കല്‍പറ്റ-വയനാട്ടില്‍ സി.പി.എമ്മിന്റെ പരോക്ഷ നിയന്ത്രണത്തില്‍ ആരംഭിച്ചതും പ്രവര്‍ത്തിക്കുന്നതുമായ ബ്രഹ്മഗിരി ഡവല്മെന്റ് സൊസൈറ്റിക്കു നിക്ഷേപമായും വായ്പയായും വന്‍ തുക നല്‍കിയവര്‍ക്കു പിന്നാലെ ആദായ നികുതി വകുപ്പ്. സൊസൈറ്റിക്ക് 2021-22 സാമ്പത്തികവര്‍ഷം ലഭ്യമാക്കിയ തുകയുടെ സ്രോതസ് വെളിപ്പെടുത്തുന്നതിന് ആദായ നികുതി വകുപ്പ് നിക്ഷേപകര്‍ക്ക് നോട്ടീസ് അയച്ചുതുടങ്ങി. 1961ലെ ആദായ നികുതി നിയമം സെക്ഷന്‍ 133(6) പ്രകാരമാണ് നോട്ടീസ്. ഇതിനകം നിരവധിയാളുകള്‍ക്കാണ് നോട്ടീസ് ലഭിച്ചത്. ബ്രഹ്മഗിരി സൊസൈറ്റിയുടെ വിവിധ പ്രോജക്ടുകളില്‍ ലക്ഷക്കണക്കിനു രൂപ നിക്ഷേപിച്ചവരാണ് ഇവരില്‍ അധികവും.
നടത്തുന്ന ബിസിനസിനെക്കുറിച്ചുള്ള ലഘു വിവരണം, സൊസൈറ്റിയില്‍ നിക്ഷേപം നടത്തിയതിന്റെ ലഡ്ജര്‍ കോപ്പി, ബാങ്ക് സ്റ്റേറ്റ്മെന്റ് പകര്‍പ്പ് തുടങ്ങിയ രേഖകളും ആദായ നികുതി വകുപ്പ് ആവശ്യപ്പെട്ടിട്ടുണ്ട്. വായ്പ-നിക്ഷേപം നടത്തിയതിന്റെ താത്പര്യം, പലിശയിനത്തില്‍ ലഭിച്ച തുകയുടെ വിവരം എന്നിവ അറിയിക്കണമെന്നും നോട്ടീസിലുണ്ട്. പണത്തിന്റെ സ്രോതസ് വെളിപ്പെടുത്തുന്നതിനും മറ്റുവിവരം അറിയിക്കുന്നതിനും ഫെബ്രുവരി അഞ്ചുവരെയാണ് കാലാവധി അനുവദിച്ചിരിക്കുന്നത്.
കര്‍ഷകസംഘം അഖിലേന്ത്യാ ഫിനാന്‍സ് സെക്രട്ടറിയും ബത്തേരി മുന്‍ എം.എല്‍.എയുമായ പി.കൃഷ്ണപ്രസാദ് ചെയര്‍മാനായിരുന്ന കാലത്താണ് വിവിധ പ്രോജക്ടുകളുടെ ഫലപ്രദമായ നിര്‍വഹണത്തിനു സൊസൈറ്റി നിക്ഷേപ സമാഹരണം നടത്തിയത്. 600ല്‍പരം വ്യക്തികളാണ് സൊസൈറ്റിയുടെ വിവിധ പ്രോജക്ടുകളില്‍ നിക്ഷേപം നടത്തിയത്. ഇത്രയും പേര്‍ക്ക് മുതലും പലിശയുമായി 68 കോടിയിലധികം രൂപ സൊസൈറ്റി നല്‍കാനുണ്ട്. കൊടിയ നഷ്ടത്തില്‍ കലാശിച്ചതിനെത്തുടര്‍ന്നു മലബാര്‍ മീറ്റ് ഉള്‍പ്പെടെ പ്രോജക്ടുകളുടെ പ്രവര്‍ത്തനം നിലച്ചിരിക്കയാണ്. റിട്ടയര്‍ ചെയ്ത ഉദ്യോഗസ്ഥര്‍, കര്‍ഷകര്‍, തൊഴിലാളികള്‍ എന്നിവര്‍ക്കു പുറമേ സി.പി.എം ആഭിമുഖ്യമുള്ള വ്യവസായികള്‍, ഇതര സംസ്ഥാനങ്ങളില്‍ ഭൂമി പാട്ടത്തിനെടുത്ത് വലിയതോതില്‍ കൃഷി നടത്തുന്നവര്‍, പ്രവാസികള്‍ തുടങ്ങിയവരും നിക്ഷേപ സമാഹരണവുമായി സഹകരിച്ചിരുന്നു.
