ഇടുക്കി - പ്രായമായ മാതാപിതാക്കളെ മക്കള്‍ ഉപേക്ഷിക്കുന്ന പ്രവണത ഏറി വരികയാണ്. ശക്തമായ നടപടികള്‍ ഇതിനെതിരെ ഉണ്ടായില്ലെങ്കില്‍ പ്രായമായ നിരവധി മാതാപിതാക്കള്‍ വഴിയാധാരമാകും. ഇതിനെതിരെയുള്ള താക്കീതായി മാറിയിരിക്കുകയാണ് കുമിളിയില്‍ മക്കള്‍ക്ക് ലഭിച്ച ശിക്ഷ. ഇടുക്കിയിലെ കുമളിയില്‍ മക്കള്‍ ഉപേക്ഷിച്ചതിനെ തുടര്‍ന്ന് പോലീസ് ആശുപത്രിയിലാക്കിയ അമ്മ മരിച്ച സംഭവത്തില്‍ മകനെ കേരള ബാങ്ക് ജോലിയില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്തു. കേരള ബാങ്കിന്റെ കുമളി ശാഖയിലെ കളക്ഷന്‍ ഏജന്റായ എം എം സജി മോനെതിരെയാണ് നടപടി.
മകനെന്ന ഉത്തരവാദിത്വത്തില്‍ സജിമോന്‍ വീഴ്ച വരുത്തിയതുമായി ബന്ധപ്പെട്ട് കുമളി പോലീസ് കേസെടുത്തതിന്റെ അടിസ്ഥാനത്തിലാണ് നടപടിയെന്ന് കേരള ബാങ്ക് പ്രസിഡന്റ് അറിയിച്ചു. സംഭവത്തില്‍ മകള്‍ സിജിമോളെ കുമളി പഞ്ചായത്തിലെ താല്‍ക്കാലിക ജോലിയില്‍ നിന്നും നേരത്തെ പിരിച്ചു വിട്ടിരുന്നു. കുമളി അട്ടപ്പള്ളം ലക്ഷംവീട് കോളിനിയില്‍ കഴിഞ്ഞിരുന്ന അന്നക്കുട്ടി മാത്യുവാണ് കഴിഞ്ഞ ദിവസം കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ വെച്ച് മരിച്ചത്.
മാതാപിതാക്കളുടെയും മുതിര്‍ന്ന പൗരന്മാരുടെയും സംരക്ഷണത്തിനും ക്ഷേമത്തിനുമുള്ള വകുപ്പുകള്‍ ചുമത്തി അന്നക്കുട്ടിയുടെ രണ്ട് മക്കള്‍ക്കെതിരെയും പോലീസ് നേരത്തെ കേസെടുത്തിരുന്നു. അന്നക്കുട്ടിയുടെ മൃതദേഹം ഏറ്റുവാങ്ങി സംസ്‌കാര ചടങ്ങ് നടത്താന്‍ പോലും മക്കള്‍ തയ്യാറായില്ല. ഒടുവില്‍ ജില്ലാ ഭരണകൂടവും പോലീസും ചേര്‍ന്നാണ് സംസ്‌കാരം നടത്തിയത്. ജനപ്രതിനിധികള്‍ അടക്കം വന്‍ജനാവലി സംസ്‌കാര ചടങ്ങില്‍ പങ്കെടുത്തിരുന്നു.