തളിപ്പറമ്പ്- വരാനിരിക്കുന്ന ലോകസഭാ തെരഞ്ഞെടുപ്പിൽ,തൃശൂരിൽ നടക്കാൻ പോകുന്നത് കേരളത്തിലെ ഏറ്റവും വൃത്തികെട്ട രാഷ്ട്രീയ കളിയായിരിക്കുമെന്ന് മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി കെ.എം.ഷാജി പറഞ്ഞു. ബി.ജെ.പിക്കെതിരെ പോരാടാൻ ഞങ്ങൾ മാത്രമെന്ന് ഘോരഘോരം പ്രസംഗിക്കുന്ന സി.പി.എം സഖാക്കൾ ഈ കാര്യം കുറിച്ചു വച്ചോയെന്നും ഷാജി കൂട്ടിച്ചേർത്തു. നടുവിൽ പഞ്ചായത്ത് മുസ്ലിം ലീഗ് സമ്മേളനത്തിന്റെ സമാപന സമ്മേളനം നടുവിൽ ടൗണിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദേഹം. പിണറായി വിജയനും മകൾ വീണക്കും വേണ്ടി തൃശൂർ ലോക്‌സഭ സീറ്റ് സി.പി.എം ബി.ജെ.പിക്ക് വിൽക്കാൻ പോകുകയാണ്. ഇതിന്റെ കരാർ ഒപ്പിടാനാണ് നരേന്ദ്രമോഡി കേരളത്തിലെത്തിയത്.
നരേന്ദ്രമോഡിയെ പിണറായി കെട്ടിപ്പിടിച്ചാണ് സ്വീകരിച്ചത്. ആ ദിവസത്തിന്റെ പ്രത്യേകത സഖാക്കൾ മറക്കരുത്. ഇന്ത്യയിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ മുന്നണി പോരാളി, ബംഗാളിനെ മൂന്ന് പതിറ്റാണ്ട് നയിച്ച നേതാവ് ജ്യോതിബസു മരിച്ച് 14 വർഷം തികയുന്ന ദിവസമായിരുന്നു അന്ന്. സീതാറാം യെച്ചൂരിയും പ്രകാശ് കാരാട്ടും വൃന്ദകാരാട്ടും ജ്യോതിബസുവിനെ അനുസ്മരിച്ച് ഫെയ്‌സ്ബുക്കിൽ ഫോട്ടോയും പോസ്റ്റുകളുമിട്ടു.
എന്നാൽ പിണറായി വിജയൻ ജ്യോതിബസുവിനെക്കുറിച്ച് ഒരു അനുസ്മരണവും നടത്തിയില്ല. ആ സമയത്ത് മോഡിയെ കെട്ടിപ്പിടിച്ച് തൃശൂരിലെ കരാർ ഒപ്പിടാനാണ് പിണറായി പോയതെന്നും ഷാജി ആരോപിച്ചു. വി.പി മുഹമ്മദ്കുഞ്ഞി അധ്യക്ഷത വഹിച്ചു. അൻസാരി തില്ലങ്കേരി, സി.കെ മുഹമ്മദ്, ടി.എൻ.എ ഖാദർ, വി. ഹംസ, കെ.പി ഹംസ, വി.എ റഹിം, ജംഷീർ ആലക്കാട്, കെ. മുഹമ്മദ്കുഞ്ഞി, വി.എം അബ്ദുറഹ്മാൻ, കെ. സലാഹുദീൻ പ്രസംഗിച്ചു. കെ. മൊയ്തീൻ സ്വാഗതവും എൻ.യു അബ്ദുള്ള നന്ദിയും പറഞ്ഞു. സമ്മേളനത്തിന്റെ ഭാഗമായി നടന്ന കുടുംബസംഗമവും പഴയ തലമുറയെ ആദരിക്കലും മുസ്ലിംലീഗ് ജില്ലാ പ്രസിഡണ്ട് അഡ്വ. അബ്ദുൽകരീം ചേലേരി ഉദ്ഘാടനം ചെയ്തു. കെ.പി ഹംസ അധ്യക്ഷത വഹിച്ചു. ഹസിം ചേമ്പ്ര, അഡ്വ. നജ്മ തബ്ഷിറ പ്രഭാ ഷണം നടത്തി. വി.എ റഹിം സ്വാഗതവും ബി. അബ്ദുൾനാസർ നന്ദിയും പറഞ്ഞു.