കാസര്‍കോട് - എലിവിഷം അകത്ത് ചെന്ന് ഗുരുതരാവസ്ഥയിലായിരുന്ന വിദ്യാര്‍ഥിനി മരിച്ച സംഭവത്തില്‍ രണ്ടാമനും പിടിയില്‍. ബദിയടുക്ക പൊലീസ് സ്‌റ്റേഷന്‍ പരിധിയില്‍ താമസിക്കുന്ന 16 കാരിയാണ് മരിച്ചത്. ഇക്കഴിഞ്ഞ ചൊവ്വാഴ്ച വൈകീട്ടാണ് പെണ്‍കുട്ടിയെ വീട്ടിനകത്ത് വിഷം അകത്തുചെന്ന നിലയില്‍ കണ്ടെത്തിയത്.
സോഷ്യല്‍ മീഡിയയിലൂടെ പരിചയത്തിലായ യുവാവിന്റെ നിരന്തരമായ ശല്യം സഹിക്കാനാകാതെ പെണ്‍കുട്ടി വിഷം കഴിക്കുകയായിരുന്നു എന്നാണ് ബന്ധുക്കള്‍ പറയുന്നത്. സംഭവത്തില്‍ കാസര്‍കോട് പോലീസ് സ്‌റ്റേഷന്‍ പരിധിയിലെ അന്‍വറിനെ (24) നേരത്തെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇതിന് പിന്നാലെ അന്‍വറിന് ഒത്താശ ചെയ്തുവെന്ന ആരോപണത്തില്‍ കുമ്പള പോലീസ് സ്‌റ്റേഷന്‍ പരിധിയിലെ സാഹില്‍ എന്ന യുവാവ് കൂടി അറസ്റ്റിലായിട്ടുണ്ട്.
മംഗളൂരിലെ ആശുപത്രിയില്‍ അത്യാസന്ന നിലയില്‍ ചികിത്സയിലായിരുന്ന പെണ്‍കുട്ടിയെ കഴിഞ്ഞ ദിവസം ബംഗളൂരിലെ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ആരോഗ്യനിലയില്‍ പുരോഗതിയുണ്ടാകാത്തതിനെ തുടര്‍ന്ന് തിരികെ കൊണ്ടുവരുന്നതിനിടെ തിങ്കളാഴ്ച പുലര്‍ച്ചെ രണ്ട് മണിയോടെയാണ് മരണം സംഭവിച്ചത്. മൃതദേഹം പോസ്റ്റ് മോര്‍ട്ടത്തിനായി ഇപ്പോള്‍ കാസര്‍കോട് ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റിയിട്ടുണ്ട്.
അന്‍വറും പെണ്‍കുട്ടിയും തമ്മിലുള്ള അടുപ്പം അറിഞ്ഞ ബന്ധുക്കള്‍ പെണ്‍കുട്ടിയെ പിന്തിരിപ്പിക്കാന്‍ ശ്രമം നടത്തിയിരുന്നു. ഇതോടെ മകള്‍ അന്‍വറിനോട് തന്നെ ഇനി വിളിക്കരുതെന്ന് പറഞ്ഞ് ഫോണ്‍ നമ്പര്‍ ബ്ലോക് ചെയ്തതായും ഇതിന് പിന്നാലെ സ്‌കൂളില്‍ പോകുന്ന സമയത്ത് വഴി തടഞ്ഞ് ഭീഷണിപ്പെടുത്തുകയുമായിരുന്നുവെന്ന് പെണ്‍കുട്ടിയുടെ പിതാവ് പറഞ്ഞു. പിതാവായ തന്നെ കൊല്ലുമെന്നും കുടുംബത്തിലെ ഒരു പെണ്‍കുട്ടിയുടെ വിവാഹം മുടക്കുമെന്നുമൊക്കെ അന്‍വര്‍ ഭീഷണിപ്പെടുത്തിയതായും അദ്ദേഹം വ്യക്തമാക്കി.
ആശുപത്രി കിടക്കയില്‍ വെച്ച് മകള്‍ തന്നെ ശല്യം ചെയ്ത ചിലരെ കുറിച്ച് വിവരം നല്‍കിയിട്ടുണ്ടെന്നും കുറ്റവാളികളായ എല്ലവരെയും നിയമത്തിന്റെ മുമ്പില്‍ കൊണ്ടുവന്ന് അവര്‍ക്ക് അര്‍ഹമായ ശിക്ഷ നല്‍കണമെന്നും പിതാവ് കൂട്ടിച്ചേര്‍ത്തു. പരാതിയുടെ അടിസ്ഥാനത്തില്‍ ബദിയഡുക്ക പോലീസ് പോക്‌സോ നിയമ പ്രകാരം കേസെടുത്തതിന് പിന്നാലെ ഒളിവില്‍ പോയ അന്‍വറിനെ ബംഗളൂരില്‍നിന്ന് പിടികൂടിയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ആരോപണ വിധേയരായ കൂടുതല്‍ പേരെ കുറിച്ച് പോലീസ് അന്വേഷണം നടത്തിവരികയാണ്.