ആരിഫ് മുഹമ്മദ് ഖാൻ എന്ന പേര് ഇന്ത്യയിലെ ഒരു മതന്യൂനപക്ഷ വിഭാഗത്തിന് ഒരു കാലത്ത് അത്ര പ്രിയങ്കരമായിരുന്നില്ല. നവ ഇന്ത്യക്ക് ആമുഖമെഴുതിയ രാജീവ് ഗാന്ധിയെയും അദ്ദേഹത്തിന്റെ പാർട്ടിയെയും ആരിഫ് ഖാൻ അന്ന് വഴിയിലുപേക്ഷിച്ചതാണ്. മുസ്‌ലിം ന്യൂനപക്ഷത്തിന്റെ ഹൃദയ വികാരത്തിനെതിരെ നിൽക്കാനായിരുന്നു ഈ മാറ്റം. അന്നത്തെ ആരിഫ് ഖാനോട് സി.പി.എമ്മിന് അതിരു കവിഞ്ഞ ഇഷ്ടമായിരുന്നു വെന്ന കാര്യം സഭാ ചർച്ചയിൽ ഓർമിപ്പിച്ചത് മുസ്‌ലിം ലീഗിലെ കെ.പി.എ. മജീദാണ്.
അന്ന് ആരിഫ് ഖാനെതിരെയും സി.പി.എമ്മിനെതിരെയുമെല്ലാം മുന്നിൽ നടന്നവരിൽ ഒരാൾ. അന്നവർ ആരിഫ് ഖാനെ കോഴിക്കോട്ടങ്ങാടിയിൽ ശരീഅത്ത് വിരുദ്ധ സമ്മേളത്തിനായി പുതിയാപ്പിളയാക്കി കൊണ്ടുവന്നിരുന്നു. കണ്ണ് രോഗിക്ക് വിളക്കെന്ന പോലെ ഒരു വിഭാഗം ഇഷ്ടപ്പെടാതിരുന്ന ആരിഫിനൊപ്പം അന്ന് സി.പി.എം വേദിയിൽ കമ്യൂണിസ്റ്റ് ചരിത്രകാരൻ ഇർഫാൻ ഹബീബുമുണ്ടായിരുന്നു. ഇപ്പറഞ്ഞ ഇർഫാൻ ഹബീബ് (92) കണ്ണൂരിലൊരു സമ്മേളനത്തിൽ തന്നെ കൊല്ലാൻ വന്നുവെന്ന് ആരിഫ് ഖാൻ (72) നിലവിളിക്കുന്നത് അടുത്ത നാൾ കേട്ടപ്പോൾ കാലം ഒന്നിനും കണക്ക് ചോദിക്കാതെ പോകുന്നില്ല എന്ന പ്രസിദ്ധമായ വരികൾക്ക് മനസ്സിൽ ഒരിക്കൽ കൂടി ജീവൻ വെച്ചവരായിരിക്കും നല്ലൊരു വിഭാഗം ആളുകൾ. ഇർഫാൻ ഹബീബ് അന്നും ഇന്നും ഒരു ചേരിയിൽ തന്നെ-ഒത്തു തീർപ്പില്ലാത്ത മാർക്‌സിസ്റ്റ്. ആരിഫ് ഖാൻ മാറി, മാറി ഇവിടെ വരെ എത്തി.
