തിരുവനന്തപുരം - നിയമസഭാ സമ്മേളനം വെട്ടിച്ചുരുക്കി സഭ ഫെബ്രുവരി 15ന് പിരിയും. വോട്ട് വോൺ അക്കൗണ്ട് സഭ പാസാക്കി. ലോക്‌സഭാ തെരഞ്ഞെടുപ്പും കെ.പി.സി.സിയുടെ ജാഥയും പരിഗണിച്ചാണ് നടപടി.
എന്നാൽ ബജറ്റ് തിയ്യതി മാറ്റണമെന്ന പ്രതിപക്ഷ ആവശ്യം സർക്കാർ തള്ളി. ജനുവരി 25 മുതൽ മാർച്ച് 27 വരെ സമ്പൂർണ ബജറ്റ് സമ്മേളനം ചേരാനായിരുന്നു നേരത്തെയുള്ള ധാരണ. എന്നാൽ, ഇന്ന് ചേർന്ന കാര്യോപദേശക സമിതിയിലാണ് സർക്കാർ സഭ വെട്ടിച്ചുരുക്കാൻ തീരുമാനിച്ചത്.
കോൺഗ്രസ് ജാഥ നടക്കുന്ന സാഹചര്യത്തിൽ നിയമസഭാ സമ്മേളനം മാറ്റണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടിരുന്നു. ബജറ്റ് ഫെബ്രുവരി അഞ്ചിൽ നിന്നും രണ്ടിലേക്ക് മാറ്റി, ബജറ്റ് ചർച്ച ഫെബ്രുവരി 12,13,15 തിയ്യതികളിൽനിന്നും അഞ്ച്, ആറ്, ഏഴ് തിയ്യതികളിലേക്കും മാറ്റണമെന്നായിരുന്നു പ്രതിപക്ഷ ആവശ്യം. ഇതുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാവും മുഖ്യമന്ത്രിയും തമ്മിൽ രൂക്ഷമായ സംസാരങ്ങളുണ്ടാവുകയും പ്രതിപക്ഷ ആവശ്യം നിരാകരിക്കുകയുമായിരുന്നു സർക്കാർ. തുടർന്ന് പ്രതിപക്ഷം കാര്യോപദേശ സമിതിയിൽ നിന്നും ഇറങ്ങി പോവുകയായിരുന്നു. പ്രതിപക്ഷത്തിന്റെ അഭാവത്തിലാണ് സഭാ സമ്മേളനം വെട്ടിച്ചുരുക്കിയുള്ള തീരുമാനമുണ്ടായത്.