റിയാദ്- സൂപ്പർ കപ്പ് ഫുട്‌ബോളിൽ മെസിക്കും സംഘത്തിനും തോൽവി. മൂന്നിനെതിരെ നാലു ഗോളുകൾക്കാണ് മെസിയുടെ ഇന്റർമിയാമിയെ സൗദി അറേബ്യയുടെ അൽ ഹിലാൽ തോൽപ്പിച്ചത്. ആദ്യ പകുതിയിൽ ഒന്നിനെതിരെ മൂന്നു ഗോളുകൾക്ക് പിറകിൽനിന്നെങ്കിലും രണ്ടാം പകുതിയുടെ 54,55 മിനിറ്റുകളിൽ നേടിയ ഗോളിലൂടെ മിയാമി സമനില നേടിയെങ്കിലും 88-ാം മിനിറ്റിൽ മാൽകം നേടിയ ഗോൾ മെസി സംഘത്തിന്റെ വിധി നിശ്ചയിച്ചു.
മത്സരത്തിന്റെ പത്താമത്തെ മിനിറ്റിലാണ് ഹിലാൽ ആദ്യ ഗോൾ നേടിയത്. അലക്‌സാണ്ടർ മിത്രോവിച്ചിലൂടെയായിരുന്നു ഈ ഗോൾ. പതിമൂന്നാമത്തെ മിനിറ്റിൽ അബ്ദുല്ല അഹമ്മദാൻ ഹിലാലിന്റെ രണ്ടാം ഗോളും നേടി. എന്നാൽ മുപ്പത്തിനാലാമത്തെ മിനിറ്റിൽ ലൂയിസ് സോറസ് മിയാമിക്കായി ആദ്യ ഗോൾ നേടി. ഈ ആഘോഷം പക്ഷെ അധികനേരം നീണ്ടുനിന്നില്ല. 44-ാം മിനിറ്റിൽ മിഷേൽ ഹിലാലിന് വേണ്ടി വീണ്ടും വല ചലിപ്പിച്ചു. ആറു മിനിറ്റ് എക്‌സ്ട്രാ സമയം ആദ്യ പകുതിയിൽ ലഭിച്ചെങ്കിലും പിന്നീട് ഗോളുകൾ പിറന്നില്ല. എന്നാൽ ഇന്റർമിയാമിയുടെ മുഖം രക്ഷിച്ചത് 54, 55 മിനിറ്റുകളായിരുന്നു. 54 -ാം മിനിറ്റിൽ പെനാൽറ്റിയിലൂടെ മെസി ആദ്യ ഗോൾ നേടി. തൊട്ടടുത്ത നിമിഷം ഡേവിഡ് റൂയിസ് മിയാമിക്കായി ഒരു ഗോൾ കൂടി സ്വന്തമാക്കി.