മലപ്പുറം - ഏറ്റവും കൂടുതൽ ഹജ് യാത്രികരുള്ള കരിപ്പൂർ എയർപോർട്ടിൽ മാത്രം ഹജിന് വിമാനയാത്ര ചെയ്യുന്നവരുടെ നിരക്ക് കുത്തനെ കൂട്ടിയത് പ്രതിഷേധാർഹമാണെന്ന് വെൽഫെയർ പാർട്ടി ജില്ലാ എക്‌സിക്യൂട്ടീവ്.
ഹജിനായി നീക്കിവെച്ച പണം കൊണ്ട് ഹജ് ചെയ്തു വരാൻ കഴിയാത്ത സാഹചര്യമാണ് ഇപ്പോഴുള്ളത്. 70 വയസ്സ് കഴിഞ്ഞ ഹാജിമാർക്ക് ഒരു സഹായി കൂടി വേണമെന്നുള്ളതുകൊണ്ട് വലിയ തുക ഇതിനായി കണ്ടെത്തേണ്ടി വരും.
ജനങ്ങളെ ചൂഷണം ചെയ്യുന്ന നിലപാടാണ് കേന്ദ്രസർക്കാറും വിമാന കമ്പനികളും സ്വീകരിച്ചുകൊണ്ടിരിക്കുന്നത്. കേരളത്തിലെ ജനപ്രതിനിധികൾ ഈ നടപടിക്കെതിരെ ശക്തമായ രംഗത്ത് വരണം.
ഹജ് യാത്രികരുടെ വിമാനകൊള്ളക്കെതിരെ ഇടപെടാൻ കഴിയില്ല എന്ന കേന്ദ്ര ഹജ് കമ്മിറ്റി ചെയർമാൻ എ.പി. അബ്ദുല്ലക്കുട്ടിയുടെ നിലപാട് പ്രതിഷേധാർഹമാണ്. ഹജ് യാത്രക്കാരുടെ അടിസ്ഥാന വിഷയത്തിൽ ഇടപെടാൻ ആകുന്നില്ല എങ്കിൽ ചെയർമാൻ സ്ഥാനം രാജിവെക്കണമെന്നും എക്‌സിക്യൂട്ടീവ് ആവശ്യപ്പെട്ടു.
ജില്ലാ പ്രസിഡന്റ് നാസർ കീഴുപറമ്പ് അധ്യക്ഷത വഹിച്ചു. ജില്ലാ ജനറൽ സെക്രട്ടറി കെ.വി. സഫീർ ഷാ, മുനീബ് കാരക്കുന്ന്, കൃഷ്ണൻ കുനിയിൽ, വഹാബ് വെട്ടം, നസീറ ബാനു, സുഭദ്ര വണ്ടൂർ, ഇബ്രാഹിം കുട്ടി മംഗലം, നൗഷാദ് ചുള്ളിയൻ, ബിന്ദു പരമേശ്വരൻ, ഖാദർ അങ്ങാടിപ്പുറം, അഷ്‌റഫലി കട്ടുപ്പാറ, ആരിഫ് ചുണ്ടയിൽ, ജാഫർ സി.സി, രജിത മഞ്ചേരി, അഷറഫ് കെ.കെ എന്നിവർ സംസാരിച്ചു.