കോഴിക്കോട്- നൂറ്റാണ്ടുകളായി മുസ്‌ലിംകള്‍ ആരാധന നിര്‍വഹിച്ചുപോരുന്ന ഗ്യാന്‍വ്യാപി മസ്ജിദില്‍ പൂജ നടത്താന്‍ അനുമതി നല്‍കിയ വാരാണസി ജില്ലാ കോടതിവിധി നിയമ വിരുദ്ധവും ദൂരവ്യാപക പ്രത്യാഘാതം സൃഷ്ടിക്കുന്നതുമാണെന്ന് മുസ്്‌ലിംലീഗ് പാര്‍ലമെന്റി പാര്‍ട്ടി ലീഡര്‍ ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി. മുസ്‌ലിംലീഗ് മുന്‍കൈയെടുത്ത് രാജീവ് ഗാന്ധി സര്‍ക്കാര്‍ നിയമാക്കിയ 1991 ലെ ആരാധനാലയ സംരക്ഷണ നിയമത്തിന് വിരുദ്ധമാണ് കോടതി വിധി. ഈ നിയമം ഭരണഘടനയുടെ അടിസ്ഥാനമാണെന്ന് സുപ്രീം കോടതി ശരിവെച്ചതും വ്യക്തമാക്കിയതുമാണ്.
പാര്‍ലമെന്റ് പാസാക്കിയ രാജ്യത്തെ നിയമത്തെ മുഖവിലക്കെടുക്കാതെ വാരാണസി ജില്ലാ കോടതി പുറപ്പെടുവിച്ച ഉത്തരവ് മുസ്‌ലിം സമുദായത്തോടുള്ള അനീതിയാണെന്ന് മാത്രമല്ല, നിയമവാഴ്്ചയോടുള്ള വെല്ലുവിളിയുമാണ്. ബാബരി പള്ളി പൊളിച്ച് അയോധ്യയില്‍ രാമക്ഷേത്രമുണ്ടാക്കിയ ശേഷം പുതിയ പള്ളികളില്‍ തര്‍ക്കം ഉന്നയിച്ച് പ്രശ്‌നം സൃഷ്ടിക്കാനുള്ള സംഘ്പരിവാറിന്റെ വര്‍ഗീയ അജണ്ടകള്‍ ജനാധിപത്യ സമൂഹം ഗൗരവത്തോടെ കാണണം.
എല്ലാ സമുദായങ്ങളുടെയും ആരാധനാലയങ്ങള്‍ സംരക്ഷിക്കുന്നതാണ് 1947 ഓഗസ്റ്റ് 15 കട്ടോഫ് ഡേറ്റായുള്ള 1991 ലെ ആരാധനാലയ സംരക്ഷണ നിയമം. ഇതു റദ്ദാക്കാന്‍ പാര്‍ലമെന്റില്‍ പുതിയ നിയമം കൊണ്ടുവരാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നതായി സൂചനകളുണ്ട്. തമ്മിലടിപ്പിച്ച് ഭിന്നിപ്പിച്ച് ഭരിക്കാന്‍ ശ്രമിക്കുന്നവരുടെ ഹീനമായ ശ്രമങ്ങള്‍ ചെറുത്തു തോല്‍പിക്കാന്‍ എല്ലാവരും രംഗത്തു വരണം.
നിയമത്തിനപ്പുറം വ്യാഖ്യാനിച്ച് ഒത്തുതീര്‍പ്പെന്ന രീതിയില്‍ ബാബരിപള്ളിയുടേതെന്ന് കോടതി തന്നെ സ്ഥിരീകരിച്ച ഭൂമിയാണ് രാമക്ഷേത്രത്തിന് സുപ്രീം കോടതി നല്‍കിയത്. എല്ലാ പ്രശ്‌നങ്ങളും അവസനിച്ച് സാമുദായി സൗഹാര്‍ദ്ദം ആഗ്രഹിച്ച് വേദനയോടെയെങ്കിലും ആ വിധി മുസ്‌ലിം സമുദായം മാനിക്കുകയായിരുന്നു. ആരാധനാലയ സംരക്ഷണ നിയമം കാറ്റില്‍ പറത്തി ഒരു ജില്ലാ കോടതി വിധി പുറപ്പെടുവിക്കുമ്പോള്‍ അതു തിരുത്താന്‍ മേല്‍കോടതികള്‍ തയാറാവുമെന്നാണ് പ്രത്യാശയെന്നും മതേതര സമൂഹം ജാഗ്രതയോടെ മുന്നോട്ടു പോകണമെന്നും ഇ.ടി ആവശ്യപ്പെട്ടു.