Sorry, you need to enable JavaScript to visit this website.

മൂക്കന്നൂര്‍ കൂട്ടക്കൊലക്കേസ് പ്രതി ബാബുവിന് വധശിക്ഷ

കൊച്ചി- അങ്കമാലി മൂക്കന്നൂര്‍ കൂട്ടക്കൊല കേസ് പ്രതി ബാബുവിന് കോടതി വധശിക്ഷ വിധിച്ചു. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരായ അതിക്രമം പരിഗണിക്കുന്ന പ്രത്യേക കോടതി ജഡ്ജി കെ. സോമനാണ് സ്മിത (33) വധക്കേസില്‍ ബാബുവിന് വധശിക്ഷ വിധിച്ചത്. മറ്റ് രണ്ടു കൊലപാതകങ്ങളില്‍ ഇരട്ട ജീവപര്യന്തം തടവും വിവിധ വകുപ്പുകളിലായി 4,10,000 രൂപ പിഴയും കോടി വിധിച്ചു. 

ദാരുണമായാണ് സ്മിതയെ കൊലപ്പെടുത്തിയതെന്നാണ് കോടതി കണ്ടെത്തിയത്. കേസ് അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമായതിനാലാണ് വധശിക്ഷ വിധിച്ചതെന്ന് കോടതി വ്യക്തമാക്കി. സ്മിതയുടെ ശരീരത്തില്‍ 35 വെട്ടുകളാണുണ്ടായിരുന്നത്. 

2018 ഫെബ്രുവരി 11നായിരുന്നു കൊലപാതകം. സഹോദരന്‍ ശിവന്‍, ഭാര്യ വല്‍സല, മകള്‍ സ്മിത എന്നിവരെ ബാബു വെട്ടിക്കൊലപ്പെടുത്തിയെന്നാണ് കേസ്. ആക്രമണം തടയാന്‍ ശ്രമിച്ച സ്മിതയുടെ ഇരട്ടക്കുട്ടികള്‍ക്ക് നേരെയും ആക്രമണം നടത്തി. 

സ്വത്തു തര്‍ക്കത്തെ തുടര്‍ന്നാണ് ബാബു സഹോദരനെയും കുടുംബത്തെയും വീട്ടില്‍ കയറി വെട്ടിക്കൊലപ്പെടുത്താന്‍ കാരണമായത്. കൊലപാതകത്തിന് ശേഷം കൊരട്ടിയിലെ ക്ഷേത്രക്കുളത്തില്‍ സ്‌കൂട്ടറുമായി ചാടി ആത്മഹത്യക്ക് ശ്രമിച്ചെങ്കിലും   പ്രദേശവാസികളും പൊലീസും ചേര്‍ന്ന് പിടികൂടുകയായിരുന്നു.

Latest News