Sorry, you need to enable JavaScript to visit this website.

എൻഡോസൾഫാൻ ഇരകൾ വീണ്ടും പോരാട്ടത്തിൽ

കലക്ടറേറ്റ് മാർച്ച് നടത്തി. കലക്ടറേറ്റ് പടിക്കൽ സത്യഗ്രഹം നടത്തി. 19.11.2023 ന് നവകേരള സദസ്സിൽ നിവേദനം നൽകി. നാന്നൂറിലധികം അമ്മമാർ നീതി തേടി 2023 ഡിസംബർ 8 ന് സെക്രട്ടറിയേറ്റ് മാർച്ച് നടത്തി. എന്നാൽ ഭരണാധികാരികളുടെ കണ്ണു തുറന്നില്ല. 2019 ൽ മുഖ്യമന്ത്രി എടുത്ത തീരുമാനമാണ് ഇപ്പോഴും നടപ്പാക്കാത്തത് എന്ന് ദുരിതബാധിതർ ചൂണ്ടിക്കാട്ടുന്നു.

 

നീതിക്കും പിറന്ന മണ്ണിൽ മനുഷ്യരായി ജീവിക്കാനുള്ള അവകാശത്തിനും വേണ്ടി കാസർകോട്ടെ എൻഡോസൾഫാൻ ദുരിത ബാധിതർ ഒരിക്കൽ കൂടി പോരാട്ടത്തിനിറങ്ങിയിരിക്കുകയാണ്. ദുരിത ബാധിതരുടെ പട്ടികയിൽ ഉൾപ്പെടുത്തി കാരണമില്ലാതെ ഒഴിവാക്കിയ 1031 പേരെ തിരിച്ചെടുക്കുക, അതുമായി ബന്ധപ്പെട്ട വിവാദ ഉത്തരവ് പിൻവലിക്കുക, ദുരിത ബാധിതർക്ക് ചികിത്സയും മരുന്നും നൽകുക, എൻഡോസൾഫാൻ സെൽ യോഗം ചേരുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ്  എൻഡോസൾഫാൻ പീഡിത ജനകീയ മുന്നണിയുടെ നേതൃത്വത്തിൽ കാഞ്ഞങ്ങാട് മിനി സിവിൽ സ്റ്റേഷനു മുമ്പിൽ അനിശ്ചിതകാല സമരം ആരംഭിച്ചിരിക്കുന്നത്. പതിറ്റാണ്ടുകളായി അനുഭവിക്കുന്ന ദുരിതങ്ങൾക്കും അവഗണനക്കുമെതിരാണ് ഈ പോരാട്ടമെന്ന് മുന്നണി പ്രവർത്തകർ പറയുന്നു.

വർഷങ്ങൾക്കു മുമ്പ് പ്രതിപക്ഷ നേതാവായിരുന്ന വി.എസ്. അച്യുതാനന്ദൻ ചെയർമാനും അമ്പലത്തറ കുഞ്ഞികൃഷ്ണൻ കൺവീനറുമായി തിരുവനന്തപുരത്ത് വെച്ച് രൂപീകരിച്ച സമര സംഘാടക സമിതിയുടെ നേതൃത്വത്തിൽ 2016 ജനുവരിയിൽ സെക്രട്ടറിയേറ്റിനു മുമ്പിൽ എൻഡോസൾഫാൻ ദുരിതബാധിതരായ അറുപതോളം കുട്ടികളും നൂറിലധികം അമ്മമാരും കൂടി ചേർന്ന് നടത്തിയ ഐതിഹാസിക സമരത്തെ പിന്തുണക്കാൻ അന്ന് ഭരണ, പ്രതിപക്ഷ ഭേദമെന്യേ പൊതുസമൂഹം തയാറാവുകയായിരുന്നു. 

