Sorry, you need to enable JavaScript to visit this website.

'നിലവിട്ട് ' നിലമേൽ എത്തിയ ആരിഫ് ഖാൻ

കഴിഞ്ഞ ദിവസം കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ തന്റെ സ്വന്തം സർക്കാരിനെതിരെ കുത്തിയിരിപ്പ് സമരം നടത്തിയ സ്ഥലത്തിന്റെ പേർ നിലമേൽ എന്നായത് എത്ര നന്നായി. കൊല്ലം ജില്ലയിലെ ഈ പ്രദേശത്തെത്തിയ ഗവർണറെ നിലയില്ലാതെ നിലമേൽ എത്തിയ ആളായി സി.പി.ഐ നേതാവ് ഇ . ചന്ദ്രശേഖരന് പ്രാസത്തിൽ കുടുക്കാനായത് അതു കൊണ്ടാണ്. നിലമേൽ എത്തുക മാത്രമല്ല നിലവിട്ട് നിലത്തിരിക്കുകയും ചെയ്തു ആരിഫ് ഖാൻ. ഗവർണർ നിയമസഭയിൽ നടത്തിയെന്നും നടത്തിയില്ലെന്നും പറയാവുന്ന രണ്ടേ രണ്ട് മിനിറ്റ് നയ പ്രഖ്യാപന പ്രസംഗത്തിന് നന്ദി രേഖപ്പെടുത്തുന്ന പ്രമേയം അവതരിപ്പിച്ച് സംസാരിക്കവേയായിരുന്നു സി.പി.ഐ നേതാവിന്റെ ഗവർണക്കെതിരായ ഭാഷാ ശൈലിയെ ടുത്തുളള പ്രയോഗം. ചന്ദ്രശേഖരനെന്നല്ല ആരെന്ത് എങ്ങിനെ വക്ര ഭാഷയിൽ പൊതിഞ്ഞാലും അതെല്ലാം മണി , മണിയായി പറഞ്ഞു കൊടുക്കാൻ ഇംഗ്ലീഷും മലയാളവുമൊക്കെ നന്നായി വഴങ്ങുന്ന പത്രപ്രവർത്തകൻ ഹരി എസ് കർത്ത കൂടെ തന്നെയുണ്ട്. ആരിഫ് ഖാനെതിരായ വാക്കും വർത്തമാനവും തന്നെയായിരുന്നു പ്രതിപക്ഷം ബഹിഷ്‌ക്കരിച്ച സഭാ തലത്തിലെ ചർച്ചയിലധികവും.
കോഴിക്കോട് ജില്ലയിൽ പ്പെട്ട ചക്കിട്ടപാറയിലെ ഭിന്ന ശേഷിക്കാരനായ ജോസഫ് ആത്മഹത്യ ചെയ്തത് പെൻഷൻ കിട്ടാത്തതിനാലാണെന്ന വിഷയമായിരുന്നു കോൺഗ്രസിലെ വിഷ്ണു നാഥ് അടിയന്തര പ്രമേയ മായി സഭയിലെത്തിച്ചത്. അങ്ങിനെയല്ലെന്ന് സ്ഥാപിക്കാൻ ധന മന്ത്രി ബാല ഗോപാലിന്റെ കൈയ്യിൽ കണക്കും വിവരങ്ങളും നിരവധി. നിരന്തര ആത്മഹത്യക്ക് ശ്രമിച്ചയാളായി മന്ത്രി മരിച്ച ജോസഫിനെ അവതരിപ്പിച്ചു- ഇങ്ങിനെ പറയേണ്ടി വരുന്നതിലെ ഖേദവും മന്ത്രി ഇടക്കിടെ ആവർത്തിക്കുന്നുണ്ടായിരുന്നു. 
