കല്‍പറ്റ- സംസ്ഥാനങ്ങളില്‍ ഗവര്‍ണര്‍ പദവി അനാവശ്യമെന്ന് സി.പി.ഐ ദേശീയ കൗണ്‍സില്‍ അംഗം സത്യന്‍ മൊകേരി. വര്‍ഗീയ ഫാസിസത്തിനും കേന്ദ്ര അവഗണനയ്ക്കുമെതിരെ എ.ഐ.വൈ.എഫ് വയനാട് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ഡെമോക്രാറ്റിക് സ്ട്രീറ്റ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരുകള്‍ക്ക് മുകളില്‍ മറ്റൊരു സംവിധാനത്തിന്റെയും ആവശ്യമില്ല. നിയമസഭ പാസാക്കിയ ബില്ലുകള്‍ ഒപ്പിടാന്‍ ഗവര്‍ണര്‍ തയാറാക്കണം. ബി.ജെ.പിക്ക് സ്വാധീനമില്ലാത്ത സംസ്ഥാനങ്ങളില്‍ ഗവര്‍ണര്‍മാരെ ഉപയോഗിച്ച് ഭരണം നിയന്ത്രിക്കാനുള്ള ശ്രമമാണ് നടക്കുന്നത്. രാജ്യത്തിന്റെ അടിസ്ഥാന പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തയാറാകുന്നില്ല. ആഗോള മത്സരങ്ങളില്‍ ഇന്ത്യന്‍ വിപണികള്‍ പരാജയപ്പെടുകയാണ്. ആഭ്യന്തര വിപണികളില്‍ കുത്തകകള്‍ വില കുറയ്ക്കുന്നത് ചെറുകിട വ്യവസായങ്ങളെ തകര്‍ക്കുകയാണ്. ബി.ജെ.പിയെ രാജ്യത്ത് പരാജയപ്പെടുത്തിയില്ലെങ്കില്‍ ഇന്ത്യ കര്‍ഷകരുടെ ശവപ്പറമ്പായി മാറും. തൊഴിലാളികളുടെ എല്ലാ അവകാശങ്ങളും കേന്ദ്ര സര്‍ക്കാര്‍ കുത്തകകള്‍ക്കുവേണ്ടി ഇല്ലാതാക്കുകയാണെന്നും മൊകേരി പറഞ്ഞു. എ.ഐ.വൈ.എഫ് ജില്ലാ പ്രസിഡന്റ് സുമേഷ് ബത്തേരി അധ്യക്ഷത വഹിച്ചു. സി.പി.ഐ ജില്ലാ സെക്രട്ടറി ഇ.ജെ. ബാബു, എ.ഐ.ടി.യു.സി ജില്ലാ സെക്രട്ടറി സി.എസ്.സ്റ്റാന്‍ലി, സി.എം.സുധീഷ്, ടി.മണി, കെ.കെ.തോമസ്, നിഖില്‍ പദ്മനാഭന്‍ എന്നിവര്‍ പ്രസംഗിച്ചു.