കഴിഞ്ഞ ദിവസം തൃശൂരിലെ കേരള വർമ കോളേജിലെത്തിയ ചാനൽ സംഘവുമായി കുട്ടികൾ അവരുടെ രാഷ്ട്രീയം പങ്ക് വെക്കുന്നത് കേൾക്കാനിടയായി. രാഷ്ട്രീയം പറഞ്ഞവരെല്ലാം ഒരെയൊരാളിൽ അവരുടെ പ്രതീക്ഷ ഇറക്കിവെക്കുന്നു. അതെ, വാർധക്യം കാർന്നു തിന്നു തുടങ്ങിയ നിതീഷുമാരിലല്ല ഇന്ത്യയുടെ ഭാവി, പ്രായം കൊണ്ടും ചിന്ത കൊണ്ടും യുവാവായ രാഹുൽ ബ്രിഗേഡിലാണ്. അതുകൊണ്ടാണ് മുതിർന്ന നേതാവായ ഖാർഗെ പറഞ്ഞത് - പോകുന്നവർ പോകട്ടെ എന്ന്.
ബിഹാർ സോഷ്യലിസ്റ്റ് കുടുംബത്തിലെ അംഗമായ നിതീഷ് കുമാറിന്റെ (വിളിപ്പേര് മുന്ന) ഏറ്റവും പുതിയ രാഷ്ട്രീയമാറ്റത്തിലും അദ്ദേഹത്തിന്റെ പാർട്ടിയുടെ ചരിത്രമറിയുന്നവരാരും അതിശയിക്കുമെന്ന് തോന്നുന്നില്ല. ചാഞ്ചാട്ടം സോഷ്യലിസ്റ്റുകളുടെ കൂടപ്പിറപ്പാണ്. അഭിപ്രായം ഉള്ളതുകൊണ്ടല്ലെ ഞങ്ങളത് മാറുന്നത് എന്നവർ ഈ മാറ്റങ്ങൾക്ക് മറുകുറിപ്പെഴുതും. ന്യായം പറഞ്ഞ് തോൽപിക്കും. പത്രസമൂഹത്തിന്റെ പ്രിയപ്പെട്ട അഭിഭാഷക നേതാവായ തമ്പാൻ തോമസിനെ പോലുള്ളവരോട് സംസാരിച്ചു നോക്കിയാലറിയാം സോഷ്യലിസ്റ്റ് നിലപാടിന്റെ ചൂട്. അഭിപ്രായം ഇരുമ്പുലക്കയല്ലെന്ന് കേരളത്തെ പഠിപ്പിച്ചത് സോഷ്യലിസ്റ്റുകളല്ല ഇ. എം.എസായിരുന്നുവെന്നത് മറ്റൊരു കാര്യം. ജെ.പി എന്നറിയപ്പെട്ട ജയപ്രകാശ് നാരായണിലേക്ക് വേരിറങ്ങിക്കിടക്കുന്ന പാർട്ടിയാണ് നിതീഷിന്റേത്. ജയപ്രകാശ് പോലും എത്ര മാത്രം സന്ദേഹിയായിരുന്നുവെന്ന് ഇന്ദിരാഗാന്ധി സുഹൃത്തിനയച്ച കത്തിൽ എഴുതിയതായി ചരിത്രകാരനായ രാമചന്ദ്രഗുഹ ഉദ്ധരിച്ചിട്ടുണ്ട്. ജയപ്രകാശ് പദവി കാംക്ഷിക്കാത്തയാളായിരുന്നുവെന്നത് അസംബന്ധമായാണ് ഇന്ദിരാഗാന്ധി വിലയിരുത്തിയത്. അധികാര മോഹത്തിനും രക്തസാക്ഷി പുണ്യാളൻ എന്നൊക്കെയുള്ള പ്രതിഛായ ഉണ്ടാകണമെന്നും അദ്ദേഹം ആഗ്രഹിച്ചു. ഇതിനെല്ലാം ഇടയിൽ കിടന്ന് അദ്ദേഹത്തിന്റെ മനസ്സ് വലിഞ്ഞു മുറുകിയതായി ഇന്ദിരാഗാന്ധി നിരീക്ഷിച്ചിട്ടുണ്ട്- എല്ലാറ്റിനുമുപരി ജവാഹർ ലാൽ നെഹ്‌റുവിനോടുള്ള അസൂയയും. നിരീക്ഷണങ്ങളൊക്കെ ശരിവെക്കുന്നതാണ് ജെ.പിയുടെ അനുയായികളിൽ കാലാകാലം വന്നുകൊണ്ടിരുന്ന മാറ്റങ്ങൾ.
