ആലപ്പുഴ - ബി.ജെ.പി നേതാവ് രഞ്ജിത്ത് ശ്രീനിവാസ് വധക്കേസില്‍ മുഴുവന്‍ പ്രതികള്‍ക്കും വധശിക്ഷ വിധിച്ചത് അപൂര്‍വ്വ നടപടി. ഇത്രയധികം പ്രതികള്‍ക്ക് ഒറ്റയടിക്ക് ശിക്ഷ വിധിച്ചത് നീതിന്യായ ചരിത്രത്തില്‍ തന്നെ അപൂര്‍വ്വമാണ്. കേരളത്തില്‍ ഇതിന് മുന്‍പ് ഇത്തരം ശിക്ഷാ നടപടി ഉണ്ടായിട്ടില്ല.എല്ലാ പ്രതികളും ഒരേ പോലെ കുറ്റക്കാരാണെന്നും കേസ് അപൂര്‍വ്വങ്ങളില്‍ അപൂര്വ്വമാണെന്നുമാണ് കോടതി പറഞ്ഞത്. പ്രതികള്‍ക്ക് പരമാവധി ശിക്ഷ വിധിച്ചതില്‍ തങ്ങള്‍ സംതൃപ്തരാണെന്ന് രഞ്ജിത്ത് ശ്രീനിവാസിന്റെ കുടുംബം പറഞ്ഞു.മാവേലിക്കര അഡീഷണല്‍ സെഷന്‍സ് ജഡ്ജി വി.ജി ശ്രീദേവിയാണ് കേസിലെ 15 പ്രതികള്‍ക്കും വധശിക്ഷ വിധിച്ചത്. കഴിഞ്ഞ 20 നാണ് പ്രതികള്‍ കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തിയത്. പ്രതിഭാഗത്തിന്റെ വാദവും പ്രതികള്‍ക്ക് പറയാനുള്ളതും കേട്ട ശേഷമാണ് ശിക്ഷ പ്രഖ്യാപിച്ചത്.
കേസില്‍ ആകെ 15 പ്രതികളില്‍ ഒന്ന് മുതല്‍ എട്ടുവരെ പ്രതികള്‍ കൃത്യത്തില്‍ നേരിട്ട് പങ്കാളികളായതിന്റെ അടിസ്ഥാനത്തില്‍ കൊലപാതക കുറ്റം തെളിഞ്ഞതായി കോടതി കണ്ടെത്തിയിരുന്നു. ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 149 വകുപ്പ് പ്രകാരം ഒമ്പത് മുതല്‍ പന്ത്രണ്ട് വരെ പ്രതികളും കൊലപാതക കുറ്റത്തിന് ശിക്ഷാര്‍ഹരാണെന്നും ഗൂഢാലോചനക്ക് നേതൃത്വം കൊടുത്ത 13 മുതല്‍ 15 വരെ പ്രതികളും കൊലപാതക കുറ്റത്തിന് ശിക്ഷാര്‍ഹരാണെന്നും കോടതി വിധിച്ചിരുന്നു. കൂടാതെ രഞ്ജിത്ത് ശ്രീനിവാസന്റെ വീട്ടില്‍ അതിക്രമിച്ച് കയറുക, രഞ്ജിത്തിന്റെ അമ്മയെ വാള് ഉപയോഗിച്ച് ആക്രമിക്കുക, കുടുംബാംഗങ്ങളെ ഉപദ്രവിക്കുക, തെളിവുകള്‍ നശിപ്പിക്കുക ഉള്‍പ്പെടെയുള്ള കുറ്റങ്ങള്‍ പ്രതികള്‍ ചെയ്തതായും തെളിഞ്ഞിരുന്നു.
2021 ഡിസംബര്‍ 19ന് ആലപ്പുഴ വെള്ളക്കിണര്‍ ജംഗ്ഷന് സമീപത്തെ വീട്ടില്‍ വെച്ചായിരുന്നു ഒ.ബി.സി മോര്‍ച്ച സംസ്ഥാന സെക്രട്ടറി കൂടിയായിരുന്ന രഞ്ജിത്ത് ശ്രീനിവാസന് കൊല്ലപ്പെട്ടത്. തലേദിവസം രാത്രി മണ്ണഞ്ചേരിയില്‍ എസ്.ഡി.പി.ഐ സംസ്ഥാന സെക്രട്ടറി കെ.എസ് ഷാന്‍ കൊല്ലപ്പെട്ടതിന് പിന്നാലെ മണിക്കൂറുകള്‍ക്കുള്ളിലാണ് രഞ്ജിത്തും കൊല ചെയ്യപ്പെട്ടത്.