കരിപ്പൂര്‍ ഹജ് യാത്രാ നിരക്ക് കൂട്ടാനുള്ള നീക്കം, മലപ്പുറത്ത് പ്രതിഷേധ പ്രകടനം

മലപ്പുറം-കരിപ്പൂരില്‍ നിന്നുള്ള ഹജ് യാത്രാ നിരക്ക് കുത്തനെ കൂട്ടാനുള്ള കേന്ദ്ര സര്‍ക്കാര്‍ നീക്കത്തിനെതിരെ നിയോജക മണ്ഡലം  മുസ്‌ലിം യൂത്ത് ലീഗ് മലപ്പുറത്ത് പ്രതിഷേധം നടത്തി. മുസ്‌ലിം ലീഗ് ജില്ലാ വൈസ് പ്രസിഡണ്ട് ഇസ്മായില്‍ മൂത്തേടം ഉദ്ഘാടനം ചെയ്തു. അവഗണനയുടെ നാമമായി കരിപ്പൂരിനെ മാറ്റിയ കേന്ദ്ര സര്‍ക്കാര്‍ ഹജ് യാത്രക്ക് കരിപ്പൂരില്‍ നിന്നു മാത്രമായി നിരക്ക് കുത്തനെ കൂട്ടാനുള്ള നീക്കം വിചിത്രവും മന:പൂര്‍വമുള്ള വിവേചനത്തിന്റേതാണെന്ന് അദ്ദേഹം പറഞ്ഞു.
കരിപ്പൂര്‍ എയര്‍പ്പോര്‍ട്ടിനെ ഇല്ലാതാക്കാനുള്ള നീക്കത്തിന്റെ ഭാഗമാണിത്. പവിത്രമായ ഹജ് കര്‍മത്തിന് പുറപ്പെടാനുള്ള ഹാജിമാരെ പോലും കൊള്ളയടിക്കാമെന്ന എയര്‍ ഇന്ത്യയുടെ വ്യാമോഹത്തിന് കൂടി സര്‍ക്കാര്‍ അനുമതി നല്‍കിയത് ക്രൂരമാണ്. ചുരുങ്ങിയ നിരക്കില്‍ മറ്റു വിമാന കമ്പനികള്‍ ഹജ് സര്‍വീസിന് സന്നദ്ധമാകുമ്പോഴും ടെണ്ടര്‍ അട്ടിമറിച്ചതില്‍ കേരള സര്‍ക്കാരിന്റെതടക്കം പങ്ക് സംബന്ധിച്ചും പുറത്തുവരുന്ന വാര്‍ത്തകള്‍ ഗൗരവതരമാണ്. വിഷയത്തില്‍ കുറ്റകരമായ മൗനമാണ് കേരള സര്‍ക്കാര്‍ തുടരുന്നത്. 75 ശതമാനം ഹജ് യാത്രക്കാരും തെരഞ്ഞെടുത്ത കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്നു തന്നെ സൗകര്യപ്രദമായി ഹജ്ജിന് പുറപ്പെടാന്‍ സൗകര്യം ചെയ്യണമെന്നും അമിത ചാര്‍ജ് ഈടാക്കാനുള്ള നീക്കം ഉപേക്ഷിക്കണമെന്നും യൂത്ത് ലീഗ് ആവശ്യപ്പെട്ടു.
വിഷയം ശ്രദ്ധയില്‍പ്പെടുത്തുമ്പോള്‍  കേന്ദ്ര ഹജ് കമ്മിറ്റി ചെയര്‍മാനില്‍ നിന്നുണ്ടാകുന്ന പരിഹാസ്യം പ്രതിഷേധാര്‍ഹമാണ്. ഒരു പ്രദേശത്തോടുള്ള അവഗണനയും പരിഹാസവും ക്രൂര വിവേചനവും അനുവദിക്കില്ലെന്നും യൂത്ത് ലീഗ് ചൂണ്ടിക്കാട്ടി. നിയോജക മണ്ഡലം പ്രസിഡണ്ട് എ.പി. ഷരീഫ് അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി ശാഫി കാടേങ്ങല്‍, ട്രഷറര്‍ കെ.പി. സവാദ് മാസ്റ്റര്‍, ഭാരവാഹികളായ സൈഫു വല്ലാഞ്ചിറ, എസ്. അദിനാന്‍, ബാസിഹ് മോങ്ങം , ഷമീര്‍ കപൂര്‍, റബീബ് ചെമ്മങ്കടവ്, സലാം വളമംഗലം, ശിഹാബ് അരികത്ത്, ശിഹാബ് തൃപ്പനച്ചി, സിദ്ദീഖലി പിച്ചന്‍, പ്രവര്‍ത്തക സമിതി അംഗങ്ങളായ ടി. മുജീബ്, സി.പി. സാദിഖലി, സുബൈര്‍ മൂഴിക്കല്‍, സഹല്‍ വടക്കുമുറി, അബ്ബാസ് വടക്കന്‍, സദാദ് കാമ്പ്ര,അഡ്വ. അഫീഫ് പറവത്ത്, റസാഖ് വാളന്‍, അമീര്‍ തറയില്‍ എന്നിവര്‍ നേതൃത്വം നല്‍കി.

 

 

 

 

 

Latest News