ജെ.പിക്കു പിന്നാലെ സംയുക്ത സോഷ്യലിസ്റ്റ് പാർട്ടിയുടെ പ്രസിഡന്റായ കർപ്പൂരി താക്കൂർ ഈ പറഞ്ഞ വിഭാഗത്തിന്റെയെല്ലാം കൺകണ്ട നേതാവായിരുന്നു. ലാലു പ്രസാദ് യാദവ്, രാം വിലാസ് പാസ്വാൻ, ദേവേന്ദ്ര പ്രസാദ് യാദവ് , നിതീഷ് കുമാർ എന്നിവരെയെല്ലാം താക്കൂർ മുന്നിൽ നിന്നു നയിച്ചു. ഈ പറഞ്ഞ കർപ്പൂരി താക്കൂറിന് മരണാനന്തര ബഹുമതിയായി ഭാരത രത്‌ന നൽകാൻ ബി.ജെ.പി സർക്കാർ കൈക്കൊണ്ട തീരുമാനത്തിന് പിന്നിലും നിതീഷിനുള്ള ചൂണ്ടയുണ്ടായിരുന്നിരിക്കണം. അങ്ങനെ ഒരു ചൂണ്ടയിട്ടില്ലെങ്കിലും ചാടാൻ സമയമാകുമ്പോൾ അദ്ദേഹം ഉദ്ദേശിച്ച വഴിക്ക് പോകുമായിരുന്നു. ഒരു ഒരുയാഥാർഥ്യമുണ്ട്. നിതീഷ് പ്രതിനിധാനം ചെയ്യുന്ന രാഷ്ട്രീയവും അതിലണി നിരന്ന നേതാക്കളിൽ ഭൂരിപക്ഷവും കോൺഗ്രസ് വിരുദ്ധത രക്തത്തിൽ അലിഞ്ഞവരാണ്. അതിനവർക്ക് മതിയായ കാരണവുണ്ടാകാം. ജെ.പിയുണ്ടാക്കിയ പാർട്ടിയെയും അവരുടെ സർക്കാരുകളെയും നാനാവിധമാക്കിയത് ഇന്ദിരാഗാന്ധിയുടെ നേതൃത്വത്തിലുള്ള കോൺഗ്രസായിരുന്നു. ജനതാപാർട്ടി ഇന്ദിരയാൽ തകർക്കപ്പെടുന്നത് കണ്ട് മനം നൊന്ത് ജെ.പി തന്റെ പ്രിയപ്പെട്ടവർക്ക് നിരന്തരം കത്തെഴുതിയിരുന്നു. ഇതെല്ലാം കണ്ട് 1979 ഒക്ടോബറിൽ ജെ.പി അന്തരിച്ചു. ഈ പറഞ്ഞ വിധം ജെ.പി വിരുദ്ധതയുടെയൊക്കെ അംശം രക്തത്തിലുള്ള കോൺഗ്രസിന്റെ പൈതൃകം കൂടെ കൊണ്ടുനടക്കുന്ന താര തമ്യേന യുവാവും പോരാളിയുമായ രാഹുൽ ഗാന്ധിയുടെ ഭാരത് ന്യായ് യാത്ര ബിഹാറിൽ പ്രവേശിക്കുന്നതിന്റെ തൊട്ടുമുമ്പുള്ള ദിവസം തന്നെ ബി.ജെ.പി പാളയത്തിലേക്ക് പോയ നിതീഷിന്റെ ലക്ഷ്യം രാഹുലിന്റെ മുന്നേറ്റം ആവും വിധം തടയലുമായിരിക്കാം. വർഗീയതക്കെതിരായ പോരാട്ടത്തിൽ ഇന്ത്യയിൽ വിശ്വസിക്കാൻ കൊള്ളാവുന്ന ഏക നേതാവ് രാഹുൽ ഗാന്ധിയാണെന്ന പ്രതിഛായയുമായി അസമും ബംഗാളും ബിഹാറും കടന്ന് കൊടുങ്കാറ്റായി കടന്നു വരുന്നത് വാർധക്യത്തിലേക്ക് കാലൂന്നിയ നിതീഷ് കുമാറിനെ പോലുള്ളവരെ പ്രയാസപ്പെടുത്തുന്നത് സ്വാഭാവികം. പോകേണ്ടവർ പോകട്ടെ എന്ന കോൺഗ്രസ് നേതാവ് ഖാർഗെയുടെ ചാഞ്ചാട്ടമില്ലാത്ത വാക്കുകൾ പുകഞ്ഞ കൊള്ളി പുറത്ത് എന്ന സന്ദേശമാണ് നൽകിയത്.
