മകൾ വീണക്കും കമ്പനിക്കുമെതിരായ ആരോപണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ ആദ്യമായി പ്രതികരിച്ചു. ആരോപണങ്ങൾ വ്യാജമെന്ന് ആണയിട്ട അദ്ദേഹം തനിക്കും കുടുംബത്തിനുമെതിരെ നിരന്തരം ഉയരുന്ന ആരോപണങ്ങളുടെ ഭാഗമാണിതെന്ന് സംശയലേശമില്ലാത്ത നിലപാടെടുത്തു. മകൾ ബിസിനസ് തുടങ്ങിയത് ഭാര്യയുടെ പെൻഷൻ തുക ഉപയോഗിച്ചാണെന്ന് പറഞ്ഞ അദ്ദേഹം നിങ്ങൾ ആരോപണം ഉയർത്തൂ, ജനം സ്വീകരിക്കുമോ എന്ന് നോക്കാമെന്ന് വെല്ലുവിളിക്കുകയും ചെയ്തു- ഒന്നാം പിണറായി സർക്കാരിന്റെ കാലത്തെ വെല്ലുവിളികളെ ഓർമിപ്പിക്കുന്ന നിലപാട്. ഒരാരോപണവും തന്നെ ഏശില്ലെന്ന് വ്യക്തമാക്കിയ മുഖ്യമന്ത്രി കൊട്ടാരം പോലുള്ള വീട് എന്നൊക്കെയുള്ള തനിക്കെതിരായ പഴയ കാര്യങ്ങളും ഓർമയിലെത്തിച്ചു. ഇപ്പോൾ അതിനെപ്പറ്റിയൊന്നും കേൾക്കുന്നില്ലല്ലോ എന്ന് ആരോപണം ഉന്നയിച്ചവരെ പരിഹസിക്കാനും മറന്നില്ല, നയപ്രഖ്യാപന പ്രസംഗത്തിന് നന്ദി രേഖപ്പെടുത്തുന്ന പ്രമേയ ചർച്ചയുടെ മറുപടിയിലായിരുന്നു മുഖ്യമന്ത്രിയുടെ അപ്രതീക്ഷിത നിലപാട്. മുൻപ് ഭാര്യയെ കുറിച്ചായിരുന്നു വാർത്തകൾ. പിന്നെയത് മകൾക്കെതിരെയായി.ബിരിയാണി ചെമ്പിനൊക്കെ മുൻപ് പറഞ്ഞതടക്കം ഒന്നും നമ്മളെ ഏശില്ലെന്ന് ഇടക്കിടെ പറഞ്ഞ പിണറായി വിജയൻ കൈകൾ ഉയർത്തി കാണിച്ച് ഈ കൈകൾ ശുദ്ധമാണ് എന്ന കാര്യം ആവർത്തിച്ചു കൊണ്ടിരുന്നു. മടിയിൽ കനമില്ലാത്തവന് എന്ത് പേടിക്കാനെന്ന് പഴയ നിലപാട് തന്നെ. മകൾക്കെതിരെ രജിസ്ട്രാർ ഓഫ് കമ്പനീസ് നടത്തുന്ന അന്വേഷണത്തെക്കുറിച്ച് മുഖ്യമന്ത്രി ഒന്നും പറയാത്തത് അത് നിയമ പരമായതുകൊണ്ടാണോ എന്നറിയില്ല.
ന്യൂനപക്ഷങ്ങളുടെ അവകാശങ്ങൾ സംരക്ഷിക്കാൻ ഇടതുപക്ഷം മുന്നിലുണ്ടാകുമെന്ന നിലപാടിൽ അദ്ദേഹം ഉറച്ചു നിന്നു. സംഘപരിവാറിന്റെ ഭരണ മോഹങ്ങളെ പാർലമെന്റിൽ എത്തുന്ന ഓരോ ഇടതുപക്ഷക്കാരനും ഇല്ലാതാക്കും എന്ന വാക്കുകൾ വരാൻ പോകുന്ന തെരഞ്ഞെടുപ്പിന്റെ പ്രചാരണ വാചകമായി.
കേന്ദ്രത്തിനെതിരെ സംസാരിക്കുമ്പോൾ മുട്ടു വിറക്കുമെന്ന പ്രതിപക്ഷ വാദവും മുഖ്യമന്ത്രി നിഷേധിച്ചു. ദൽഹിയിൽ നടക്കാൻ പോകുന്നത് സമ്മേളനമല്ല സമരം തന്നെയാണ്. ഒറ്റക്ക് പോകാനായിരുന്നില്ല ആഗ്രഹം. ആദ്യമേ ക്ഷണിച്ചത് യു.ഡി.എഫിനെയാണ്.
