Sorry, you need to enable JavaScript to visit this website.

സൗമ്യയുടെ ആത്മഹത്യ: അന്വേഷണം വേണമെന്ന ആവശ്യം ശക്തമാകുന്നു

കണ്ണൂര്‍- പിണറായി കൂട്ടക്കൊലക്കേസ് പ്രതി വണ്ണത്താന്‍ വീട്ടില്‍ സൗമ്യ, കണ്ണൂര്‍ വനിതാ സബ് ജയിലില്‍ ജീവനൊടുക്കിയ സംഭവത്തില്‍ വിശദാന്വേഷണം വേണമെന്ന ആവശ്യം ശക്തമാവുന്നു. സൗമ്യയുടെ ബന്ധുക്കള്‍ക്കു പിന്നാലെ തടവുകാരുടെ അവകാശ പ്രവര്‍ത്തകരുടെ കൂട്ടായ്മയും, കണ്ണൂര്‍ ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയുമാണ് ഈ ആവശ്യം ഉന്നയിച്ചത്. അതിനിടെ ജയില്‍ ഡി.െഎ.ജി എസ്.സന്തോഷ് ഇന്ന് വനിതാ ജയില്‍ സന്ദര്‍ശിക്കും.
വനിതാ ജയിലിലെ സുരക്ഷാ പിഴവുകളാണ് സൗമ്യയുടെ മരണത്തില്‍ കലാശിച്ചതെന്നാണ് പ്രാഥമിക വിലയിരുത്തല്‍. മൂന്ന് ഏക്കറോളം വിസ്തൃതിയുള്ള ജയിലില്‍ ഉദ്യോഗസ്ഥരുടെ കണ്ണു വെട്ടിച്ച് സൗമ്യ ആത്മഹത്യ ചെയ്തുവെന്ന വാദം ബന്ധുക്കള്‍ നേരത്തെ തള്ളിയിരുന്നു. ഈ ദുരൂഹത നിലനില്‍ക്കുന്നതിനാലാണ് മൃതദേഹം ഏറ്റുവാങ്ങാന്‍ ഇവര്‍ വിസമ്മതിച്ചത്. ഈ സംശയം സംഭവത്തില്‍ കേസെടുത്ത മനുഷ്യാവകാശ കമ്മീഷനും പ്രകടിപ്പിച്ചിരുന്നു. തടവുകാരുടെ എണ്ണത്തില്‍ കൂടുതല്‍ ജീവനക്കാരുള്ള ജയിലിലാണ് ഈ വീഴ്ചയുണ്ടായതെന്നാണ് സംഭവം ഗൗരവമുള്ളതാക്കുന്നത്. മാത്രമല്ല, സര്‍വീസ് ചട്ടങ്ങള്‍ മറികടന്നാണ് ഇവിടെ ഉദ്യോഗസ്ഥരെ നിയമിക്കുന്നതും നിലനര്‍ത്തുന്നതും എന്നുള്ള ആരോപണങ്ങളും ശക്തമായിക്കഴിഞ്ഞു. മൂന്നു വര്‍ഷത്തില്‍ കൂടുതല്‍ ഒരാള്‍ ഒരേ തസ്തികയില്‍ പാടില്ലെന്ന ചട്ടം മറികടന്നാണ് ഇവിടെ ജയില്‍ സൂപ്രണ്ട് പത്തു വര്‍ഷമായി ഒരേ കസേരയില്‍ തുടരുന്നതെന്നാണ് ആരോപണം. മാത്രമല്ല, ജയില്‍ ജീവനക്കാര്‍ കൂട്ട അവധിയെടുക്കുന്നതും പതിവാണ്. ജയില്‍ സൂപ്രണ്ടും ഡപ്യൂട്ടി സൂപ്രണ്ടും ഒരേ സമയം അവധിയെടുക്കാന്‍ പാടില്ലെന്ന ചട്ടവും ഇവിടെ പാലിക്കാറില്ല.
