- ക്വട്ടേഷനിലെ കൊള്ള പുറത്തുകൊണ്ടുവരാൻ സത്യസന്ധമായ അന്വേഷണം വേണമെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. പി.എം.എ സലാം
മലപ്പുറം - കരിപ്പൂർ വിമാനത്താവളം വഴിയുള്ള ഹജ്ജ് യാത്രയ്ക്കാരിൽനിന്നും ടിക്കറ്റ് നിരക്കിൽ ഈടാക്കുന്ന കൊടും അന്യായത്തിന് പിന്നിൽ കള്ളക്കളിയുണ്ടെന്നും ഇത് അന്വേഷിക്കണമെന്നും മുസ്‌ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. പി.എം.എ സലാം ആവശ്യപ്പെട്ടു.
കേരളത്തിലെ തന്നെ മറ്റു രണ്ടു എംബാർക്കേഷൻ കേന്ദ്രങ്ങളിൽനിന്നും ഈടാക്കുന്നതിന്റെ ഇരട്ടി നിരക്കാണ് കരിപ്പൂരിൽനിന്നുള്ള തീർത്ഥാടകരോട് വാങ്ങുന്നത്, 1,65,000 രൂപ. സംസ്ഥാനത്തെ 80 ശതമാനം ഹജ്ജ് യാത്രക്കാരും ആശ്രയിക്കുന്ന കരിപ്പൂരിനോടുള്ള ഈ അന്യായത്തിന് മാപ്പില്ല. ഈ കൊള്ളക്ക് ആരൊക്കെ കൂട്ടുനിൽക്കുന്നുവെന്ന് അറിയേണ്ടതുണ്ട്. ക്വട്ടേഷനിലെ കള്ളക്കളി പുറത്ത് കൊണ്ടുവരണം. കൊള്ളയടിക്കാമെന്ന് ആർക്കെങ്കിലും ധാരണയുണ്ടെങ്കിൽ അത് അനുവദിക്കില്ല. ഒരു കമ്പനി മാത്രമാണ് ടെണ്ടറിൽ പങ്കെടുത്തതെങ്കിൽ എന്തുകൊണ്ട് റീ ടെണ്ടറിങ് നടത്തിയില്ലെന്നും പി.എം.എ സലാം ചോദിച്ചു.
യാത്രാ നിരക്കിലെ കൊടും അപാകത ചൂണ്ടിക്കാട്ടിയപ്പോൾ കേന്ദ്ര ഹജ്ജ് കമ്മിറ്റി ചെയർമാനിൽനിന്നും ഉണ്ടായത് ധാഷ്ട്യവും ധിക്കാരവുമാണ്. കേന്ദ്ര ഹജ് കമ്മിറ്റിക്കെതിരെ ഹജ്ജ് മന്ത്രി ഗുരുതര ആരോപണങ്ങളാണ് ഉന്നയിച്ചത്.
കേന്ദ്ര ഹജ്ജ് കമ്മിറ്റിയെ കുറ്റം പറഞ്ഞ് കാഴ്ച്ചക്കാരായി നോക്കി നിൽക്കുകയാണ് സംസ്ഥാന സർക്കാർ. തീരുമാനം എടുക്കുമ്പോൾ മന്ത്രിയും ചെയർമാനും നോക്കി നിൽക്കുകയായിരുന്നുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി.