Sorry, you need to enable JavaScript to visit this website.

യുഎഇയിലേക്ക് സന്ദര്‍ശക വീസ ലഭിക്കാന്‍ ഇനി സെക്യൂരിറ്റി തുക കെട്ടിവയ്‌ക്കേണ്ടി വരും

അബുദബി- യുഎഇയിലേക്ക് തൊഴില്‍ തേടി വിസിറ്റ്, ടൂറിസ്റ്റ് വീസകളിലെത്തുന്നവര്‍ക്ക് ഇനി സെക്യൂരിറ്റി തുക കെട്ടിവയ്‌ക്കേണ്ടി വന്നേക്കും. ഇതുനടപ്പിലായാല്‍ സെക്യൂരിറ്റി തുക മുന്‍കൂറായി അടച്ചാല്‍ മാത്രമെ സന്ദര്‍ശക വീസ അനുവദിക്കൂവെന്ന് ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡിന്റിറ്റി ആന്റ് സിറ്റിസന്‍ഷിപ്പ് വ്യക്തമാക്കി. ചില രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തുന്ന കാര്യമാണ് പരിഗണനയിലുള്ളത്. വീസിറ്റ്, ടൂറിസ്റ്റ് വീസകളിലെത്തുന്നവരാണ് രാജ്യത്ത് അനധികൃതമായി തങ്ങുന്നവരില്‍ ഭൂരിഭാഗവുമെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് പുതിയ നീക്കം. ഇപ്പോള്‍ നടന്നുവരുന്ന പൊതുമാപ്പിന്റെ ആനുകൂല്യം തേടിയെത്തിയ അനധികൃത താമസക്കാരില്‍ ഏറിയ പങ്കും തൊഴില്‍തേടി വിസിറ്റ്, ടൂറിസ്റ്റ് വീസകളില്‍ രാജ്യത്തെത്തിയവരാണ്.

ഇതു തടയാനാണ് കൂടുതല്‍ നിയന്ത്രണങ്ങളേര്‍പ്പെടുത്തുന്ന കാര്യം ആലോചിക്കുന്നത്. തൊഴിലന്വേഷകര്‍ക്ക് പ്രത്യേക ഉപാധികള്‍ നിശ്ചിയിക്കുന്നതോടെ വീസാ കാലാവധി തീരുന്നതോടെ അവര്‍ തിരിച്ചു പോയിട്ടുണ്ടെന്ന് ഉറപ്പാക്കാനാകുമെന്ന് ഫെഡറല്‍ അതോറിറ്റി നിയമോപദേശ്ടാവ് ഡോ. യുസുഫ് ആല്‍ ശരീഫ് പറഞ്ഞു. ഇതു നടപ്പിലാക്കിയാല്‍ വിസിറ്റ് വീസ ചട്ട ലംഘനങ്ങള്‍ കുറച്ചു കൊണ്ടുവരാനാകുമെന്നാണ് പ്രതീക്ഷ.

പൊതുമാപ്പ് കാലാവധി അവസാനിക്കുന്നതോടെ യുഎഇ പുതിയ ആറു മാസ വിസിറ്റ് വീസ തൊഴിലന്വേഷകര്‍ക്കായി നല്‍കിത്തുടങ്ങും. ഇതു വഴി തൊഴില്‍ കണ്ടെത്താന്‍ അപേക്ഷകര്‍ക്ക് മതിയായ സമയം ലഭിക്കുമെന്നും അനധികൃതമായി തങ്ങുന്നത് ഒഴിവാക്കാനാകുമെന്നും ഡോ. യുസുഫ് പറഞ്ഞു. വിസിറ്റ്. ടൂറിസ്റ്റ് വീസകളിലെത്തി കാലാവധി കഴിഞ്ഞിട്ടും തിരിച്ചു പോകാത്തവര്‍ക്ക് അതതു രാജ്യങ്ങളുടെ എംബസികള്‍ മടക്ക യാത്രാ ടിക്കറ്റുകള്‍ എടുത്തു നല്‍കേണ്ടി വരുമെന്നും അദ്ദേഹം വ്യക്തമാക്കി.

പൊതുമാപ്പ് അവസാനിക്കുന്നതോടെ നിയമ ലംഘകര്‍ക്കെതിരെ നടപടികള്‍ കര്‍ക്കശമാക്കുമെന്നും യുഎഇ അധികൃതര്‍ മുന്നറിയിപ്പു നല്‍കുന്നു. തടവു ശിക്ഷയും കനത്ത പിഴയും നാടുകടത്തലുമായിരിക്കും ശിക്ഷ. അനധികൃതമായി തങ്ങുന്ന മുഴുവന്‍ പേരും ഉടന്‍ പൊതുമാപ്പ് ഉപയോഗപ്പെടുത്തി തങ്ങളുടെ നിലവിലെ പദവി ശരിപ്പെടുത്തി നിയമവിധേയമാക്കണമെന്നും ഭാവിയിലുണ്ടായേക്കാവുന്ന പ്രശനങ്ങള്‍ ഒഴിവാക്കണമെന്നും അധികൃതര്‍ അറിയിച്ചു. 

Latest News