Sorry, you need to enable JavaScript to visit this website.

പ്രതിപക്ഷ നേതാവിനെതിരേ ഗുരുതര ആരോപണം; കെ റെയിൽ അട്ടിമറിക്കാൻ 150 കോടി കൈക്കൂലി വാങ്ങിയെന്ന് പി.വി അൻവർ

- വി.ഡി സതീശനൊപ്പം സാമാജികനായി ഇരിക്കേണ്ടി വന്നതിൽ തല കുനിക്കുന്നുവെന്ന് പി.വി അൻവർ

തിരുവനന്തപുരം - പ്രതിപക്ഷ നേതാവ് വി.ഡി സതീശനെതിരെ നിയമസഭയിൽ കടുത്ത അഴിമതി ആരോപണവുമായി പി.വി അൻവർ എം.എൽ.എ. കെ റെയിൽ അട്ടിമറിക്കാൻ വൻ സാമ്പത്തിക ഗൂഢാലോചന നടന്നുവെന്നും വി ഡി സതീശനാണ് ഇതിന് ചുക്കാൻ പിടിച്ചതെന്നും ഇതിലൂടെ 150 കോടി സതീശന്റെ കയ്യിലെത്തിയെന്നും അൻവർ ആരോപിച്ചു. 
 മത്സ്യം കയറ്റി വരുന്ന ലോറിയിലാണ് പണം എത്തിയത്. മൂന്ന് ഘട്ടങ്ങളിലായി 50 കോടി രൂപ വീതം 150 കോടി രൂപ ചാവക്കാട് എത്തി. ചാവക്കാട് നിന്ന് ആംബുലൻസിൽ പണം കൊണ്ടുപോയി. ഈ പണം കർണാടകയിലാണ് നിക്ഷേപിച്ചത്. സതീശൻ സ്ഥിരമായി ബാംഗ്ലൂരിലേക്ക് പോകുന്നുണ്ടെന്നും യാത്രാരേഖകൾ പരിശോധിക്കണമെന്നും പി വി അൻവർ ആവശ്യപ്പെട്ടു. കോടികളുടെ അഴിമതിയാണ് സതീശൻ നടത്തിയത്. കർണാടകയിലെയും ഹൈദരാബാദിലെയും കമ്പനികളെ കൂട്ടുപിടിച്ച് സർക്കാരിന്റെ സ്വപ്‌ന പദ്ധതിയായ കെ റെയിലിനെ അട്ടിമറിക്കാൻ ശ്രമിച്ചുവെന്നും അൻവർ ആരോപിച്ചു. 
 ഒന്നാം ഘട്ടത്തിൽ പ്രതിപക്ഷം കെ റെയിലിനെതിരെ കാര്യമായ എതിർപ്പ് ഉയർത്തിയിരുന്നില്ല. എന്നാൽ പിന്നീട് ചില മാധ്യമങ്ങളെ കൂട്ടുപിടിച്ച് ജനങ്ങളെ പ്രതിപക്ഷം തെറ്റിദ്ധരിപ്പിച്ചു. ചില മാധ്യമങ്ങളെ കൂട്ടുപിടിച്ച് പദ്ധതിക്ക് എതിരെ കുപ്രചരണം നടത്തി. സതീശനായിരുന്നു ഇതിന്റെയെല്ലാം നേതാവ്. പ്രതിപക്ഷ നേതാവിന്റെ അഴിമതിയും ഗൂഢാലോചനയും അന്വേഷിക്കണം. ധിക്കാരിയും അഭിനേതാവുമാണ് സതീശൻ. വി.ഡി സതീശനൊപ്പം സാമാജികനായി ഇരിക്കേണ്ടി വന്നതിൽ തല കുനിക്കുന്നുവെന്നും പി.വി അൻവർ കുറ്റപ്പെടുത്തി.
 എ.ഐ.സി.സി ജനറൽസെക്രട്ടറി കെ സി വേണുഗോപാലിനെതിരെയും പി വി അൻവർ ആരോപണം ഉന്നയിച്ചു. കോർപ്പറേറ്റ് കമ്പനികൾ വേണുഗോപാലുമായി ഗൂഢാലോചന നടത്തി ഉത്തരവാദിത്വം പ്രതിപക്ഷ നേതാവിനെ ഏൽപ്പിക്കുകയായിരുന്നു. ശ്രമം വിജയിച്ചാൽ കേരളത്തിന്റെ മുഖ്യമന്ത്രി പദമാണ് സതീശന് മുന്നിൽ വച്ചിരുന്ന ഓഫറെന്നും അൻവർ ആരോപിച്ചു.

Latest News