കോഴിക്കോട്-പൊതുബോധത്തെ തൃപ്തിപ്പെടുത്തുന്ന തരത്തിലാണ് കോടതികൾ വിധി പുറപ്പെടുവിക്കുന്നതെന്ന് എഴുത്തുകാരൻ പ്രസന്നൻ കെ.പി. ഫെയ്‌സ്ബുക്കിൽ എഴുതിയ കുറിപ്പിലാണ് ഇക്കാര്യം ചൂണ്ടിക്കാട്ടിയത്. ജഡ്ജിമാർ വൈകാരികതയ്ക്ക് കീഴടങ്ങുന്നത് നല്ല പ്രവണതമല്ലെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തിൽ വീട്ടുകാർക്ക് മുന്നിൽ നടക്കുന്ന ആദ്യ കൊലപാതകമാണോ ഇത്?. അതിനു മുൻപ് നടന്ന ഷാൻ കൊലപാതകത്തിന്റെ പകരം വീട്ടൽ കൊലയായിരുന്നു ഇത്. ഷാൻ കൊലപാതകത്തിന്റെ വിചാരണ പോലും എങ്ങുമെത്തിയിട്ടില്ല. സംഘികളെ വധശിക്ഷക്ക് വിധിക്കാൻ ഇന്ത്യയിൽ കോടതികൾ വളർന്നിട്ടുമില്ല. നരോദ പാട്യയയിൽ 70 പേരെ കൊന്ന കേസിൽ പ്രധാനപ്രതികളായ ബാബു ബജ്‌റംഗിക്കും മായാ കോടാനിക്കും ലഭിച്ചത് ജീവപര്യന്തമാണ്. ഇരട്ട നീതികൾ സാമൂഹിക അസമത്വം സൃഷ്ടിക്കും, രാജ്യത്തെ നശിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ആലപ്പുഴയിൽ ബി.ജെ.പി നേതാവ് രഞ്ജിത് ശ്രീനിവാസനെ കൊന്ന കേസിൽ പതിനഞ്ച് പോപ്പുലർ ഫ്രണ്ട് പ്രവർത്തകർക്ക് ഇന്ന് പ്രത്യേക കോടതി വധശിക്ഷ വിധിച്ചിരുന്നു. ഐ.പി.സി 302 പ്രകാരമാണ് വധശിക്ഷ വിധിച്ചിരിക്കുന്നത്.
ബി.ജെ.പി നേതാവും ഒ.ബി.സി മോർച്ച സംസ്ഥാന സെക്രട്ടറിയുമായിരുന്ന രഞ്ജീത് ശ്രീനിവാസനെ വീട്ടിൽ കയറി അമ്മയുടെയും ഭാര്യമക്കളുടെയും മുന്നിലിട്ട് വെട്ടിക്കൊലപ്പെടുത്തിയ കേസിലാണ് മാവേലിക്കര അഡീഷണൽ സെഷൻസ് ജഡ്ജി വി.ജി ശ്രീദേവിയാണ് വിധി പ്രസ്താവിച്ചത്. അത്യപൂർവ വിധിയായി പരിഗണിക്കാംൃമെന്ന് കോടതി വിലയിരുത്തി. രാഷ്ട്രീയ കൊലപാതകങ്ങളിൽ ഇതുപോലുള്ള വിധി ഇതാദ്യമാണ്. 15 പേർക്ക് ഒന്നിച്ച് കൊലക്കയർ കിട്ടുന്നത് ഇതാദ്യമാണ്.
അമ്പനാകുളങ്ങര മാച്ചനാട് കോളനിയിൽ നൈസാം, മണ്ണഞ്ചേരി അമ്പലക്കടവ് വടക്കേച്ചിറപ്പുറം വീട്ടിൽ അജ്മൽ, ആലപ്പുഴ വെസ്റ്റ് വില്ലേജിൽ മുണ്ട് വാടയ്ക്കൽ വീട്ടിൽ അനൂപ്, ആര്യാട് തെക്ക് വില്ലേജിൽ അവലൂക്കുന്ന് ഇരക്കാട്ട് ഹൗസിൽ മുഹമ്മദ് അസ്ലം, 5 മണ്ണഞ്ചേരി ഞാറവേലിൽ വീട്ടിൽ അബ്ദുൽ കലാം(സലാം പൊന്നാട്), മണ്ണഞ്ചേരി അടിവാരം ദാറുസബീൻ വീട്ടിൽ അബ്ദുൽ കലാം, ആലപ്പുഴ വെസ്റ്റ് വില്ലേജിൽ തൈവേലിക്കകം വീട്ടിൽ സറഫുദ്ദീൻ, മണ്ണഞ്ചേരി ഉടുമ്പിത്തറ വീട്ടിൽ മൻഷാദ്, ആലപ്പുഴ വെസ്റ്റ് വില്ലേജിൽ കടവത്ത്‌ശ്ശേരി ചിറയിൽ ജസീബ് രാജ, മുല്ലയ്ക്കൽ കല്ലുപാലം വട്ടക്കാട്ടുശ്ശേരി വീട്ടിൽ നവാസ്, കോമളപുരം തയ്യിൽ വീട്ടിൽ സമീർ, നോർത്ത് ആര്യാട് കണക്കൂർ കണ്ണറുകാട് വീട്ടിൽ നസീർ, മണ്ണഞ്ചേരി ചാവടിയിൽ സക്കീർ ഹുസൈൻ, മണ്ണഞ്ചേരി തെക്കേ വെളിയിൽ ഷാജി(പൂവത്തിൽ ഷാജി), മുല്ലയ്ക്കൽ നുറുദ്ദീൻ പുരയിടത്തിൽ ഷെർനാസ് എന്നിവരാണ് പ്രതികൾ.
പതിനഞ്ച് പ്രതികളിൽ ഒന്നു മുതൽ എട്ടുവരെ പ്രതികൾ കൃത്യത്തിൽ നേരിട്ടു പങ്കാളികളായതിന്റെ അടിസ്ഥാനത്തിൽ കൊലപാതക കുറ്റം തെളിഞ്ഞതായി കോടതി കണ്ടെത്തി.