കണ്ണൂർ- പ്രണയബന്ധത്തിൽനിന്ന് പിന്മാറിയതിന് യുവതിയെ കമ്പിപ്പാരകൊണ്ട് അടിച്ചു തല പിളർത്തിയ യുവാവ് നാല് മാസങ്ങൾക്ക് ശേഷം അറസ്റ്റിലായി. എടക്കാട് വാടകവീട്ടിൽ താമസക്കാരനായ ടി.ഫൈറൂസിനെ (44)യാണ് എടക്കാട് സി.ഐ. സുരേന്ദ്രൻ കല്യാടന്റെ നേതൃത്വത്തിൽ കോഴിക്കോട് ലോഡ്ജിൽ വെച്ച് അറസ്റ്റ് ചെയ്തത്. ഇക്കഴിഞ്ഞ സപ്തംബർ മൂന്നിനായിരുന്നു കേസിനാസ്പദമായ സംഭവം. എടക്കാട് ഒ.കെ.യു.പി സ്‌കൂളിനടുത്ത വീട്ടിൽ താമസക്കാരിയായ 44കാരിയാണ് വധശ്രമത്തിനിരയായത്. യുവതിക്ക് ആദ്യ വിവാഹബന്ധത്തിൽ മക്കളുണ്ട്. പിന്നീട് ഫൈറൂസും യുവതിയും പ്രണയത്തിലാകുയായിരുന്നു. എന്നാൽ ഫൈറൂസിന്റെ അനുവാദമില്ലാതെ യുവതി ഒരു വീട്ടിൽ ജോലിക്ക് പോയതിനെച്ചൊല്ലി ഇരുവരും തമ്മിൽ വാക് തർക്കമുണ്ടാവുകയും യുവതി പിന്നീട് ബന്ധത്തിൽ നിന്ന് പിൻമാറുകയും ചെയ്തു.
ഇതോടെ സപ്തംബർ മൂന്നിന് പുലർച്ചെ യുവതിയുടെ വീട്ടിൽ കയറി ഫൈറൂസ് ആക്രമിക്കുകയായിരുന്നു. മാറിടത്തിലും വയറിലുമുൾപ്പെടെ കുത്തേറ്റതിന് പുറമെ തല കമ്പി പ്പാരകൊണ്ട് അടിച്ച് പിളർന്ന നിലയിലുമാ യിരുന്നു. രണ്ടരമാസം കണ്ണൂരിലെ സ്വകാര്യാശുപത്രിയിൽ ഗുരുതരാവസ്ഥയിൽ കഴിഞ്ഞ യുവതി ഇപ്പോൾ വീട്ടിൽ കിടപ്പിലാണ്. വധ ശ്രമത്തിന് ശേഷം ഫോണെടുക്കാതെ നാടുവിട്ട ഫൈറൂസിനെ കണ്ടെത്താൻ പോലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. കർണാടകയിലുൾപ്പെടെ ഇയാൾക്കായി തെരച്ചിൽ നടത്തിയെങ്കിലും ഫലമുണ്ടായില്ല. ഇതിനിടെ ഇന്നലെ പുലർച്ചെ യുവതിയുടെ ഫോണിലേക്ക് ഒരു മിസ്ഡ്‌കോൾ വന്നതാണ് അന്വേഷണത്തിന് തുമ്പുണ്ടാക്കിയത്. തുടർന്നാണ് കോഴിക്കോട് ഇയാളെ കണ്ടെത്തിയത്. ആശുപത്രിയിൽ വൈദ്യപരിശോധനക്കെത്തിച്ചപ്പോൾ ഫൈറൂസിന് രക്തസമ്മർദം കൂടുതലായതിനാൽ ആരോഗ്യനില പൂർവസ്ഥിതിയിലാക്കിയ ശേഷം മജിസ്‌ട്രേട്ടിന്റെ വസതിയിൽ ഹാജരാക്കുകയായിരുന്നു. കോടതി പ്രതിയെ രണ്ടാഴ്ചത്തേക്ക് റിമാന്റ് ചെയ്തു.