സന്‍ആ- അമേരിക്കന്‍, ബ്രിട്ടീഷ് യുദ്ധക്കപ്പലുകള്‍ക്കു നേരെ കൂടുതല്‍ ആക്രമണം നടത്താന്‍ പദ്ധതിയിടുന്നതായി യെമനിലെ ഹൂതി മിലിഷ്യ അറിയിച്ചു.
യെമനെതിരായ 'ആക്രമണത്തില്‍' പങ്കെടുക്കുന്ന യുഎസിന്റെയും ബ്രിട്ടന്റെയും എല്ലാ യുദ്ധക്കപ്പലുകളും തങ്ങളുടെ ലക്ഷ്യമാണെന്ന് ബുധനാഴ്ച പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞു. ഇത് മേഖലയിലും സമുദ്രവ്യാപാര മേഖലയിലും വലിയ ആശങ്കയുണ്ടാക്കിയിട്ടുണ്ട്.
യെമനിലെ ഏറ്റവും ജനസാന്ദ്രതയുള്ള ഭാഗങ്ങള്‍ നിയന്ത്രിക്കുന്ന ഹൂത്തികള്‍ നവംബര്‍ 19 മുതല്‍ ചെങ്കടലിലും ഏദന്‍ ഉള്‍ക്കടലിലും ഡ്രോണുകളും മിസൈലുകളും ഉപയോഗിച്ച് ആക്രമണം നടത്തിയിരുന്നു. ഗാസയിലെ ഇസ്രായിലിന്റെ ആക്രമണത്തിനുള്ള തിരിച്ചടിയാണിതെന്നാണ് ഹൂത്തികള്‍ പറയുന്നത്.
ചെങ്കടലില്‍ പട്രോളിംഗ് നടത്തുന്നതിനിടെ യു.എസും ബ്രിട്ടനും യെമനിലെ ഹൂത്തി ലക്ഷ്യങ്ങള്‍ക്ക് നേരെ തിരിച്ചടിച്ചിരുന്നു.
യു.എസ് യുദ്ധക്കപ്പലായ യുഎസ്എസ് ഗ്രേവ്‌ലിക്ക് നേരെ ഹൂത്തികള്‍ ചൊവ്വാഴ്ച രാത്രി മിസൈല്‍ തൊടുത്തിരുന്നു. തങ്ങളുടെ സൈന്യം ഒരു കപ്പല്‍വേധ ക്രൂസ് മിസൈല്‍ വെടിവെച്ചിട്ടതായി യു.എസ് സെന്‍ട്രല്‍ കമാന്‍ഡ് അറിയിച്ചു.