Sorry, you need to enable JavaScript to visit this website.

ഓൺലൈൻ ട്രേഡിംഗിന്റെ പേരിൽ വീണ്ടും ലക്ഷങ്ങളുടെ നിക്ഷേപ തട്ടിപ്പ്

തളിപ്പറമ്പ് - ഓൺലൈൻ ട്രേഡിംഗിന്റെ പേരിൽ തളിപ്പറമ്പിൽ വീണ്ടും ലക്ഷങ്ങളുടെ നിക്ഷേപ തട്ടിപ്പ്. നിരവധി പേർക്ക് ലക്ഷങ്ങൾ നഷ്ടമായി.
നേരത്തെ ഗൾഫിൽ ജോലി ചെയ്തിരുന്ന അള്ളാംകുളം സ്വദേശിയായ യുവാവാണ് തട്ടിപ്പ് നടത്തിയത്. ഓൺലൈൻ ട്രേഡിംഗ് വ്യാപാരത്തിന്റെ പേരിലായിരുന്നു തട്ടിപ്പ്. പണം നിക്ഷേപിച്ചാൽ ദിവസങ്ങൾക്കുള്ളിൽ ഇരട്ടിയായി തിരിച്ചു ലഭിക്കുമെന്നായിരുന്നു വാഗ്ദാനം. ഇത് വിശ്വസിച്ച് ഒരു ലക്ഷം മുതൽ 40 ലക്ഷം രൂപ വരെ യുവാവിന് നിക്ഷേപമായി നൽകിയവരുണ്ട്. എന്നാൽ മാസങ്ങൾ കഴിഞ്ഞിട്ടും നിക്ഷേപിച്ച തുക പോലും തിരിച്ചു ലഭിക്കാതെയായപ്പോഴാണ് തട്ടിപ്പിനിരയായതായി ആളുകൾക്ക് മനസ്സിലായത്.
തട്ടിപ്പുകാരന്റെ പിതാവ് നേരത്തെ മരണമട ഞ്ഞിരുന്നു. അദേഹം പൗരപ്രമുഖനും സമ്പന്ന നുമായിരുന്നു. തട്ടിപ്പ് നടത്തിയ യുവാവിന്റെ കുടുംബം സാമ്പത്തികമായി ഉയർന്ന നിലയിലാണ്. മൂന്ന് മാസം മുമ്പ് യുവാവിന്റെ സഹോദരിയുടെ വിവാഹത്തിന്  തട്ടിപ്പിനിരയായ ചിലർ വീട്ടിലെത്തി പ്രശ്‌നം സൃഷ്ടിച്ചിരുന്നു. ഈ സമയം യുവാവിന്റെ സഹോദരനായ ഡോക്ടർ കർശന നിലപാടുമായി രംഗത്തുവന്നു. സഹോദരൻ പണം വാങ്ങിയിട്ടുണ്ടെങ്കിൽ അയാളോട് വാങ്ങിക്കണമെന്നും തന്റെ പിതാവ് കഷ്ടപ്പെട്ട് സമ്പാദിച്ച പണത്തിൽ നിന്ന് ഒരു നയാപൈസ പോലും ഇതിന് നൽകില്ലെന്നും ഇനി ഇക്കാര്യം പറഞ്ഞ് ഇവിടെ വരരുതെന്നും താക്കീത് നൽകി ആൾക്കാരെ പറഞ്ഞുവിടുകയായിരുന്നു.
അതിനിടയിൽ യുവാവ് അബുദാബിയിലേക്ക് കടന്നതായി സ്ഥിരീകരിക്കാത്ത വിവരമുണ്ട്. തളിപ്പറമ്പിൽ ഏതാനും മാസം മുമ്പ് അബിനാസ് എന്ന യുവാവ് കോടികൾ തട്ടി സമാന രീതിയിൽ മുങ്ങിയിരുന്നു. അബിനാസിനെ പോലെ തന്നെ ഇടപാ ടുകാർക്ക് ഇയാൾ വാട്‌സ് ആപ്പ് സന്ദേശം അയച്ചു കൊണ്ടിരിക്കുന്നുണ്ട്. ആരുടെയും പണം നഷ്ടപ്പെടില്ലെന്നും തിരിച്ചു നൽകുമെ ന്നുമാണ് സന്ദേശത്തിൽ വ്യക്തമാക്കുന്നത്. ഇതേ പോലെ വാട്‌സ്ആപ്പ് സന്ദേശം നൽകി അബിനാസിൽ നിന്ന് വർഷങ്ങളായിട്ടും തട്ടി പ്പിനിരയായവർക്ക് പണമൊന്നും തിരിച്ചു ലഭി ച്ചില്ലെന്ന യാഥാർത്ഥ്യമുണ്ട്.
തട്ടിപ്പിനിരയായവർ ഇതുവരെയും പോലീസിൽ പരാതി നൽകാൻ തയ്യാറായിട്ടില്ല. നിരന്തരം സമാനത്തട്ടിപ്പ് അരങ്ങേറിയിട്ടും അതിൽ തലവച്ചുകൊടുക്കുന്നതിന്റെ നാണക്കേട് ഓർത്താണ് ചിലർ പരാതി നൽകാത്തത്. പരാതി നൽകിയാൽ പണത്തിന്റെ സ്രോതസ് വെളിപ്പെടുത്തേണ്ടി വരുമെന്നതിനാലാണ് മറ്റു ചിലർ പരാതി നൽകാൻ മടിക്കുന്നതെന്നാണ് വിവരം.
 

Latest News