ഇതേത്തുടർന്നു നടന്ന ഒത്തുതീർപ്പു വ്യവസ്ഥയിൽ പ്രത്യേക മെഡിക്കൽ ക്യാമ്പ് നടത്താൻ ധാരണയായി. അതനുസരിച്ച്  2017 ഏപ്രിൽ അഞ്ചു മുതൽ ഒമ്പതു വരെ ജില്ലയിലെ അഞ്ച് സ്ഥലങ്ങളിലായി ബദിയടുക്ക, ബോവിക്കാനം, പെരിയ, രാജപുരം, ചീമേനി തുടങ്ങിയ മേഖലകളിൽ പ്രത്യേക മെഡിക്കൽ ക്യാമ്പുകൾ നടത്തി. അപ്പോഴേക്കും  മുഖ്യമന്ത്രിയായി പിണറായി വിജയൻ അധികാരമേറ്റിരുന്നു. പ്രസ്തുത ക്യാമ്പിലേക്ക് ഏഴായിരത്തോളം അപേക്ഷകർ ഉണ്ടായിരുന്നുവെങ്കിലും 4738 പേർക്കാണ്  പങ്കെടുക്കാൻ അനുമതി ലഭിച്ചത്. 3888 പേർ പരിശോധനയ്ക്ക് വിധേയമായി. കോഴിക്കോട്, തിരുവനന്തപുരം തുടങ്ങിയ മെഡിക്കൽ കോളേജുകളിലെ വിദഗ്ധ ഡോക്ടർമാരാണ്  പരിശോധന നടത്തിയത്. 1905 ദുരിതബാധിതരെ കണ്ടെത്തിയതായി അന്നത്തെ ഡെപ്യൂട്ടി കലക്ടറിൽ നിന്നും മനസ്സിലാക്കാൻ കഴിഞ്ഞതായും  മാധ്യമങ്ങളിൽ അതേക്കുറിച്ചുള്ള വാർത്തകൾ വന്നതായും പീഡിത ജനകീയ മുന്നണി കൺവീനർ അമ്പലത്തറ കുഞ്ഞികൃഷ്ണൻ പറയുന്നു.
അതേസമയം സെല്ലിന്റെ ചുമതലയുള്ള ഡെപ്യൂട്ടി കലക്ടർ 1905 ദുരിതബാധിതരുടെ അന്തിമ ലിസ്റ്റ് തയാറാക്കി അവതരിപ്പിക്കാൻ തയാറായെങ്കിലും  ആരുടെയൊക്കെയോ സമ്മർദം കൊണ്ട് അത് 287 ആയി ചുരുക്കി അദ്ദേഹത്തിന് അവതരിപ്പിക്കേണ്ടി വന്നതായും  എൻഡോസൾഫാൻ ദുരന്തത്തിന്റെ കാഠിന്യം  കുറച്ച് അവതരിപ്പിക്കുക എന്ന മനുഷ്യത്വ വിരുദ്ധ സമീപനമാണ് ഇതിനു പിന്നിലുള്ളതെന്നും മുന്നണി ആരോപിക്കുന്നു.

2010 ൽ 4182, 2011 ൽ 1318, 2013 ൽ 348 എന്നിങ്ങനെയാണ് വിവിധ മെഡിക്കൽ ക്യാമ്പിലൂടെ എൻഡോസൾഫാൻ ദുരിതബാധിതരായി കണ്ടെത്തിയത്. എന്നാൽ ഈ എണ്ണത്തിൽ കുറവ് കാണിക്കുക എന്നത് കമ്പനികളുടെ ആവശ്യമായിരുന്നു. അതിനു കാരണമുണ്ട്. ഉഥഎക നേടിയ 2017 ലെ സുപ്രീം കോടതി വിധിയനുസരിച്ച് കേരള സർക്കാർ 5 ലക്ഷം രൂപ പട്ടികയിൽ ഉൾപ്പെട്ട മുഴുവൻ പേർക്കും നൽകണം. കൂടാതെ ആജീവനാന്ത ചികിത്സയും ലഭ്യമാക്കണം. ഇതിനാവശ്യമായ തുകയത്രയും കമ്പനിയിൽ നിന്നും ഈടാക്കണം. ഇല്ലെങ്കിൽ കേന്ദ്ര സർക്കാരിൽ നിന്നും വാങ്ങണം. സ്വാഭാവികമായും കമ്പനികളെ ഈ വിധി ഭയപ്പെടുത്തി. ഇനി ഈ വിധി മുഴുവൻ കീടനാശിനി കമ്പനികൾക്കും ബാധകമായേക്കുമോ എന്ന് അവർ ആശങ്കപ്പെടുക സ്വാഭാവികം. പക്ഷേ ഇവിടെ പ്രസക്തമായ ചോദ്യം എന്തുകൊണ്ട് കേരള സർക്കാർ വിധി നടപ്പാക്കാൻ കോടതിയെ സമീപിക്കുന്നില്ല എന്നതാണ്.  കമ്പനികളെ രക്ഷിക്കാനുള്ള കാരണം കൊണ്ടാണ് 1905 എന്നുള്ളത് 287 ആയി ചുരുക്കിയത് എന്നതിൽ യാതൊരു സംശയവുമില്ല.

