VIDEO - താലൂക്ക് ഓഫീസ് പരിസരത്ത് പാര്‍ക്ക് ചെയ്തിരുന്ന സര്‍ക്കാര്‍ കാര്‍ കത്തി നശിച്ചു

കോട്ടയം - നഗരത്തിലെ  താലൂക്ക് ഓഫീസ് പരിസരത്ത് പാര്‍ക്ക് ചെയ്തിരുന്ന സര്‍ക്കാര്‍ കാര്‍ കത്തി നശിച്ചു.ലീഗല്‍ മെട്രോളജി വകുപ്പിന്റെ വാഹനമാണ് കത്തിയത്. സമീപത്ത് കൂട്ടിയിട്ടിരുന്ന മാലിന്യത്തില്‍ നിന്നും തീ പടര്‍ന്നതാണ് വാഹനം കത്തി നശിക്കാന്‍ കാരണം എന്നാണ് പ്രാഥമിക നിഗമനം. കോട്ടയം ഈസ്റ്റ് പോലീസ് സ്ഥലത്ത് എത്തി പരിശോധിച്ചു. ഫോറന്‍സിക് വിദഗ്ധരും സംഘത്തിലുണ്ട്. സംഭവത്തില്‍  ദുരൂഹത സംശയിക്കുന്നുണ്ട്.

കോട്ടയം ലീഗല്‍ മെട്രോളജി വകുപ്പിന്റെ KL-01 CB 3537 എന്ന ടാറ്റ സുമോ കാറാണ് കത്തിയത്. കഴിഞ്ഞ ഏഴ് വര്‍ഷമായി ലീഗല്‍ മെട്രോളജി വകുപ്പ് ഉപയോഗിക്കുന്ന രണ്ടു വാഹനങ്ങളില്‍ ഒന്നാണിത്. തിരുനക്കരക്കു സമീപം  സിവില്‍ സ്റ്റേഷന്റെ നിര്‍മ്മാണം നിലച്ച അനക്‌സ് കെട്ടിടത്തിന്റെ പാര്‍ക്കിംഗ്  ഏരിയയിലാണ് വര്‍ഷങ്ങളായി ഈ വാഹനം ഔദ്യോഗീക യാത്രകള്‍ക്ക് ശേഷം നിര്‍ത്തിയിടുന്നത്. ബുധനാഴ്ച്ച വൈകുന്നേരം ഇവിടെ പാര്‍ക്ക് ചെയ്ത  വാഹനമായിരുന്നു ഇത്. രാവിലെ 7.30 ഓടെ സമീപത്തെ വീട്ടുകാര്‍ ടയറുകള്‍ പൊട്ടിത്തെറിക്കുന്ന  ശബ്ദവും, ഒപ്പം തീ ഉയരുന്നതും കണ്ട് ഫയര്‍ഫോഴ്‌സ് അധികൃതരെ വിവരം അറിയിക്കുകയായിരുന്നു. വേഗം എത്തി തീ അണച്ചുവെങ്കിലും വാഹനം പൂര്‍ണമായും കത്തിനശിച്ചു. സമീപത്ത് കൂട്ടിയിട്ടിരുന്ന പേപ്പര്‍, പ്ലാസ്റ്റിക് മാലിന്യങ്ങളും കത്തിയിട്ടുണ്ട്. കെട്ടിടത്തിന്റെ മുകള്‍ ഭാഗത്ത് തീ വലിയ തോതില്‍ പടര്‍ന്നതും  ദൃശ്യമാണ്.

Latest News