സൗമ്യയുടെ ആത്മഹത്യയുടെ പശ്ചാത്തലത്തില്‍ പിണറായി കൂട്ടക്കൊലക്കേസ് പുനരന്വേഷിക്കണമെന്ന ആവശ്യവും കല്‍പറ്റ നാരായണന്‍ അടക്കമുള്ളവര്‍ അംഗങ്ങളായ തടവുകാരുടെ അവകാശ സംരക്ഷണ കൂട്ടായ്മ ആവശ്യപ്പെട്ടിട്ടുണ്ട്. സമീപ കാലത്തെ കസ്റ്റഡി മരണങ്ങളുടെ പശ്ചാത്തലത്തില്‍ സൗമ്യയുടെ മരണം അങ്ങേയറ്റം ഗൗരവമുള്ളതാണെന്നും, സൗമ്യയുടേതായി കണ്ടെടുത്ത ആത്മഹത്യാ കുറിപ്പില്‍ താന്‍ നിരപരാധിയാണെന്നാണ് പറഞ്ഞിട്ടുള്ളതെന്നും പിണറായി കേസില്‍ പോലീസിന്റെയും പ്രോസിക്യൂഷന്റെയും ഭാഷ്യവും ഏക പ്രതിയുടെ അസ്വാഭാവിക മരണവുമെല്ലാം ദുരൂഹതയുയര്‍ത്തുന്നതാണെന്നും അതിനാല്‍ മറ്റ് ഏതെങ്കിലും ഏജന്‍സിയെ കൊണ്ട് കേസ് അന്വേഷിപ്പിക്കണമെന്ന ആവശ്യവും ഇവര്‍ മുന്നോട്ടു വെക്കുന്നു.
മരണത്തില്‍ അധികൃതരുടെ അനാസ്ഥയുണ്ടെന്ന ആരോപണം നിലനില്‍ക്കുന്നതിനാലാണ് ജയില്‍ ഡി.െഎ.ജി ഇന്ന് കണ്ണൂര്‍ ജയില്‍ സന്ദര്‍ശിക്കുന്നത്. ഉന്നത ഉദ്യോഗസ്ഥരില്‍ നിന്നും സംഭവ ദിവസം ഡ്യൂട്ടിയില്‍ ഉണ്ടായിരുന്നവരില്‍ നിന്നും അദ്ദേഹം വിവരങ്ങള്‍ ശേഖരിക്കും. സംഭവത്തില്‍ പ്രാഥമിക റിപ്പോര്‍ട്ട് ജയില്‍ വെല്‍ഫെയര്‍ ഓഫീസര്‍ മുകേഷ്, ഡി.ഐ.ജിക്കു സമര്‍പ്പിച്ചിരുന്നു. സന്ദര്‍ശനത്തിനു ശേഷം ഡി.ഐ.ജി, ജയില്‍ ഡി.ജി.പിക്കു റിപ്പോര്‍ട്ടു സമര്‍പ്പിക്കും. ഇതിനു ശേഷമാവും തുടര്‍ നടപടികളുണ്ടാവുക. ഒരു മാസത്തിനകം വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ മനുഷ്യാവകാശ കമ്മീഷന്‍, ജയില്‍ ഡി.ജി.പിക്കു നിര്‍ദേശം നല്‍കിയിരുന്നു.
അതിനിടെ, സൗമ്യയുടെ മരണ റിപ്പോര്‍ട്ട് ലഭിച്ചാലുടന്‍ കേസ് അവസാനിപ്പിക്കാനാണ് പോലീസ് ആലോചിക്കുന്നത്. കേസില്‍ അന്വേഷണം പൂര്‍ത്തിയാക്കി കുറ്റപത്രം നല്‍കിയതിനാല്‍ ഇത് സംബന്ധിച്ച നടപടികള്‍ എളുപ്പമാവും. സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തിയാണ് കുറ്റപത്രം സമര്‍പ്പിച്ചതെന്നും ഇനി ഏത് ഏജന്‍സി അന്വേഷിക്കുന്നതിലും വിരോധമില്ലെന്നുമാണ് കേസന്വേഷിച്ച ഉദ്യോഗസ്ഥന്റെ നിലപാട്.

 

Latest News