ജിദ്ദ - കൊമേഴ്‌സ്യൽ ലൈസൻസുകൾ പുതുക്കാൻ കാലാവധിയുള്ള സിവിൽ ഡിഫൻസ് ലൈസൻസ് നിർബന്ധമാക്കാൻ മുനിസിപ്പൽ, ഗ്രാമ, പാർപ്പിടകാര്യ മന്ത്രാലയം തീരുമാനിച്ചു. ഫെബ്രുവരി 20 മുതൽ ഇത് പ്രാബല്യത്തിൽവരും. ഉപയോക്താക്കൾക്ക് നൽകുന്ന സേവനങ്ങളുടെ ഗുണനിലവാരം ഉയർത്താനും ആളുകളുടെ ജീവനും വസ്തുവകകളും കാത്തുസൂക്ഷിക്കാനുമാണ് പുതിയ തീരുമാനത്തിലൂടെ ലക്ഷ്യമിടുന്നത്.
'സലാമ' പോർട്ടൽ വഴി ഓൺലൈൻ ആയി സ്ഥാപനങ്ങൾക്ക് വിവിധ സേവനങ്ങൾ നൽകുന്ന സംവിധാനം കഴിഞ്ഞ വർഷം മേയിൽ സിവിൽ ഡിഫൻസ് ആരംഭിച്ചിരുന്നു. സുരക്ഷാ ഉപകരണങ്ങൾക്ക് സർട്ടിഫിക്കറ്റ് അനുവദിക്കൽ, സ്ഥാപനങ്ങളുടെ ഫയലിലെ വിവരങ്ങളിൽ തിരുത്തലുകൾ വരുത്തൽ, സാങ്കേതിക റിപ്പോർട്ടുകൾ ഇഷ്യു ചെയ്യൽ, സുരക്ഷാ കമ്പനികൾക്കും സ്ഥാപനങ്ങൾക്കും കൺസൾട്ടിംഗ് എൻജിനീയറിംഗ് ഓഫീസുകൾക്കും അംഗീകാരം നൽകൽ എന്നീ സേവനങ്ങളാണ് 'സലാമ' പോർട്ടൽ വഴി സിവിൽ ഡിഫൻസ് നൽകുന്നത്.