍വാരം കുന്നുംപുറത്ത് മനോഹരന്റെ ഭാര്യ നിഷയാണ്(45) മരിച്ചത്. ഗര്‍ഭപാത്രത്തിലെ മുഴ നീക്കം ചെയ്യുന്നതിന് വയനാട്ടിലെ സ്വകാര്യ ആശുപത്രിയില്‍ നടത്തിയചികിത്സയിലെ പിഴവാണ് മരണത്തിനു കാരണമെന്ന് ബന്ധുക്കള്‍ ആരോപിച്ചു. ജില്ലയിലെ സ്വകാര്യ ആശുപത്രിയില്‍ നാലു മാസത്തിനിടെ വീട്ടമ്മ മൂന്ന് ശസ്ത്രക്രിയയ്ക്കു വിധേയയായിരുന്നു. ദിവസങ്ങള്‍ മുമ്പ് ശസ്ത്രക്രിയയ്ക്കുശേഷമാണ് കോഴിക്കോടിനു റഫര്‍ ചെയ്തത്. വാരാമ്പറ്റ പുത്തന്‍വീട് പരേതനായ കൃഷ്ണന്‍ നായര്‍-ജാനകിയമ്മ ദമ്പതികളുടെ മകളാണ് നിഷ.
നിത്യ, നിധിന്‍ എന്നീ മക്കളും അടങ്ങുന്നതാണ് കുടുംബം. ചികിത്സയില്‍ പിഴവ് വരുത്തിയ ആശുപത്രി അധികൃതര്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കണമെന്നും കുടുംബത്തിനു തക്കതായ നഷ്ടപരിഹാരം നല്‍കണമെന്നും കോണ്‍ഗ്രസ് പനമരം ബ്ലോക്ക് കമ്മിറ്റി ജനറല്‍ സെക്രട്ടറി ടി.കെ. മമ്മൂട്ടി ആവശ്യപ്പെട്ടു.