Sorry, you need to enable JavaScript to visit this website.

മൂക്കന്നൂര്‍ കൂട്ടക്കൊലക്കേസിലെ പ്രതി ബാബുവിന് വധശിക്ഷ, കൊലപ്പെടുത്തിയത് സഹോദരനെയും കുടുംബത്തെയും


കൊച്ചി - മൂക്കന്നൂര്‍ കൂട്ടക്കൊലക്കേസിലെ പ്രതി ബാബുവിന് വധശിക്ഷ. 
സഹോദരന്റെ മകള്‍ സ്മിതയെ കൊലപ്പെടുടുത്തിയ കേസിലാണ് വധ ശിക്ഷ വിധിച്ചത്. മറ്റ് രണ്ട് കൊലപാതകത്തില്‍ ഇരട്ട ജീവപര്യന്തം തടവും പ്രതി അനുഭവിക്കണം. കേസിലെ വിവിധ വകുപ്പുകളില്‍ നാല് ലക്ഷത്തി പതിനായിരം രൂപ പിഴയും ബാബു അടക്കണം. എറണാകുളം അഡീഷണല്‍ സെഷന്‍സ് കോടതിയാണ്ശിക്ഷ വിധിച്ചത്. 

നാടിനെ നടുക്കിയ അരുംകൊലപാതകത്തില്‍ അഞ്ച് വര്‍ഷത്തിന് ശേഷമാണ് വിചാരണ പൂര്‍ത്തിയാക്കി ശിക്ഷ വിധിച്ചത്.  2018 ഫെബ്രുവരി 12 ന് വൈകുന്നേരം 5:45 നായിരുന്നു പ്രതി ബാബുവിന്റെ വെട്ടേറ്റ് സഹോദരന്‍ ശിവന്‍(61), ഭാര്യ വത്സല (58) മകള്‍ സ്മിത (33) എന്നിവര്‍ കൊല്ലപ്പെട്ടത്. കുടുംബസ്വത്ത് വീതം വയ്ക്കുന്നതുമായി ബന്ധപ്പെട്ട വില്‍പ്പത്രത്തെ ചൊല്ലിയുണ്ടായ തര്‍ക്കമാണ് മൂന്നുപേരുടെ കൊലപാതകത്തിന് കാരണമായത്. സ്വന്തം സഹോദരനെയും കുടുംബത്തെയും കൊല്ലുകയെന്ന ലക്ഷ്യത്തോടെ മൂന്നു പേരുടെയും തലയ്ക്ക് പ്രതി നിരവധി തവണയാണ് വെട്ടിയത്. കൊല്ലപ്പെട്ട വത്സലയുടെ തലച്ചോറ് പുറത്തുവന്ന നിലയിലായിരുന്നു. പ്രതി ബാബുവും സഹോദരനും തമ്മില്‍ കുടുംബ സ്വത്ത് വീതം വയ്ക്കുന്നതുമായി ബന്ധപ്പെട്ട് തര്‍ക്കം ഉണ്ടായിരുന്നു. തൊട്ടടുത്ത വീടുകളിലായിരുന്നു ഇരുവരും താമസിച്ചിരുന്നത്. പ്രതി ബാബു തനിക്ക് വേണമെന്ന് ആവശ്യപ്പെട്ട ഭൂമിയില്‍ നിന്ന് സഹോദരന്‍ ഒരു മരം മുറിച്ചതായിരുന്നു പെട്ടെന്നുള്ള പ്രകോപനത്തിന് കാരണമായത്.

സഹോദരന്‍ ശിവനെ വീട്ടുമുറ്റത്ത് വെച്ചും, ഭാര്യ വത്സലയെ വീട്ടിനകത്ത് വെച്ചും, ഇവരുടെ മകള്‍ സ്മിതയെ കുളിമുറിയില്‍ വെച്ചുമാണ് പ്രതി മൂര്‍ച്ചയുള്ള ആയുധമുപയോഗിച്ച് വെട്ടി കൊലപ്പെടുത്തിയത്. ഭര്‍ത്താവിന്റെ വീട്ടില്‍ നിന്നും സ്മിത അവധിയാഘോഷിക്കാനായി സ്വന്തം വീട്ടിലെത്തിയപ്പോഴായിരുന്നു സ്വന്തം പിതാവിന്റെ സഹോദരന്റെ കൊലക്കത്തിക്ക് ഇരയായത്.
പ്രതി കുറ്റക്കാരനാണെന്ന് ജില്ലാ അഡീഷണല്‍ സെഷന്‍സ് കോടതി കഴിഞ്ഞ ദിവസം കണ്ടെത്തിയിരുന്നു. കൊലപാതകവും കൊലപാതക ശ്രമവുമുള്‍പ്പടെ പ്രതിക്കെതിരെ ചുമത്തിയ കുറ്റങ്ങള്‍ നിലനില്‍ക്കുമെന്നായിരുന്നു കോടതി വ്യക്തമാക്കിയത്. കൊല്ലപ്പെട്ട സ്മിതയുടെ രണ്ട് കുട്ടികള്‍ക്കും വെട്ടേറ്റിരുന്നു. ഇവര്‍ ഓടി മാറിയതു കൊണ്ടാണ് രക്ഷപ്പെട്ടത്.
സംഭവ സ്ഥലത്ത് നിന്നും ഇരുചക്ര വാഹനത്തില്‍ രക്ഷപ്പെട്ട പ്രതി തൃശ്ശൂരില്‍ പാറക്കുളത്തില്‍ ചാടി ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നു. എന്നാല്‍ നാട്ടുകാരും അങ്കമാലി പൊലീസും ചേര്‍ന്ന് പ്രതിയെ പിടി കൂടുകയായിരുന്നു. അങ്കമാലി പൊലീസാണ് കേസ് രജിസ്റ്റര്‍ ചെയ്ത് കുറ്റപത്രം സമര്‍പ്പിച്ചത്.

Latest News