കാഴ്ചക്കാരുടെ മനം മയക്കി ഫറോക്കിലെ പഴയ പാലം വർണ്ണവെളിച്ചത്തിൽ. കോഴിക്കോട്ടെ ചരിത്രമുറങ്ങുന്ന പഴയ നടപ്പാലങ്ങൾ പുതുമോടിയിലേക്ക് മാറുകയായി. രാത്രിയായാൽ വർണ്ണ വിസ്മയം തീർത്തും സന്ദർശകർക്കായി ആധുനിക സൗകര്യങ്ങൾ ഒരുക്കിയും കേരളത്തിലെ പാലങ്ങൾ ഹൈടെക്ക് ആവുകയാണ്. നവീകരിച്ച പാലങ്ങൾ ദീപാലംകൃതമാക്കുന്നതിന്റെ സംസ്ഥാനതല ഉദ്ഘാടനം ഫറോക്ക് പഴയ പാലത്തിൽ വെച്ചാണ് നടത്തിയത്. കാഴ്ചക്കാർക്കുള്ള സെൽഫി പോയിന്റും പാലത്തിനോട് ചേർന്ന് ഒരുക്കിയിട്ടുണ്ട്. പൊതുമരാമത്ത് വകുപ്പ് ഇലക്ട്രിക്കൽ വിഭാഗമാണ് പാലത്തിൽ വൈദ്യുത ദീപാലങ്കാരം ഒരുക്കിയത്. പദ്ധതി നിർവഹണത്തിനുള്ള 1.65 കോടി രൂപയാണ് ചെലവഴിച്ചത്.
കേരളത്തിലെ പാലങ്ങൾ ദീപാലങ്കൃതമാക്കാനുള്ള പദ്ധതിയുമായി ടൂറിസം വകുപ്പാണ് മുൻപോട്ടു നീങ്ങുന്നത്. ഇതിന്റെ തുടക്കം കോഴിക്കോട് ജില്ലയിലെ ഫറോക്ക് പഴയപാലത്തിൽ നിന്നാണ്. ഫറോക്ക് നഗരത്തെ ചെറുവണ്ണൂരുമായി ബന്ധിപ്പിക്കുന്ന പാലം പാരീസ് മോഡലിലാണ് ദീപാലംകൃതമാക്കിയത്. ഇതിനു മുന്നോടിയായി പാലത്തിന്റെ നവീകരണം പൂർത്തീകരിച്ചിരുന്നു. പാലത്തിന് പുതിയ ഇരുമ്പ് കമാനം സ്ഥാപിച്ചിട്ടുണ്ട്. ഇരുമ്പ് ചട്ടക്കൂട് പുതുക്കിപ്പണിയുകയും ചെയ്തു. പാലത്തിന്റെ ഇരുവശത്തെയും നടപ്പാതയിൽ ഇന്റർലോക്ക് വിരിച്ചിട്ടുണ്ട്. പാലത്തിൽ സെൽഫി പോയിന്റിനു പുറമേ വീഡിയോ വാൾ, കഫറ്റീരിയ, സ്ട്രീറ്റ് ലൈബ്രറി, ഗാർഡൻ മ്യൂസിക്, കുട്ടികളുടെ പാർക്ക്, സൗജന്യ വൈഫൈ, വി ആർ ഹെഡ്സെറ്റ് മൊഡ്യൂൾ, ടോയ്‌ലെറ്റ് ബ്ലോക്ക്, നിർമ്മിത ബുദ്ധിയിൽ പ്രവർത്തിക്കുന്ന ഓട്ടോമേറ്റഡ് ട്രാഫിക് സിഗ്നൽ തുടങ്ങിയ സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ട്. കേരളത്തിലെ നിരവധി പാലങ്ങളെ ദീപാലങ്കൃതമാക്കി മാറ്റുന്ന പദ്ധതിയുടെ തുടക്കമാണിത്. വിദേശരാജ്യങ്ങളിൽ നമ്മൾ ഇത് കണ്ടിട്ടുണ്ട്. അത് നമ്മുടെ നാട്ടിലേക്ക് കടന്നുവരികയാണ്. എല്ലാവരുടെയും സഹകരണത്തോടുകൂടി നടപ്പിലാക്കി മുൻപോട്ടുപോകാനാണ് ഉദ്ദേശിക്കുന്നതെന്നും പദ്ധതി ഉദ്ഘാടനം ചെയ്ത മന്ത്രി മുഹമ്മദ് റിയാസ് കൂട്ടിച്ചേർത്തു.
പുതിയ റോഡുകളും പാലങ്ങളുമൊക്കെയായി കേരളം വികസനത്തിന്റെ ചിറകിലേറുകയാണ്. ഒരു വശത്ത് ദേശീയപാത 66ന്റെ നിർമാണം തകൃതിയായി പുരോഗമിക്കുമ്പോൾ മറുവശത്തു ഇടറോഡുകളും പാലങ്ങളുമൊക്കെ സുന്ദരമാകുന്നു. സംസ്ഥാന പൊതുമരാമത്ത്, ടൂറിസം വകുപ്പിന്റെ നേതൃത്വത്തിൽ പാലങ്ങളുടെ അടിഭാഗം പാർക്കുകളായി വികസിപ്പിക്കാനുള്ള പ്രവൃത്തി ചടുലമായി തുടരുകയാണ്.
ഫറോക്ക് പഴയപാലം ദൃപാലങ്കൃതമാക്കി ടൂറിസ്റ്റ് കേന്ദ്രമാക്കി മാറ്റാനാണ് സംസ്ഥാന ടൂറിസം വകുപ്പിന്റെ ലക്ഷ്യം. കേരളത്തിൽ ആദ്യമായി ദീപാലങ്കൃതമാകുന്ന പാലങ്ങളുടെ പദ്ധതിയുടെ തുടക്കം കുറിക്കുന്നത്
നേരത്തെ പാലത്തിന് പൊട്ടലുകളുണ്ടായിരുന്നു. ഇപ്പോഴത്തെ സർക്കാർ പാലത്തിന്റെ അറ്റകുറ്റപ്പണികൾ നടത്തി. പാലത്തിന് പെയിന്റിങ് നടത്തി ദീപാലങ്കൃതമാക്കി. ജനങ്ങൾക്ക് രാവിലെ നടക്കാനും സന്ധ്യാസമയങ്ങളിൽ കാഴ്ചകൾ കാണാനും സാധിക്കും. ചാംപ്യൻസ് സ്‌പോർട്‌സ് ലീഗ് വള്ളംകളിയുടെ വേദിയായിരുന്നു നേരത്തേ ഇവിടം. ചാലിയാർ നേരെ അറബിക്കടലിലേക്ക് കിടക്കുന്നു. ബേപ്പൂർ ഇതിന്റെ തൊട്ടടുത്താണ്. ഒട്ടേറെ പ്രത്യേകളുള്ള ഈ പാലം ദീപാലങ്കൃതമാകുന്നതോടുകൂടി ഇതൊരു ടൂറിസ്റ്റ് കേന്ദ്രമായി മാറും. വിവിധയിടങ്ങളിൽനിന്ന് ആളുകൾ വരുമെന്നും മന്ത്രി പ്രതീക്ഷ പങ്കുവെച്ചു.