പ്രതിപക്ഷം ബഹിഷ്‌ക്കരിച്ച ചർച്ചയിൽ അതിന്റെ കുറവ് നികത്താൻ ഭരണ കക്ഷി അംഗങ്ങൾ അവർ കരുതി വെച്ച വാക്കും വാചകങ്ങളുമെല്ലാം പാഴാക്കാതെ പുറത്തെടുത്തു. ഉണ്ണികളെ ഞാനൊരു കഥ പറയാം എന്ന മട്ടിൽ രാമനും സീതയും പൊറാട്ടയും ഇറച്ചിയും തിന്ന കഥ പറഞ്ഞ് ഹലാക്കിലായ സി.പി.ഐയുടെ വാക് പ്രതിഭ പി. ബാല ചന്ദ്രൻ പ്രസംഗിച്ചെങ്കിലും പ്രതിപക്ഷമില്ലാത്തതിനാൽ വിഷയം ആരും ഉന്നയിച്ചില്ല. അല്ലെങ്കിലും അതങ്ങിനെ ഉന്നയിക്കാവുന്ന വിഷയമല്ലെന്ന് അത്യാവശ്യം ബുദ്ധിയുള്ളവരുടെ പാർട്ടിയായ സി.പി.ഐക്ക് വേഗം മനസിലായതുകൊണ്ട് അവർ ബാലചന്ദ്രനെ തള്ളി പറഞ്ഞിട്ടുണ്ട്. വല്ല പ്രയോജനവുമുണ്ടാകുമോ എന്നുറപ്പില്ല. വാക്കുകൾ മനസിൽ വന്നാൽ നിൽക്കക്കള്ളി കിട്ടുന്നയാളല്ല ബാല ചന്ദ്രൻ- അത് പറഞ്ഞെ പോകൂ എന്ന ഉറച്ച ബോധ്യമുള്ള വ്യക്തി. മോഡിയല്ല ഇടതു പക്ഷമാണ് ഗ്യാരണ്ടി എന്നായിരുന്നു ചർച്ച ഉപസംഹിരിച്ച സി.പി.എമ്മിലെ കെ.വി സുമേഷിന് കേരളത്തോട് പറയാനുണ്ടായിരുന്നത്. 
സി.എം.പിയുടെ കൊച്ചി സമ്മേളനത്തിൽ മുഖ്യമന്ത്രി പിണറായി വിജയനെതിരെ പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ ചില കടുത്ത വാക്കുകൾ പറഞ്ഞിരുന്നു- പിണറായിക്ക് ആർത്തിയാണെന്ന് .അതിന്റെ പ്രതിഫലനം കാര്യോപദേശകസമിതിയിൽ പോലും കേട്ടു. സതീശന്റെ ഓരോ വാക്കിനും അമ്മട്ടിലായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം- സതീശന്റെ ഭാഗത്ത് നിന്ന് തിരിച്ചും. 
ആരിഫ് മുഹമ്മദ് ഖാന് എസ്.എഫ് .ഐ ക്കാരിൽ നിന്ന് സംരക്ഷണമൊരുക്കാൻ വന്ന കേന്ദ്ര സേന ബാരക്കിലിരിക്കുമോ അതോ അദ്ദേഹത്തിനൊപ്പമുണ്ടാകുമോ എന്ന് തീരുമാനമായിട്ടില്ല. അതിലിടക്ക് ആരിഫ് ഖാനൊപ്പം കേന്ദ്ര സേന സംരക്ഷണമൊരുക്കുന്ന ആർ.എസ്.എസ് നേതാക്കളുടെ പേർ മുഖ്യമന്ത്രി പറഞ്ഞിരുന്നു. അത് പൂർണമല്ലെന്ന് ഇന്നലെ ദ ഹിന്ദു പത്രം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. പ്രത്യേക സേന സംരക്ഷണമൊരുക്കുന്നവരിൽ രണ്ട് പേർ കൂടിയുണ്ട് കേരളത്തിൽ - മാതാ അമൃതാനന്ദ മയിയും, വെള്ളാപ്പള്ളി നടേശനും. 
 

Latest News