യു.പിയും ബിഹാറുമാണ് ഇന്ത്യയുടെ ഭരണ ഭാവി തീരുമാനിക്കുന്ന സംസ്ഥാനങ്ങൾ. യു.പി പോലെയല്ല ബിഹാർ എന്ന് സംഘ് പരിവാറിനെ ആരും പഠിപ്പിക്കേണ്ടതില്ല. അവിടെ അവർക്ക് സഖ്യം അനിവാര്യമാണ്. പലവിധ പോരാട്ടങ്ങൾ വേരിറങ്ങിയ ഭൂമി. ഒരു കാലത്ത് നക്‌സലുകൾ അടക്കി വാണ പ്രദേശങ്ങൾ നിറഞ്ഞ നാട്. ഭാവിയെ കുറിച്ചുള്ള ആശങ്ക തന്നെയാണ് ബി.ജെ.പിയെയും അലട്ടുന്നത്. നിതീഷിന്റെ തിരിച്ചുവരവ് ഗുണം ചെയ്യുമോ എന്ന ആശങ്ക എൻ.ഡി.എയിലും പടരുന്നുണ്ട്. അടുത്ത ദിവസങ്ങളിൽ എൻ.ഡി.എ ഘടക കക്ഷികളുടെ പരസ്യ നിലപാട് പുറത്തുവന്നു കൂടായ്കയില്ല. ഇന്ത്യ മുന്നണിക്ക് ക്ഷീണമായി എന്ന വിലയിരുത്തലും പൂർണമായി ശരിയല്ല. നിതീഷ് മറു കണ്ടം ചാടുന്നത് ലോക്‌സഭ തെരഞ്ഞെടുപ്പ് കൊടുമ്പിരിക്കൊള്ളുന്ന ഘട്ടത്തിലായിരുന്നുവെങ്കിൽ വലിയ ആഘാതമാകുമായിരുന്നു. ഇനി അതല്ല ഇന്ത്യ മുന്നണി ജയിച്ചിട്ടായിരുന്നുവെങ്കിലോ? നേരത്തെ കാലത്തെ തീരുമാനമായത് നല്ല കാര്യം എന്നുറപ്പിക്കാൻ ഇതൊക്കെ തന്നെ ധാരാളം. ഇന്ത്യ മുന്നണിയുടെ ചെങ്കോലും കിരീടവുമെല്ലാം നിതീഷിനെ ഏൽപിക്കാനുള്ള നീക്കത്തെ എതിർത്തത് രാഹുൽ ഗാന്ധിയായിരുന്നുവെന്ന വാർത്തയുണ്ടായിരുന്നു- അതെത്ര നന്നായി എന്ന് ആശ്വസിക്കാൻ നിതീഷിന്റെ പുതിയ നടപടി തന്നെ ധാരാളം. കഴിഞ്ഞ ദിവസം തൃശൂരിലെ കേരള വർമ കോളേജിലെത്തിയ ചാനൽ സംഘവുമായി
കുട്ടികൾ അവരുടെ രാഷ്ട്രീയം പങ്ക് വെക്കുന്നത് കേൾക്കാനിടയായി. രാഷ്ട്രീയം പറഞ്ഞവരെല്ലാം ഒരെയൊരാളിൽ അവരുടെ പ്രതീക്ഷ ഇറക്കിവെക്കുന്നു. അതെ, വാർധക്യം കാർന്നു തിന്നു തുടങ്ങിയ നിതീഷുമാരിലല്ല ഇന്ത്യയുടെ ഭാവി, പ്രായം കൊണ്ടും ചിന്ത കൊണ്ടും യുവാവായ രാഹുൽ ബ്രിഗേഡിലാണ്. അതുകൊണ്ടാണ് മുതിർന്ന നേതാവായ ഖാർഗെ പറഞ്ഞത് - പോകുന്നവർ പോകട്ടെ എന്ന്.