ഇടുക്കി - തൊടുപുഴയിൽ അഞ്ചാം ക്ലാസ് വിദ്യാർത്ഥികളെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയ സർക്കാർ ഹോസ്റ്റൽ വാർഡൻ അറസ്റ്റിൽ. കരുനാഗപ്പള്ളി സ്വദേശി രാജീവാണ് അറസ്റ്റിലായതെന്ന് തൊടുപുഴ പോലീസ് പറഞ്ഞു.
പീഡനത്തിനിരയായെന്ന് ഹോസ്റ്റലിലെ അഞ്ച് കുട്ടികൾ നല്കിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. പട്ടികവർഗ വകുപ്പാണ് വാർഡനെതിരെ പോലീസിൽ പരാതി നല്കിയത്. ഹോസ്റ്റലിനുള്ളിൽ വച്ച് പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയെന്നായിരുന്നു കുട്ടികളുടെ മൊഴി. സംഭവത്തിൽ പോലീസും ചൈൽഡ് വെൽഫെയർ കമ്മിറ്റിയും കൂടുതൽ തെളിവെടുപ്പുകൾ നടത്തിവരികയാണ്. ആളില്ലാത്ത സമയത്ത് ഹോസ്റ്റലിലെ അഞ്ചു കുട്ടികളെ വാർഡൻ വിളിച്ചു വരുത്തി പീഡിപ്പിക്കുകയായിരുന്നു. പിന്നീട് കൗൺസലിംഗിലൂടെ സംഭവം സ്ഥിരീകരിച്ചു. മെഡിക്കൽ പരിശോധനയിൽ കുട്ടികൾ പ്രകൃതിവിരുദ്ധ പീഡനത്തിനിരയായിട്ടുണ്ടെന്ന് വ്യക്തമായെന്നും പോലീസ് പറഞ്ഞു.
തൊടുപുഴ ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്‌ട്രേറ്റിന് മുമ്പാകെ കുട്ടികളുടെ രഹസ്യമൊഴിയും രേഖപ്പെടുത്തി. ശേഷമാണ് വാർഡനെ അറസ്റ്റുചെയ്തത്. അതിനിടെ പ്രതി കൂടുതൽ പേരെ പിഡിപ്പിച്ചിട്ടുണ്ടോയെന്നും സംശയമുണ്ട്. അതിനാൽ എല്ലാവരെയും കൗൺസലിംഗിന് വിധേയമാക്കുന്നതടക്കമുള്ള കാര്യങ്ങളും അധികൃതരുടെ പരിഗണനയിലുണ്ട്.