മദീന - ഈ കൊല്ലം തിരുഗേഹങ്ങളുടെ സേവകൻ സൽമാൻ രാജാവിന്റെ ആതിഥേയത്വത്തിൽ ഉംറ കർമം നിർവഹിക്കാൻ അവസരം ലഭിച്ച തീർഥാടകരുടെ രണ്ടാം ബാച്ച് പ്രവാചക നഗരിയിലെത്തി. യൂറോപ്പ്, തെക്കേ അമേരിക്ക എന്നിവിടങ്ങളിലെ 15 രാജ്യങ്ങളിൽ നിന്നുള്ള 250 തീർഥാടകരാണ് രണ്ടാം ബാച്ചിലുള്ളത്. ബോസ്‌നിയ ആന്റ് ഹെർസഗോവിന, അൽബേനിയ, കൊസോവൊ, മാസിഡോണിയ, ക്രോയേഷ്യ, സ്ലോവേനിയ, മോണ്ടിനെഗ്രോ, സെർബിയ, ഗ്രീസ്, ബൾഗേറിയ, റുമാനിയ, പോളണ്ട്, ബ്രിട്ടൻ, ബ്രസീൽ, അർജന്റീന എന്നീ രാജ്യങ്ങളിൽ നിന്നുള്ള തീർഥാടകർ സംഘത്തിലുണ്ട്. മസ്ജിദുന്നബവി, ഖുബാ മസ്ജിദ് സിയാറത്ത്, ചരിത്ര കേന്ദ്രങ്ങളിലെ സന്ദർശനം, കിംഗ് ഫഹദ് മുസ്ഹഫ് പ്രിന്റിംഗ് കോംപ്ലക്‌സ് സന്ദർശനം എന്നിവ പൂർത്തിയാക്കി ഉംറ കർമം നിർവഹിക്കാൻ ഇവർ മക്കയിലേക്ക് തിരിക്കും.
കഴിഞ്ഞ മാസാദ്യം എത്തിയ ആദ്യ ഗ്രൂപ്പിൽ മലേഷ്യ, ഫിലിപ്പൈൻസ്, ഇന്തോനേഷ്യ, തായ്‌വാൻ, മ്യാന്മർ, വിയറ്റ്‌നാം, ലാവോസ്, ഹോങ്കോംഗ്, ജപ്പാൻ, ബ്രൂണൈ, തായ്‌ലന്റ്, ദക്ഷിണ കൊറിയ, കംബോഡിയ, മംഗോളിയ എന്നീ പതിനാലു കിഴക്കനേഷ്യൻ രാജ്യങ്ങളിൽ നിന്നുള്ള 250 തീർഥാടകരാണുണ്ടായിരുന്നത്. ഈ വർഷം രാജാവിന്റെ ആതിഥേയത്വത്തിൽ ഉംറ കർമം നിർവഹിക്കാൻ ലോക രാജ്യങ്ങളിൽ നിന്നുള്ള 1,000 പേർക്കാണ് അവസരമൊരുക്കുന്നത്.