സൊസൈറ്റി പത്തര ശതമാനം വരെ പലിശ വാഗ്ദാനം ചെയ്താണ് നിക്ഷേപം-വായ്പ സ്വീകരിച്ചത്. 2022 ജൂലൈ മുതല്‍ നിക്ഷേപകര്‍ക്ക് പലിശപോലും ലഭിക്കുന്നില്ല. പണം തിരികെ ലഭിക്കാത്തതു സംബന്ധിച്ച് നവകേരള സദസ്സില്‍ 200 ഓളം പേര്‍ പരാതി നല്‍കിയിരുന്നു. ഈ പരാതികളില്‍ ഏറെയും റവന്യൂ, പോലീസ് കാര്യാലയങ്ങളിലേക്ക് വിട്ടിരിക്കയാണ്.
റിട്ടയര്‍ ചെയ്ത ഉദ്യോഗസ്ഥരും മറ്റും ആദായി നികുതി വകുപ്പിന്റെ നോട്ടീസിനെ ഗൗരവമായി കാണുന്നില്ല. എന്നാല്‍ വന്‍കിട കര്‍ഷകരും വ്യവസായികളും അടക്കമുള്ളവര്‍ പരിഭ്രാന്തിയിലാണ്.
ബ്രഹ്മഗിരി നിക്ഷേപകരില്‍ ചിലര്‍ സുല്‍ത്താന്‍ ബത്തേരി സബ് കോടതിയില്‍നിന്നു 'അറ്റാച്ച്മെന്റ് ബിഫോര്‍ ജഡ്ജ്മെന്റ്' ഉത്തരവ് നേടിയിട്ടുണ്ട്. സൊസൈറ്റിയുടെ കൈവശം മഞ്ഞാടി, കൊളഗപ്പാറ എന്നിവിടങ്ങളിലുള്ളതില്‍ മൂന്ന് സ്വത്തുക്കളാണ് കോടതി അറ്റാച്ച് ചെയ്തത്. ഈ സ്വത്തുക്കളുടെ വില്‍പന സൊസൈറ്റിക്കു നടത്താന്‍ കഴിയാത്ത സ്ഥിതിയാണിപ്പോള്‍.
ബ്രഹ്മഗിരി ഡവലപ്മെന്റ് സൊസൈറ്റി, സൊസൈറ്റി ചെയര്‍മാന്‍, ചീഫ് എക്സിക്യുട്ടീവ് ഓഫീസര്‍ എന്നിവരെ എതിര്‍കക്ഷികളാളാക്കി സിവില്‍ നിയമത്തിലെ 26-ാം വകുപ്പ് പ്രകാരമാണ് നിക്ഷേപകര്‍ കോടതിയില്‍ ഹരജി സമര്‍പ്പിച്ചത്. സൊസൈറ്റി സ്വത്തുക്കള്‍ വില്‍ക്കാനുള്ള സാധ്യത മുന്നില്‍ക്കണ്ടായിരുന്നു നിക്ഷേപകരുടെ നീക്കം.