രാഷ്ട്രീയ കുതന്ത്രം പ്രയോഗിക്കുന്ന കാര്യത്തിൽ പിണറായി വിജയൻ പഠിച്ച സ്‌കൂളിൽ എല്ലാവരും ഒന്നു പോകുന്നത് നന്നായിരിക്കും. പണ്ട് കേരളത്തിൽ ഇതിന്റെ മാസ്റ്റർ ജന്മം കൊണ്ട് കണ്ണൂർക്കാരൻ തന്നെയായ കെ. കരുണാകരനായിരുന്നു. കരുണാകരനെയെല്ലാം പിണറായി പിന്നിലാക്കീട്ട് കാലമെത്രയോ ആയി. കേരളത്തിലെ ധന സ്ഥിതിയെ പ്പറ്റി ചർച്ച ചെയ്യണമെന്ന അടിയന്തര പ്രമേയം പ്രതിപക്ഷത്ത് നിന്ന് ഒന്ന് മുഖം കാണിച്ചതേയുളളൂ. മുഖ്യമന്ത്രി ഉടലോടെ അതങ്ങ് അംഗീകരിച്ചു. ചർച്ചാ നെയ്യപ്പം തിന്നാൽ കാര്യങ്ങൾ അനവധി. ധനപ്രതിസന്ധിയുടെ കുറ്റത്തിൽനിന്ന് രക്ഷപ്പടാമെന്നത് അതിലൊന്ന്. വിഷയത്തിൽ ദീർഘമായ ചർച്ച തുടങ്ങി വെച്ച കോൺഗ്രസിലെ യുവ അംഗം റോജി എം. ജോണിന്റെ കൈയിൽ കേരള സർക്കാരിന്റെ ധനകാര്യ കെടുകാര്യസ്ഥതയുടെ ദയനീയ ചിത്രം മുഴുവനായി ഉണ്ടായിരുന്നു. ജി.എസ്.ടി പിരിവിനെ ക്കുറിച്ച് കേരളത്തിൽ നിന്ന് പഠിക്കാൻ ഹരിയാനയിൽനിന്ന് ആളു വന്നുവെന്ന് പറഞ്ഞ ധനമന്ത്രി ബാലഗോപാലിനോട് റോജിയുടെ ചോദ്യം-നികുതി പിരിവിൽ ഹരിയാനയെക്കാൾ പിന്നിലായ കേരളത്തിൽനിന്ന് അവരെന്ത് പഠിക്കാനാണ് ? കേന്ദ്ര അവഗണനക്കെതിരെ സമരം ചെയ്യാൻ വിളിക്കുന്ന സി.പി.എമ്മിനോടും അവരുടെ മുന്നണിയോടും പ്രതിപക്ഷ ഉപനേതാവ് പി.കെ. കുഞ്ഞാലിക്കുട്ടിക്ക് ഒന്നെ പറയാനുള്ളൂ അതിന് പറ്റിയ സമയമല്ല ഇത്. ഇത് തെരഞ്ഞെടുപ്പ് കാലമാണ്.
നമ്മൾ തമ്മിൽ വലിയ മത്സരം നടക്കാൻ പോകുമ്പോഴാണോ ഈ ഐക്യ വിളി. അല്ലെങ്കിൽ തന്നെ ആരിഫ് മുഹമ്മദ് ഖാനുമായി സർക്കാർ നടത്തുന്ന തെരുവ് യുദ്ധം കാണുന്ന കേന്ദ്രത്തിലുള്ളവർ എന്താണ് വിചാരിക്കുക. അവരെ തല്ലാൻ കൂട്ടമായി ചെല്ലുകയാണെന്നല്ലെ ? അമ്മാതിരി ആയിരുന്നില്ലെ ആരിഫ് ഖാന്റെ നിലമേൽ പ്രക്ഷോഭം. നല്ല തമാശയായിരുന്നു കാണാൻ. സി.പി.എമ്മിലെ ഡി.കെ. മുരളിയും, എം. രാജഗോപാലനുമെല്ലാം പക്ഷെ കുഞ്ഞാലിക്കുട്ടിയുടെ വാക്കുകളിൽ ഇപ്പോഴും നേരിയ പ്രതീക്ഷ കാണുന്നുണ്ട്. അദ്ദേഹത്തിന്റെ 'നല്ല മനസ്സിന്' ഡി.കെ. മുരളിയുൾപ്പെടെ നന്ദി പറയാനും മറന്നില്ല.
നയ പ്രഖ്യാപന നന്ദി പ്രമേയ ചർച്ചയും, അടിയന്തര പ്രമേയ ചർച്ചയുമെല്ലാം കേന്ദ്രീകരിച്ചത് ഒരു കാര്യത്തിൽ- രാണ് കേരളത്തെ ഇന്നത്തെ അവസ്ഥയിലെത്തിച്ചത് എന്ന ചോദ്യത്തിൽ രണ്ട് പക്ഷവും പതിവ് പോലെ പരസ്പരം വിരൽ ചൂണ്ടി -നിങ്ങളാണ്. അല്ല നിങ്ങളാണ്.