ഇടുക്കി - രാഷ്ട്രപിതാവ് മഹാത്മജിയുടെ 76-ാമത് രക്തസാക്ഷി ദിനത്തിൽ 2700 അടി വലിപ്പമുള്ള കൂറ്റൻ ചിത്രം തീർത്ത് മാധ്യമപ്രവർത്തകൻ. ചിത്രകാരനും ദേശാഭിമാനി പീരുമേട് ഏരിയ ലേഖകനുമായ കെ എ അബ്ദുൾ റസാഖാണ്
കുമളി ഗവൺമെൻറ് ട്രൈബൽ യു.പി സ്‌കൂൾ വളപ്പിൽ പത്തു മണിക്കൂറോളം ചെലവഴിച്ചു ചിത്രം പൂർത്തീകരിച്ചത്.
120 ഓളം പ്ലാസ്റ്റിക് ഷീറ്റ് പ്രതലമാക്കി ബ്ലാക്ക് ബോർഡ് പെയിന്റും ഇനാമൽ പെയിന്റും ഉപയോഗിച്ചാണ് ചിത്രം. ഇത് രണ്ടാം തവണയാണ് റസാഖ് കൂറ്റൻ ചിത്രം തീർക്കുന്നത്. ജനുവരി 21ന് റഷ്യൻ കമ്മ്യൂണിസ്റ്റ് നേതാവ് ലെനിന്റെ നൂറാം ചരമ വാർഷിക ദിനത്തിൽ 2800 ചതുരശ്ര അടി വലിപ്പമുള്ള കൂറ്റൻ ചിത്രം തീർത്തിരുന്നു. ഇതിനകം പന്ത്രണ്ടായിരത്തോളം ചിത്രങ്ങൾ വരച്ച അബ്ദുൽ റസാഖ് കഴിഞ്ഞ 917 ദിവസമായി തുടർച്ചയായി ഓൺലൈൻ പ്രദർശനം നടത്തിവരികയാണ്. ഓൺലൈൻ പ്രദർശനത്തിൽ 6000-ത്തോളം ചിത്രങ്ങളുണ്ട്. 110 ഓളം രാജ്യങ്ങളുടെ പ്രമുഖരുടെ ചിത്രങ്ങളും പ്രദർശനത്തിൽ ഉൾപ്പെടുത്തി.
അടുത്തിടെ കേരള നിയമസഭയിലെ 140 എം.എൽ.എമാരുടെ ചിത്രങ്ങൾ വരച്ച പുസ്തകവും പ്രസിദ്ധീകരിച്ചു. 2016-ലെ നിയമസഭാംഗങ്ങളുടെ പുസ്തകങ്ങളും അബ്ദുൽ റസാഖ് പ്രസിദ്ധീകരിച്ചിരുന്നു
ലോകത്തിലെ 210 രാജ്യങ്ങളുടെ രാഷ്ട്രതലവന്മാരുടെ ചിത്രങ്ങൾ ഉൾപ്പെടുത്തി 2016, 17, 18 വർഷങ്ങളിൽ പുസ്തകം പ്രസിദ്ധീകരിച്ചു ചിത്രകലയുമായി ബന്ധപ്പെട്ട് നിരവധി റെക്കോർഡുകൾക്ക് ഉടമയാണ് അബ്ദുൾ റസാഖ്. ഇതേ ഘട്ടത്തിൽ തന്നെ വാഗമണ്ണിൽ ഗാന്ധിജിയുടെ 60 ചിത്രങ്ങളുടെ പ്രദർശനവും കുമളി ഗവൺമെൻറ് ഹൈസ്‌കൂൾ ഹാളിൽ നൂറോളം സ്വാതന്ത്ര്യ സമര സേനാനികളുടെ ചിത്രങ്ങളുടെ പ്രദർശനവും നടക്കുന്നുണ്ട്.