റിയാദ്-അമേരിക്കയുടെ മൂന്നു സൈനികരുടെ മരണത്തിനും 24 പേർക്ക് പരിക്കേൽക്കുന്നതിനും ഇടയാക്കിയ ജോർദാൻ-സിറിയൻ അതിർത്തിയിലെ സൈനിക താവളത്തിന് നേരെയുണ്ടായ ഭീകരാക്രമണത്തെ ഏറ്റവും ശക്തമായ രീതിയിൽ അപലപിക്കുന്നതായി സൗദി അറേബ്യൻ വിദേശകാര്യ മന്ത്രാലയം. ഭീകരതയെയും തീവ്രവാദത്തെയും ശക്തമായി എതിർക്കുമെന്നും ഇത്തരം ശക്തികളുടെ സാമ്പത്തിക സ്രോതസ് ഇല്ലാതാക്കുമെന്നും വിദേശകാര്യ മന്ത്രാലയം പറഞ്ഞു. മിഡിൽ ഈസ്റ്റിൽ ഭീകരരുടെ വെടിവെപ്പിൽ അമേരിക്കൻ സൈനികർ കൊല്ലപ്പെടുന്നത് ഇതാദ്യമാണ്. ഇതിനെതിരെ ശക്തമായി പ്രതികരിക്കുമെന്ന് അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ വ്യക്തമാക്കി. സിറിയയുടെ അതിർത്തിക്കടുത്തുള്ള ജോർദാനിലെ ടവർ 22-ലാണ് മൂന്ന് അമേരിക്കൻ സൈനികർ കൊല്ലപ്പെട്ടത്. ഇറാൻ പിന്തുണയുള്ള തീവ്രവാദികളാണ് ഡ്രോൺ ഉപയോഗിച്ച് വെടിവെച്ചതെന്നും സിറയയിൽ നിന്നാണ് ആക്രമണം ഉണ്ടായതെന്നും അമേരിക്ക ആരോപിച്ചു. ആക്രമണത്തിൽ പങ്കില്ലെന്ന് ഇറാൻ ആവർത്തിച്ചു. ഇത്തരം ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്നും ഇറാൻ പറഞ്ഞു.