തിരുവനന്തപുരം - തന്റെ കൈകള്‍ ശുദ്ധമാണെന്നും ഭാര്യയുടെ പെന്‍ഷന്‍ തുക ഉപയോഗിച്ചാണ് മകള്‍ ബിസിനസ് തുടങ്ങിയതെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. ആരോപണങ്ങള്‍ വ്യാജമെന്ന് പറഞ്ഞ അദ്ദേഹം തനിക്കും കുടുംബത്തിനുമെതിരെ ഉയരുന്ന തുടര്‍ ആരോപണങ്ങളുടെ ഭാഗമാണിതെന്നും പറഞ്ഞു. ആദ്യമായാണ് മുഖ്യമന്ത്രി നിയമസഭയില്‍ ഇത് സംബന്ധിച്ച് ആരോപണങ്ങളോട് പ്രതികരിച്ചത്. മകള്‍ ബിസിനസ് തുടങ്ങിയത് ഭാര്യയുടെ പെന്‍ഷന്‍ തുക ഉപയോഗിച്ചാണ്. നിങ്ങള്‍ ആരോപണം ഉയര്‍ത്തു, ജനം സ്വീകരിക്കുമോ എന്ന് കാണാമെന്ന് പ്രതിപക്ഷത്തെ അദ്ദേഹം വെല്ലുവിളിക്കുകയും ചെയ്തു. ഒരാരോപണവും തന്നെ ഏശില്ലെന്നും വ്യക്തമാക്കി. കൊട്ടാരം പോലുള്ള വീട് എന്നൊക്കെ പറഞ്ഞത് ഇപ്പോള്‍ കേള്‍ക്കുന്നില്ല. മുന്‍പ് ഭാര്യയെ കുറിച്ചായിരുന്നു ആരോപണങ്ങള്‍. ഇപ്പോള്‍ മകള്‍ക്കെതിരെ ആയി. ബിരിയാണി ചെമ്പെന്നതടക്കം മുന്‍പ് പറഞ്ഞ ഒന്നും ഏശില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. എന്നാല്‍ മകള്‍ക്കെതിരെ രജിസ്ട്രാര്‍ ഓഫ് കമ്പനീസ് നടത്തുന്ന അന്വേഷണത്തോട് മുഖ്യമന്ത്രി പ്രതികരിച്ചില്ല.