റാസല്‍ ഖൈമ- തന്റെ കീഴില്‍ ജോലി ചെയ്യുന്ന ഏഷ്യക്കാരായ രണ്ടു വനിതാ ജീവനക്കാരികളെ ലോണ്ടി മാനേജര്‍ ലൈംഗികമായി പീഡിപ്പിച്ചതായി കേസ്. യുവതികള്‍ റാസല്‍ ഖൈമ പോലീസില്‍ നല്‍കിയ പരാതി കഴിഞ്ഞ ദിവസം ക്രിമിനല്‍ കോടതി പരിഗണിച്ചു. പ്രതിയായ അറബ് മാനേജര്‍ ജീവനക്കാരികളുമായി അവരുടെ സമ്മതമില്ലാതെ ലൈംഗിക കേളികളിലേര്‍പ്പെട്ടുവെന്ന് പബ്ലിക് പ്രോസിക്യൂഷന്‍ കോടതിയില്‍ പറഞ്ഞു. മാനേജര്‍ യുവതികളെ അടുത്തു വിളിച്ച് മടിയിലിരുത്തുകയും ശരീരത്തില്‍ പലയിടത്തും സ്പര്‍ശിക്കുകയും ചുംബിക്കുകയും ചെയ്‌തെന്നാണ് പരാതി. വഴങ്ങാതിരിക്കുകയോ സംഭവം പോലീസിനെ അറിയിക്കുകയോ ചെയ്താല്‍ വീസ റദ്ദാക്കി മടക്കി അയക്കുമെന്ന് മാനേജര്‍ ഭീഷണിപ്പെടുത്തിയാതായും യുവതികളുടെ പരാതിയില്‍ പറയുന്നു.
സംഭവത്തില്‍ കുറ്റാരോപിതനായ മാനേജര്‍ കോടതിയില്‍ കുറ്റം സമ്മതിച്ചു. എന്നാല്‍ ഇവരുടെ സമ്മതത്തോടെയാണ് ലൈംഗിക കേളിയിലേര്‍പ്പെട്ടതെന്നും ഇദ്ദേഹം കോടതിയില്‍ പറഞ്ഞു. ഇരുവരും സ്വമേധയാ വഴങ്ങുകയായിരുന്നെന്നും ഭീഷണിപ്പെടുത്തിയിട്ടില്ലെന്നും മാനേജര്‍ക്കു വേണ്ടി ഹാജരായ അഭിഭാഷകന്‍ വാദിച്ചു. കുറ്റാരോപിതനായ അറബ് മാനേജരെ കുടുക്കാന്‍ ലോണ്ടിയിലെ മുന്‍ മാനേജര്‍ കെട്ടിച്ചമച്ച കേസാണിതെന്നും പ്രതിഭാഗം വാദിച്ചു. പരാതിക്കാരികളായ രണ്ടു യുവതികളേയും ജോലിയില്‍ നിയമിച്ചത് മുന്‍ മാനേജരായിരുന്നെന്നും കുറ്റാരോപിതനായ ഇപ്പോഴത്തെ മാനേജരുമായി ഇയാ്ള്‍ ഒന്നര വര്‍ഷമായി ഉടക്കിലാണെന്നും അഭിഭാഷകന്‍ പറഞ്ഞു. കേസ് വീണ്ടും പരിഗണിക്കുന്നതിന് സെപ്തംബര്‍ 26ലേക്ക് മാറ്റി.