ഈയൊരു സന്ദർഭത്തിലാണ് എൻഡോസൾഫാൻ പീഡിത ജനകീയ മുന്നണിയുടെ നേതൃത്വത്തിൽ സെക്രട്ടറിയേറ്റിനു മുന്നിലടക്കം വൻപ്രതിഷേധങ്ങൾ നടന്നത്. അതിന്റെ ഭാഗമായി 76 പേരെ കൂട്ടിച്ചേർത്തു. അപ്പോഴും ഭൂരിപക്ഷം കുട്ടികളും പട്ടികക്ക് പുറത്തു തന്നെയായിരുന്നു. 2019 ജനുവരി 30 മുതൽ തിരുവനന്തപുരം സെക്രട്ടറിയേറ്റിന് മുമ്പിൽ അമ്മമാർ ഏറ്റെടുത്ത അനിശ്ചിതകാല പട്ടിണി സമരത്തെ തുടർന്ന് 1905 ൽപെട്ട 18 വയസ്സിൽ താഴെയുള്ള കുട്ടികളെ പരിശോധനകളൊന്നും നടത്താതെ ലിസ്റ്റിൽ പെടുത്താനും ബാക്കി വരുന്നവരുടെ മെഡിക്കൽ റെക്കാർഡു പരിശോധിച്ച് അർഹതപ്പെട്ടവരെ ഉൾപ്പെടുത്താനും മുഖ്യമന്ത്രി  പിണറായി വിജയന്റെ സാന്നിധ്യത്തിൽ തീരുമാനമായി. ഇതിന്റെ അടിസ്ഥാനത്തിൽ പതിനെട്ടു വയസ്സിൽ താഴെയുള്ള 511 കുട്ടികളെ കൂടി ലിസ്റ്റിൽ പെടുത്തി. അവർക്ക് ചികിത്സയും മറ്റു സഹായങ്ങളും നിലവിൽ ലഭിച്ചു വരുന്നു. എന്നാൽ ബാക്കി വന്ന 1031 പേരുടെ കാര്യത്തിൽ നാളിതുവരെ യാതൊരു നടപടികളുമുണ്ടായില്ല. ഇതിൽ പലരും ഇന്ന് ജീവിച്ചിരിപ്പില്ല. ആദ്യ കാലങ്ങളിൽ ചിലർക്കെല്ലാം സൗജന്യ ചികിത്സ നൽകിയിരുന്നുവെങ്കിലും പിന്നീടതും നിർത്തി. രണ്ടും മൂന്നും ദുരിതബാധിതരുള്ള കുടുംബങ്ങൾ ഇക്കൂട്ടത്തിലുണ്ട്. ഇവരുടെ വീടുകളിൽ കയറിച്ചെന്നാൽ യാഥാർത്ഥ്യം ആർക്കും ബോധ്യമാകും. 
കലക്ടറേറ്റ് മാർച്ച് നടത്തി. കലക്ടറേറ്റ് പടിക്കൽ സത്യഗ്രഹം നടത്തി. 19.11.2023 ന് നവകേരള സദസ്സിൽ നിവേദനം നൽകി. നാന്നൂറിലധികം അമ്മമാർ നീതി തേടി 2023 ഡിസംബർ 8 ന് സെക്രട്ടറിയേറ്റ് മാർച്ച് നടത്തി. എന്നാൽ ഭരണാധികാരികളുടെ കണ്ണു തുറന്നില്ല. 2019 ൽ മുഖ്യമന്ത്രി എടുത്ത തീരുമാനമാണ് ഇപ്പോഴും നടപ്പാക്കാത്തത് എന്ന് ദുരിതബാധിതർ ചൂണ്ടിക്കാട്ടുന്നു.
 

Latest News