ആലപ്പുഴ- രഞ്ജിത്ത് ശ്രീനിവാസന്‍ വധക്കേസില്‍ മുഴുവന്‍ പ്രതികള്‍ക്കും വധശിക്ഷ ലഭിച്ചെങ്കിലും ഈ കൊലപാതകത്തിന് കാരണമായ ഷാന്‍ വധക്കസില്‍ നിയമ നടപടികള്‍ ഇപ്പോഴും ഇഴഞ്ഞു നീങ്ങുകയാണ്. ആലപ്പുഴ നഗരത്തില്‍നിന്ന് എട്ടുകിലോമീറ്റര്‍ വടക്കുമാറി മണ്ണഞ്ചേരിയില്‍ എസ്.ഡി.പി.ഐ. സംസ്ഥാനസെക്രട്ടറി കെ.എസ്. ഷാന്‍(38) കൊലചെയ്യപ്പെട്ട് 12 മണിക്കൂര്‍ തികയുന്നതിനു മുന്‍പ് നഗരഹൃദയത്തിലെ വീട്ടിലാണ് ബി.ജെ.പി. നേതാവ് രഞ്ജിത്ത് ശ്രീനിവാസന്‍(45) അമ്മയുടെയും ഭാര്യയുടെയും മകളുടെയും മുന്നില്‍ ദാരുണമായി കൊല്ലപ്പെട്ടത്. ആദ്യ കൊലപാതകത്തില്‍ പ്രതികാരമുണ്ടാകാനുള്ള സാധ്യത മനസ്സിലാക്കുന്നതില്‍ പോലീസ് ഇന്റലിജന്‍സിന് വീഴ്ചപറ്റിയെന്ന് വ്യാപക ആരോപണമുണ്ടായിരുന്നു. ഷാന്‍ വധക്കേസിലെ പ്രതികളെല്ലാം ഇപ്പോള്‍ ജാമ്യത്തിലാണ്. ഇതിന്റെ വിചാരണ എവിടെയുമെത്തിയിട്ടില്ല. ഏതാനും ദിവസം മുന്‍പാണ് കേസില്‍ പബ്ലിക് പ്രോസിക്യൂട്ടറെ നിയമിച്ചത്.
രണ്ട് കൊലപാതകങ്ങള്‍ തമ്മില്‍ 12 മണിക്കൂര്‍ ഇടവേള മാത്രമാണ് ഉണ്ടായിട്ടുള്ളതെന്ന് ഉന്നത പോലീസ് ഉദ്യോഗസ്ഥനായ വിജയ് സാഖറെ പറഞ്ഞിരുന്നു. ' ആദ്യ കൊലപാതകത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചവരെ മണിക്കൂറുകള്‍ക്കുള്ളില്‍ മനസ്സിലാക്കാന്‍ പോലീസിനായി. റെയ്ഡ് ചെയ്ത കുറച്ചാളുകളെ കസ്റ്റഡിയിലെടുക്കാനും സാധിച്ചു. ഇത്തരമൊരു സംഭവം നടക്കുമ്പോള്‍ ക്രമസമാധാനമാണ് പ്രധാന വിഷയം. അതിനായി എല്ലാവരും തിരക്കിലായിരുന്നു. എന്നാല്‍ രഞ്ജിത്ത് കൊല്ലപ്പെടാന്‍ പോകുന്നത് സംബന്ധിച്ച് ഒരു വിവരവും ഇല്ലായിരുന്നു. ആരും പ്രതീക്ഷിച്ചില്ല. അതുകൊണ്ട് ആ കൊലപാതകം തടയാന്‍ സാധിച്ചില്ല. ഏതെങ്കിലും തരത്തിലുള്ള വിവരം ലഭിച്ചിരുന്നെങ്കില്‍ അത് തടയാമായിരുന്നു', - വിജയ് സാഖറെ അന്ന് പറഞ്ഞിരുന്നു.
അതേസമയം എസ് ഡി പി ഐ സംസ്ഥാന സെക്രട്ടറിയായിരുന്ന കെ എസ് ഷാനെ ആര്‍ എസ് എസുകാര്‍ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തില്‍ ഇടതു സര്‍ക്കാര്‍ പക്ഷപാതരമായ സമീപനമാണ് സ്വീകരിക്കുന്നതെന്ന് ആരോപിച്ച് എസ് ഡി പി ഐ സംസ്ഥാന പ്രസിഡന്റ് മൂവാറ്റുപുഴ അഷ്റഫ് മൗലവി കഴിഞ്ഞ ദിവസം രംഗത്ത് വന്നിരുന്നു. ആലപ്പുഴയില്‍ തൊട്ടടുത്ത ദിവസങ്ങളിലായി നടന്ന ഇരട്ട കൊലപാതകങ്ങളില്‍ മതവും ജാതിയും നോക്കി പക്ഷപാതവും വിവേചനവും സ്വീകരിക്കുന്ന കേന്ദ്രത്തിലെ ബി ജെ പി സര്‍ക്കാരിന്റെ സമീപനമാണോ സംസ്ഥാന സര്‍ക്കാരിനും ഉള്ളതെന്ന് സര്‍ക്കാര്‍ മറുപടി പറയണമെന്ന് അദ്ദേഹം കഴിഞ്ഞ ദിവസം പത്രസമ്മേളനത്തില്‍ ആവശ്യപ്പെട്ടിരുന്നു. കെ എസ് ഷാന്‍ കൊല്ലപ്പെട്ട ആദ്യ സംഭവത്തിലെ പ്രതികള്‍ക്കെല്ലാം സര്‍ക്കാര്‍ താല്‍പ്പര്യത്തില്‍ ജാമ്യം ലഭിച്ചതായും അദ്ദേഹം ആരോപിച്ചു. ഈ കേസില്‍ രണ്ടു വര്‍ഷത്തിനു ശേഷം, അടുത്ത ദിവസമാണ് പബ്ലിക് പ്രോസിക്യൂട്ടറെ പോലും നിയമിച്ചത്. കേസ് നടപടികള്‍ തുടക്കം മുതല്‍ ഇഴഞ്ഞു നീങ്ങുന്നു. സര്‍ക്കാരും ആഭ്യന്തര വകുപ്പും പോലീസും ഈ വിവേചനം കാണിക്കുന്നതില്‍ പങ്കാളികളാണ് എന്നതിന്റെ സാക്ഷ്യപ്പെടുത്തലാണ് രണ്ടാമത് നടന്ന സംഭവത്തിലെ വിധി പറയുന്നതിനായി കഴിഞ്ഞ ദിവസം കോടതി ചേര്‍ന്ന സമയത്ത് മാധ്യമങ്ങള്‍ക്കുള്‍പ്പെടെ പ്രവേശനം നിഷേധിക്കപ്പെട്ടപ്പോള്‍ ബിജെപി ജില്ലാ പ്രസിഡന്റിന് കൃത്യമായി ഇരിപ്പിടം ഉറപ്പിച്ചതെന്നും അദ്ദേഹം പറഞ്ഞു. ഇത് ഗുരുതരമായ പ്രത്യാഘാതം സൃഷ്ടിക്കും. ആലപ്പുഴ സംഭവത്തില്‍ മാത്രമല്ല സംസ്ഥാനത്ത് സമീപകാലത്ത് ഉണ്ടായ സംഭവങ്ങളിലെല്ലാം ഈ വിവേചനവും പക്ഷപാതിത്വവും പ്രകടമാണെന്നും മൂവാറ്റുപുഴ അഷ്റഫ് മൗലവി അരോപിച്ചിരുന്നു.