അയോധ്യാപ്രാണ പ്രതിഷ്ഠ ദിനത്തിൽ എന്താണ് കോൺഗ്രസ് ചെയ്തത്? രാഹുൽ ഗാന്ധി തന്നെ ശ്രമിച്ചത് ക്ഷേത്ര ദർശനത്തിനായിരുന്നുവെന്ന് മുഖ്യമന്ത്രിയുടെ കുത്ത്. തീവ്ര വർഗീയതയെ മൃദു വർഗീയത കൊണ്ട് നേരിടാനാകില്ല. പ്രധാന മന്ത്രിയെ വണങ്ങിയതിനെ തെറ്റായി വ്യാഖ്യാനിക്കുകയാണ്. രാഹുൽ ഗാന്ധി എന്താണ് അന്ന് പാർലമെന്റിൽ ചെയ്തത്? ആ രാഹുലിന്റെ പഴയ പ്രകടനം പോലും മുഖ്യമന്ത്രി ആയുധമാക്കി. പ്രധാനമന്ത്രിയെ വിമാനത്തിൽ കണ്ടതിനെ പ്പറ്റി കെ. സുധാകരൻ തെറ്റായി പറഞ്ഞു നടക്കുകയാണെന്ന വാക്കുകളിൽ പഴയ പോരിന്റെ ബാക്കി. പുറത്തിറങ്ങിയ സുധാകരൻ ഈ മനുഷ്യന് ചിരിക്കാൻ നാണം ഇല്ലേ എന്ന് ചോദിക്കുന്നു. കാണുമ്പോൾ ഞാൻ മിണ്ടാതിരിക്കണോ?
സ്റ്റാഫിൽ ഇന്നയാളെ വേണമെന്ന് രാജ്ഭവൻ പറഞ്ഞപ്പോഴാണ് ബി .ജെ. പി ക്കാരനെ നിയമിച്ചതെന്ന് ഹരി എസ്. കർത്തയുടെ നിയമനക്കാര്യത്തിൽ മുഖ്യമന്ത്രിയുടെ വിശദീകരണം . നിയമിക്കുവാൻ പറ്റില്ലെന്ന് സർക്കാരിന് പറയാൻ കഴിയുമോ? പ്രതിപക്ഷ നേതാവ് ഒരാളെ നിയമിക്കാൻ പറഞ്ഞാൽ പറ്റില്ല എന്ന് പറയാൻ കഴിയുമോ?
മുഖ്യമന്ത്രിയുടെ അസാധാരണ മറുപടിക്ക് മുമ്പ് സി.പി.എം അംഗം പി.വി അൻവറിൽ നിന്ന് അസാധരണമായ നിലപാടുണ്ടായി- മുഖ്യമന്ത്രിയുമായി നേരിട്ട് പോരിനിറങ്ങിയ പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെതിരെ ഗുരുതരമായ ആരോപണമാണ് അൻവർ ഉന്നയിച്ചത്. ബംഗഌരുവിലെ ഐ.ടി ലോബിക്ക് വേണ്ടിയാണ് സതീശൻ കെ.റെയിൽ വരുന്നതിനെ അട്ടിമറിക്കുന്നത്. ഇതിനായി 150 കോടി രൂപ ചേറ്റുവ കടപ്പുറത്ത് വെച്ച് ഇരുട്ടിന്റെ മറവിൽ ഏൽപ്പിച്ചിട്ടുണ്ടെന്ന് അൻവർ പറയുമ്പോൾ വാക്കുകൾക്ക് നല്ല ക്രൈം സിനിമ ഇമെജ്- സ്റ്റാർട്ട് കട്ട് പറയാതെ തന്നെ ഏത് സാധാരണ നടനും അഭിനയിച്ചു ഫലിപ്പിക്കാനാകുന്ന രംഗം. നിങ്ങൾ പറഞ്ഞതെല്ലാം ഞങ്ങളങ്ങ് വിശ്വസിച്ചു കേട്ടോ എന്ന് സോഷ്യൽ മീഡിയകളിൽ കമന്റുകൾ പറക്കുകയാണിപ്പോൾ.