മലപ്പുറം- പ്രമുഖ പ്രഭാഷകനും അധ്യാപകനുമായ സയ്യിദ് മുഹമ്മദ് ഷാക്കിർ പുളിക്കൽ മദീനത്തുൽ ഉലൂം അറബി കോളേജിന്റെ പ്രിൻസിപ്പൽ സ്ഥാനത്തുനിന്ന് വിരമിക്കുന്നു. സ്വയം വിരമിക്കൽ അനുസരിച്ചാണ് കോളേജിന്റെ പടിയിറങ്ങുന്നത്. 1993-ൽ കോളേജിൽ അധ്യാപകനായി എത്തിയ ഷാക്കിർ, അധ്യാപകനും പ്രിൻസിപ്പലുമായി ഏറെക്കാലം കോളേജിന്റെ ഭാഗമായിരുന്നു. ഡിഗ്രി, പിജി പരീക്ഷകളിൽ യൂണിവേഴ്‌സിറ്റി റാങ്കോടെയാണ് വിജയിച്ചത്. ഇടക്കാലത്ത് സൗദിയിൽ ജോലി ചെയ്‌തെങ്കിലും വീണ്ടും കോളേജിൽ അധ്യാപകനായി എത്തി.
15 വർഷക്കാലത്തെ പ്രിൻസിപ്പൽ പദവിയിൽ കുറെയൊക്കെ കാര്യങ്ങൾ ചെയ്യാൻ കഴിഞ്ഞുവെന്നും സഹപ്രവർത്തകരുടെയും പൂർവ്വ വിദ്യാർഥികളുടെയും മറ്റ് ഗുണകാംക്ഷികളുടെയും സഹായ സഹകരണങ്ങൾ ലഭിച്ചുവെന്നും അദ്ദേഹം പറഞ്ഞു. ആൾ കേരള പ്രിൻസിപ്പൽസ് കൗൺസിൽ, കൺസോർഷ്യം ഓഫ് പ്രിൻസിപ്പൽസ് ഓഫ് എയ്ഡഡ് അറബിക് കോളേജസ് കൺവീനർ, മാനേജർസ് ആന്റ് പ്രിൻസിപ്പൽസ് അസോസിയേഷൻ സെക്രട്ടറി, ഫെഡറേഷൻ ഓഫ് മുസ്‌ലിം കോളേജസ് എക്‌സിക്യൂട്ടിവ് അംഗം എന്നീ നിലകളിലും പ്രവർത്തിച്ചിരുന്നു. പ്രമുഖ പണ്ഡിതൻ പരേതനായ കെ.എസ്.കെ തങ്ങളുടെ മകനാണ് മുഹമ്മദ് ഷാക്കിർ.