തൃശൂർ- പള്ളികൾ കുഴിച്ചാൽ അമ്പലം കാണുമെങ്കിൽ അമ്പലം കുഴിച്ചാൽ ബുദ്ധക്ഷേത്രവും കാണുമെന്ന് നടൻ പ്രകാശ് രാജ്. തൃശൂരിൽ സാർവ്വദേശീയ സാഹിത്യോത്സവത്തിന്റെ രണ്ടാം ദിവസം കലയും ജനാധിപത്യവും എന്ന വിഷയത്തിൽ സംഘടിപ്പിച്ച സംവാദപരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. മാധ്യമങ്ങളെയോ നീതിന്യായവ്യവസ്ഥയെയോ വിശ്വസിക്കാനാവാത്ത ഒരു കാലത്തിലേക്ക് നാം എത്തിയിരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
മണിപ്പൂരും പലസ്തീനും നമ്മെ വേദനിപ്പിക്കാതായിരിക്കുന്നു. അനീതി ഒരു ശീലമായിരിക്കുന്നു. പ്രൊപ്പഗാണ്ട കലയ്ക്കു പകരമാകുന്ന കാലമാണിതെന്നും അദ്ദേഹം പറഞ്ഞു. ലോകത്തൊരിടത്തും വലതുപക്ഷം വിജയിച്ച ചരിത്രമില്ലെന്നും, ഒന്നിച്ച് ദൃഢചിത്തതയോടെയുള്ള പ്രതിരോധമാണ് കാലഘട്ടത്തിന്റെ ആവശ്യമെന്നും പ്രകാശ് രാജ് ഓർമിപ്പിച്ചു.ഇന്ത്യയിലെ സംഘപരിവാർ നേതൃത്വത്തിലുള്ള വലതുപക്ഷ ചിന്തയോട് വാദിച്ചുനിൽക്കേണ്ടതില്ല. അതിനെ തള്ളിത്താഴെയിടുക എന്നതു മാത്രമാണ് പരിഹാരം. ചോദ്യങ്ങൾ ചോദിച്ചുകൊണ്ടേയിരിക്കേണ്ടതുണ്ട്. നിശബ്ദരായവർക്ക് ചരിത്രം മാപ്പുതരില്ല. ഈ കാലഘട്ടം അവശേഷിപ്പിച്ച മുറിവുകൾ ആഴത്തിലുള്ളതാവാം, അവ ഉണങ്ങാൻ പ്രയാസമുണ്ടാകാം. തുടർച്ചയായി, അക്ഷീണം അനീതിയെ ചോദ്യം ചെയ്തു കൊണ്ടേയിരിക്കുകയാണ് പ്രതിവിധി പ്രകാശ് രാജ് പറഞ്ഞു.